Thursday, February 23, 2012

ബംഗാള്‍ : രാജ്യവ്യാപക പ്രതിഷേധം ഉയര്‍ത്തുക- പി ബി

പശ്ചിമബംഗാളില്‍ പാര്‍ടി നേതാക്കളായ പ്രദീപ് താ, കമല്‍ ഗായേന്‍ എന്നിവരെ കൊലപ്പെടുത്തിയ തൃണമൂല്‍ ക്രിമിനലുകളുടെ നടപടിയില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രതിഷേധിച്ചു. അക്രമത്തിലൂടെ രാഷ്ട്രീയ എതിരാളികളെ നിഷ്കാസനം ചെയ്യാനുള്ള തൃണമൂല്‍ സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ രാജ്യത്താകെ പ്രതിഷേധമുയരണമെന്നും പിബി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

ബംഗാളില്‍ മമത സര്‍ക്കാരിനെതിരായ ശക്തമായ രോഷമാണ് ഉയരുന്നത്. ഫെബ്രുവരി 19ന് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന കൂറ്റന്‍റാലി മമത സര്‍ക്കാരിനെതിരായ പ്രതിഷേധമായിരുന്നു. ഈ റാലിയാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്. രാഷ്ട്രീയ എതിരാളികളെ കൂട്ടത്തോടെ വകവരുത്തുന്ന സമീപനത്തിനെതിരെ ജനാധിപത്യ വിശ്വാസികളെല്ലാം രംഗത്തുവരണം. 28ന് എല്ലാ ട്രേഡ്യൂണിയനുകളും ചേര്‍ന്ന് നടത്തുന്ന പണിമുടക്കിന്റെ പ്രചാരണാര്‍ഥം നടത്തിയ പ്രകടനം നയിക്കവെയാണ് നേതാക്കള്‍ കൊല്ലപ്പെട്ടത്. എന്തു വിലകൊടുത്തും പണിമുടക്ക് പൊളിക്കുമെന്ന നിലപാടിന്റെ ഭാഗമാണ് ആക്രമണം.

മമത സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 58 സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ സംവിധാനംകൂടി ഉപയോഗിച്ചാണ് ക്രിമിനല്‍വാഴ്ച. ഇത് വച്ചുപൊറുപ്പിക്കാനാവില്ല. തൃണമൂല്‍ അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ രാജ്യത്തെ സിപിഐ എം ഘടകങ്ങളോട് പിബി ആഹ്വാനംചെയ്തു. സംഭവത്തില്‍ സിഐടിയു ശക്തിയായി പ്രതിഷേധിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നത് കാട്ടാളഭരണമാണ്. ജനാധിപത്യ സങ്കല്‍പ്പത്തെതന്നെ അട്ടിമറിക്കുന്ന മമത സര്‍ക്കാരിന്റെ കിരാത ഭരണത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും സിഐടിയു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 230212

1 comment:

  1. പശ്ചിമബംഗാളില്‍ പാര്‍ടി നേതാക്കളായ പ്രദീപ് താ, കമല്‍ ഗായേന്‍ എന്നിവരെ കൊലപ്പെടുത്തിയ തൃണമൂല്‍ ക്രിമിനലുകളുടെ നടപടിയില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രതിഷേധിച്ചു. അക്രമത്തിലൂടെ രാഷ്ട്രീയ എതിരാളികളെ നിഷ്കാസനം ചെയ്യാനുള്ള തൃണമൂല്‍ സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ രാജ്യത്താകെ പ്രതിഷേധമുയരണമെന്നും പിബി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

    ReplyDelete