Saturday, February 18, 2012

യോഗത്തില്‍ എ- ഐ തമ്മിലടിച്ചു മുതിര്‍ന്ന നേതാക്കള്‍ ഓടി രക്ഷപ്പെട്ടു

മുഖ്യമന്ത്രിയുടെ പരിപാടി വിജയിപ്പിക്കാന്‍ വിളിച്ച യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസുകാര്‍ ചേരിതിരിഞ്ഞ് അടിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാംദേവിന് പൊതിരെതല്ല്. മുതിര്‍ന്ന നേതാക്കള്‍ ഓടിരക്ഷപ്പെട്ടു. എ-ഐ ഗ്രൂപ്പുപോരാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കൂട്ടത്തല്ലിനുശേഷം കോണ്‍ഗ്രസ് എ വിഭാഗം യോഗം ബഹിഷ്കരിച്ചതോടെ യോഗം കൂടാനാകാതെ ഐ വിഭാഗം പിരിഞ്ഞുപോയി.

വിഴിഞ്ഞം തുറമുഖപദ്ധതിക്കായി വെള്ളായണി കായല്‍ സ്രോതസ്സാക്കിയുള്ള കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം നടക്കും. ഇതിന്റെ വിജയത്തിനായുള്ള സംഘാടകസമിതിയോഗമാണ് കോണ്‍ഗ്രസ് തമ്മിലടി യോഗമായത്. മുന്‍ ജില്ലാപഞ്ചായത്ത് അംഗം ആഗ്നസ് റാണിയുടെ വീട്ടില്‍ "ഐ"വിഭാഗം "എ"വിഭാഗത്തെ അറിയിക്കാതെ രഹസ്യയോഗം വിളിച്ചുവെന്നാരോപിച്ചായിരുന്നു ബഹളം ആരംഭിച്ചത്. കോണ്‍ഗ്രസ് കാഞ്ഞിരംകുളം ബ്ലോക്ക് പ്രസിഡന്റ് സാംദേവായിരുന്നു യോഗം വിളിച്ചത്. എന്നാല്‍ , യോഗവിവരം യുഡിഎഫ് കോവളം നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ , മുന്‍ എംഎല്‍എ ജോര്‍ജ് മെഴ്സിയര്‍ , കണ്‍വീനര്‍ സിഎംപിയിലെ മുട്ടയ്ക്കാട് രവീന്ദ്രന്‍നായര്‍ എന്നിവരെ അറിയിച്ചിരുന്നില്ല. ഡിസിസി ജനറല്‍ സെക്രട്ടറി കോളിയൂര്‍ ദിവാകരന്‍ , കോവളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വെങ്ങാനൂര്‍ ശ്രീകുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

യോഗം ആരംഭിച്ചതോടെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍ എ വിഭാഗം നേതാക്കളെ വിളിക്കാത്തതില്‍ പ്രതിഷേധിച്ച് യോഗ നടപടി ബഹിഷ്കരിച്ച് ബഹളം ആരംഭിച്ചു. ഐ വിഭാഗവും എ വിഭാഗത്തിലെ സാംദേവ് ഗ്രൂപ്പും പ്രതിരോധിക്കാന്‍ എത്തിയതോടെയാണ് പ്രശ്നം സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇതിനിടയില്‍ ഡിസിസി ആക്ടിങ് പ്രസിഡന്റ് ജറോം അടക്കം ചില മുതിര്‍ന്ന നേതാക്കള്‍ ഓടി രക്ഷപ്പെട്ടിരുന്നു. പ്രശ്നം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ യോഗനടപടികള്‍ തുടരാനാകാതെ പിരിഞ്ഞുപോയി. എന്നാല്‍ , വിശാലയോഗം പിന്നീട് വിളിക്കുമെന്നുള്ള തീരുമാനത്തില്‍ യോഗനടപടി നിര്‍ത്തിവച്ചുവെന്നാണ് ഐ വിഭാഗവും എ വിഭാഗത്തിലെ ഒരു വിഭാഗവും അവകാശപ്പെട്ടത്.

deshabhimani 180212

1 comment:

  1. മുഖ്യമന്ത്രിയുടെ പരിപാടി വിജയിപ്പിക്കാന്‍ വിളിച്ച യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസുകാര്‍ ചേരിതിരിഞ്ഞ് അടിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാംദേവിന് പൊതിരെതല്ല്. മുതിര്‍ന്ന നേതാക്കള്‍ ഓടിരക്ഷപ്പെട്ടു. എ-ഐ ഗ്രൂപ്പുപോരാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കൂട്ടത്തല്ലിനുശേഷം കോണ്‍ഗ്രസ് എ വിഭാഗം യോഗം ബഹിഷ്കരിച്ചതോടെ യോഗം കൂടാനാകാതെ ഐ വിഭാഗം പിരിഞ്ഞുപോയി.

    ReplyDelete