Sunday, February 19, 2012

മരുന്നു കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്താശയോടെ

സ്പിരിറ്റ് കച്ചവടത്തെ തോല്‍പ്പിക്കുന്ന വിധത്തില്‍ സംസ്ഥാനത്ത് മരുന്നുകമ്പനികള്‍  കൊള്ളലാഭം കൊയ്ത് കൊഴുത്ത് വളരുന്നു. ഇതിനെ നിയന്ത്രിക്കേണ്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മരുന്ന് കമ്പനികള്‍ക്ക്  ഓശാന പാടുന്നു. ഇതാണ് സംസ്ഥാനത്തെ ഔഷധ വിപണിയുടെ അവസ്ഥ.  ഒരു സര്‍ക്കാരിന്റെയും വരുതിയില്‍ വീഴാതെ, എന്നാല്‍ ഏത് സര്‍ക്കാരിനേയും വരുതിക്ക് നിര്‍ത്താന്‍ കഴിയുന്ന സ്വാധീനമുണ്ടെന്ന ധാര്‍ഷ്ഠ്യത്തില്‍ രോഗപീഡ കൊണ്ടു വലയുന്ന സാധാരണക്കാരെ അക്ഷരാര്‍ഥത്തില്‍ പിഴിയുകയാണ് മരുന്ന് കമ്പനികള്‍.

ജീവന്‍ രക്ഷാമരുന്നുകളുടെയെങ്കിലും വില കുറയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിക്കുന്ന കമ്പനികളെ വരുതിയിലാക്കുമെന്നാണ് പൊതുവേയുള്ള അഭിപ്രായം അഥവാ സമൂഹത്തിന്റെ ചിരകാലാഭിലാഷം. നിലവാരം കുറഞ്ഞ മരുന്നുകള്‍ ഉല്‍പ്പാദിച്ച് കൊള്ളലാഭത്തിന് വില്‍ക്കുന്ന ചെറുകിട കമ്പനികളും ദേശാന്ത്ര സ്വാധീനമുള്ള ബഹുരാഷ്ട്ര മരുന്നുകമ്പനികളും തമ്മിലുള്ള മത്സരം കാര്‍ന്ന് തിന്നുന്നത് ഒരു സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയെ. മരുന്നുകമ്പനികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ഒരു പരിധിവരെ കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സ്ഥിതി ആകെ മാറി. മരുന്നുകമ്പനികള്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സ്ഥിതി സംജാതമായി. ഇതിന്റെയൊക്കെ തിക്തഫലം അനുഭവിക്കുന്നത് പാവം രോഗികളും അവരുടെ ബന്ധുക്കളും.

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് വാങ്ങുന്നതിനും വില്‍ക്കുന്നതിനും സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാകുന്ന തരത്തില്‍ ചില നടപടികള്‍ കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. പുതുതായി അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരും അതേ വഴിക്ക് തന്നെയാണ് നീങ്ങുന്നതെന്നാണ് പ്രസ്താവന. എന്നാല്‍ യാഥാര്‍ഥ്യം ഇതിന് വിരുദ്ധമാണ്. പുതിയ സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പദ്ധതിയില്‍പ്പെടുത്തി ജീവന്‍രക്ഷാ മരുന്നുകളുടെ വില കുറയ്ക്കുമെന്ന് വീമ്പു പറഞ്ഞെങ്കിലും മരുന്നു കമ്പനികള്‍ സര്‍ക്കാര്‍ നീക്കം അട്ടിമറിച്ചു. പകര്‍ച്ചപ്പനികളും മാരകമായ രോഗങ്ങളുംകൊണ്ടു ജനങ്ങള്‍ പൊറുതി മുട്ടിയ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെങ്കിലും മരുന്നു കമ്പനികളുടെ കൊള്ള നിയന്ത്രിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനായില്ല. എന്നിട്ടും അവ നിയന്ത്രിക്കുമെന്ന പ്രസ്താവന ആവര്‍ത്തിക്കുമ്പോള്‍ അതില്‍ ഒട്ടും ആശ്വാസമല്ല, മറിച്ച് ആശങ്കകളാണ് രോഗികള്‍ക്ക് ഉണ്ടായിട്ടുള്ളത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍ വാങ്ങാനും വില്‍ക്കാനുമുള്ള ചുമതല  കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ്. എന്നാല്‍, കോര്‍പ്പറേഷന്റെ  മരുന്നു കച്ചവടവുമായി കമ്പനിക്കാര്‍ സഹകരിക്കുന്നില്ല. ഏതാനും മാസം മുന്‍പുവരെ വെറും 70 പൈസയ്ക്കു ലഭിച്ചിരുന്ന ഒരു ഗുളികയോടൊപ്പം വൈറ്റമിന്‍ കോംബിനേഷന്‍ കലര്‍ത്തി 77 രൂപയ്ക്ക് വിറ്റ് എലിപ്പനി ബാധിതരെ കൊള്ളയടിച്ചു.

കേരളത്തില്‍ സര്‍വസാധാരണമായി ക്യാന്‍സര്‍ ചികിത്സയ്ക്ക് അവശ്യം വേണ്ട എട്ട് ഔഷധങ്ങളുടെ വിലയെങ്കിലും കുറയ്ക്കണമെന്ന് ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതും നടപ്പായില്ല.  ഈ ആവശ്യം നടപ്പായാല്‍ ഇപ്പോള്‍ 14,000 രൂപയ്ക്ക് ലഭിക്കുന്ന വിന്‍ക്രിസിന്‍, സിസ്പ്ലാറ്റിന്‍ ഉള്‍പ്പടെയുള്ള   ജീവന്‍ രക്ഷാ മരുന്ന് മൂവായിരം രൂപക്ക്  ലഭിക്കും. ഔഷധ കമ്പനി അധികൃതര്‍ തന്നെയാണ് ഈ കണക്ക് പറയുന്നത്.

സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും വിതരണം ചെയ്യുന്ന മരുന്നുകള്‍ ഗുണമേന്മ കുറഞ്ഞവയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. കേന്ദ്ര സര്‍ക്കാരിന്   ഇതേക്കുറിച്ച് അറിയാമെങ്കിലും നിര്‍മാതാക്കള്‍ക്കെതിരേ നടപടി കൈക്കൊള്ളാന്‍ അവര്‍ മടിക്കുന്നു. ഇതാണ് ഔഷധമേഖലയിലെ താന്തോന്നിത്തങ്ങള്‍ക്കുള്ള മുഖ്യകാരണം. മരുന്ന് കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്  കേന്ദ്ര സര്‍ക്കാരാണ്. ഔഷധ വില നിശ്ചയിക്കാനുള്ള അധികാരവും കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.  എന്നാല്‍ തങ്ങളില്‍ നിഷിപ്തമായ അധികാരങ്ങള്‍ വേണ്ട വിധത്തില്‍ ഉപയോഗിച്ച് മരുന്നുകള്‍ വിലകുറച്ച് ലഭ്യമാക്കുന്നതിന് പകരം മരുന്ന് കമ്പനികള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

സംസ്ഥാനത്ത് അവശ്യം വേണ്ട ജീവന്‍രക്ഷാ മരുന്നുകളുടെ പട്ടിക തയ്യാറാക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രം മുതലുള്ള ഡോക്റ്റര്‍മാരോട്  നിര്‍ദേശിച്ചെങ്കിലും ഭൂരിഭാഗം പേരും ഇനിയും നല്‍കിയില്ല. ഈ പട്ടിക ലഭിച്ചിരുന്നെങ്കില്‍ മരുന്നു കമ്പനികളില്‍ നിന്ന് അവ നേരിട്ട് വാങ്ങി വിതരണം ചെയ്യാന്‍ കഴിയുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ സാധാരണ ഔഷധങ്ങള്‍ക്ക് 90 ശതമാനം വരെ വില കുറച്ചു വില്‍ക്കാന്‍ കഴിയുമായിരുന്നു. കോംബിനേഷന്‍ മരുന്നുകളും 50 ശതമാനം വരെ വിലകുറച്ചും വില്‍ക്കാമായിരുന്നു. കൊള്ളലാഭം കൊയ്യുന്ന മരുന്നു കമ്പനികളും ഇടനിലക്കാരും മെഡിക്കല്‍ ഷോപ്പ് ഉടമകളും കമ്മിഷന്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ഡോക്റ്റര്‍മാരുമൊക്കെ ചേര്‍ന്നുള്ള ഒത്തുകളിയാണ് ഔഷധവിപണിയിലെ കൊള്ളയ്ക്കു കാരണമെന്ന് ഇതില്‍ നിന്നും  വ്യക്തം.

janayugom 190212

1 comment:

  1. സ്പിരിറ്റ് കച്ചവടത്തെ തോല്‍പ്പിക്കുന്ന വിധത്തില്‍ സംസ്ഥാനത്ത് മരുന്നുകമ്പനികള്‍ കൊള്ളലാഭം കൊയ്ത് കൊഴുത്ത് വളരുന്നു. ഇതിനെ നിയന്ത്രിക്കേണ്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മരുന്ന് കമ്പനികള്‍ക്ക് ഓശാന പാടുന്നു. ഇതാണ് സംസ്ഥാനത്തെ ഔഷധ വിപണിയുടെ അവസ്ഥ. ഒരു സര്‍ക്കാരിന്റെയും വരുതിയില്‍ വീഴാതെ, എന്നാല്‍ ഏത് സര്‍ക്കാരിനേയും വരുതിക്ക് നിര്‍ത്താന്‍ കഴിയുന്ന സ്വാധീനമുണ്ടെന്ന ധാര്‍ഷ്ഠ്യത്തില്‍ രോഗപീഡ കൊണ്ടു വലയുന്ന സാധാരണക്കാരെ അക്ഷരാര്‍ഥത്തില്‍ പിഴിയുകയാണ് മരുന്ന് കമ്പനികള്‍.

    ReplyDelete