പൊതു വിദ്യാഭ്യാസരംഗത്ത് ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അധ്യാപകര്‍ ശ്രമിക്കണമെന്ന് ആര്‍ വി ജി മേനോന്‍ ആവശ്യപ്പെട്ടു. എ കെ എസ് ടി യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതലായി അഴിമതി നടക്കുന്നത് പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലാണ്. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്നാണ് ഈ അഴിമതികളുടെയെല്ലാം ആരംഭം. സ്വകാര്യ സ്‌കൂളുകള്‍ ലക്ഷങ്ങള്‍ കോഴയായി വാങ്ങിയാണ് അധ്യാപകരെ നിയമിക്കുന്നത്. അഴിമതി എന്ന കാന്‍സര്‍ വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്നിടത്തോളം ഈ രംഗത്ത് മൂല്യവിദ്യാഭ്യാസം കടന്നുവരില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്ന ബോര്‍ഡുവച്ച് കൂണുകള്‍പോലെ നിരവധി സ്‌കൂളുകള്‍ ദിവസവും നാട്ടില്‍ ഉയര്‍ന്നുവരുന്നുണ്ട്. മിക്ക സ്‌കൂളുകളിലും ശാസ്ത്രീയമായ രീതിയില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ കഴിവുള്ള അധ്യാപകര്‍ ഉണ്ടാവാറില്ല. ഇവിടെ പഠിക്കുന്ന കുട്ടികള്‍ ഒടുവില്‍ ഇംഗ്ലീഷും മലയാളവും നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിപ്പെടും. മലയാളം മീഡിയത്തില്‍ പഠിക്കുന്ന കുട്ടികളെ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുന്ന പല പദ്ധതികളും നമ്മുടെ നാട്ടില്‍ ആവിഷ്‌കരിക്കപ്പെടുന്നുണ്ടെങ്കിലും അവ ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നില്ല. ഇത്തരം പദ്ധതികള്‍ സംസ്ഥാന വ്യാപകമായി ദീര്‍ഘകാലടിസ്ഥാനത്തില്‍ നടപ്പിലാക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകര്‍ക്കായി ആസൂത്രിതമായ പൊതുപരിശീലന പരിപാടികള്‍ അരങ്ങേറുന്നുണ്ട്. എന്നാല്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം പരിശീലനങ്ങളൊന്നും നടപ്പിലാക്കപ്പെടുന്നില്ല. ഇതുമൂലം സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ വിദ്യാഭ്യാസ രംഗത്ത് അവതരിപ്പിക്കപ്പെടുന്ന പുതിയ പരീക്ഷണങ്ങളെ വ്യക്തമായി മനസിലാക്കാതെ അത് പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന അപകടകരമായ സാഹചര്യം ഇവിടെ നിലനില്‍ക്കുന്നു.
കുട്ടികള്‍ അധ്യാപകരെ ബഹുമാനിക്കും പോലെ അധ്യാപകര്‍ കുട്ടികള്‍ക്ക് തിരിച്ചും ബഹുമാനം നല്‍കണം. വിദ്യാഭ്യാസ രംഗത്തെ വ്യവസ്ഥിതികള്‍ മോശമാണെന്ന് ആരോപിച്ച് അധ്യാപകര്‍ വിദ്യാര്‍ഥികളെ കയ്യൊഴിയുകയും തങ്ങളുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുന്ന പ്രവണത അധ്യാപനരംഗത്ത് നിലനില്‍ക്കുന്നുണ്ട്. ഇതിനൊരു മാറ്റം കൊണ്ടുവരാന്‍ അധ്യാപക സംഘടനകള്‍ക്ക് കഴിയും. അദ്ദേഹം അഭിപ്രായപ്പെട്ടു.
സമൂഹത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവുമായ വൈകല്യങ്ങലെ അകറ്റി മാതൃകസമൂഹം രൂപപ്പെടുത്തിയെടുക്കാന്‍ വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തണമെന്ന് വി ശശി എം എല്‍ എ അഭിപ്രായപ്പെട്ടു. വളരെ സങ്കീര്‍ണ്ണമായ ഇന്നത്തെ സമൂഹത്തില്‍ അതിജീവിക്കാനും നിലനില്‍ക്കാനും വിദ്യാര്‍ഥികളെ രൂപപ്പെടുത്തിയെടുക്കലാവണം അധ്യാപനത്തിന്റെ ധര്‍മ്മമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ആര്‍ ചന്ദ്രമോഹന്‍, എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി ടി പ്രകാശന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ മാത്യു, എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി കെ പി സന്ദീപ്, കേരള മഹിളാസംഘം വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ഇന്ദിര രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
janayugom 190212
No comments:
Post a Comment