Thursday, February 23, 2012

എന്‍ജിനിയറിങ്ങിന് ഏക പ്രവേശനപരീക്ഷയ്ക്ക് തത്വത്തില്‍ തീരുമാനം

എന്‍ജിനിയറിങ് പ്രവേശനത്തിന് ദേശീയതലത്തില്‍ അടുത്ത അധ്യയനവര്‍ഷംമുതല്‍ ഏക പ്രവേശന പരീക്ഷ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുടെ യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. സുപ്രധാന വിഷയമായിട്ടും കേരളം ഇക്കാര്യത്തില്‍ കേന്ദ്രത്തെ നിലപാട് അറിയിച്ചിട്ടില്ല. ഏക പ്രവേശന പരീക്ഷയ്ക്കുള്ള കരട് ചട്ടം മാനവശേഷി മന്ത്രാലയം രണ്ടുമാസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുക്കും. തുടര്‍ന്ന് സംസ്ഥാനങ്ങളുമായി വീണ്ടും ചര്‍ച്ചചെയ്ത് ഭേദഗതി വരുത്തിയശേഷമാകും പദ്ധതി നടപ്പാക്കുക. അതേസമയം, തമിഴ്നാട്, പശ്ചിമബംഗാള്‍ , ഒഡിഷ, ഹിമാചല്‍പ്രദേശ്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങള്‍ പുതിയ ശുപാര്‍ശ പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

നിലവിലുള്ള പ്രവേശന പരീക്ഷയുടെ പോരായ്മ പരിഹരിക്കുക, വിദ്യാര്‍ഥികളുടെ അമിതഭാരം ദൂരീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ ഏക പ്രവേശന പരീക്ഷയെന്ന രീതി മുന്നോട്ടുവയ്ക്കുന്നത്. ഏക പ്രവേശന പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് മാത്രമാണ് പ്രവേശനത്തിനായി പരിഗണിക്കുന്നത്. ബാക്കി 40 ശതമാനം പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പരിഗണിക്കുക. ജനറല്‍ ക്വാളിറ്റി ടെസ്റ്റ്, അഡ്വാന്‍സ്ഡ് ടെസ്റ്റ് എന്നിങ്ങനെ രണ്ടുഘട്ടങ്ങളായാണ് പ്രവേശന പരീക്ഷ. ജനറല്‍ ക്വാളിറ്റി ടെസ്റ്റ് പാസാകുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ പൂര്‍ണമായും പ്രവേശനം നല്‍കാം. അഡ്വാന്‍സ്ഡ് ടെസ്റ്റുകൂടി പാസാകുന്നവര്‍ക്ക് മാത്രമായിരിക്കും ഐഐടിപോലുള്ള മുന്തിയ സ്ഥാപനങ്ങളില്‍ പ്രവേശനം.

ഒമ്പതാംതരംമുതല്‍ അടുത്തവര്‍ഷം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പാക്കുന്നതിനുള്ള നാഷണല്‍ വൊക്കേഷണല്‍ എഡ്യൂക്കേഷണന്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് സംബന്ധിച്ചും യോഗം ചര്‍ച്ചചെയ്തു. ഓരോ സംസ്ഥാനത്തും അതത് സംസ്ഥാനത്തെ തൊഴില്‍സാധ്യത കണക്കിലെടുത്ത് തൊഴിലധിഷ്ഠിത കോഴ്സുകള്‍ നല്‍കുന്ന പദ്ധതിയാണിത്. ഒമ്പതാംതരംമുതല്‍ ഇത് ഐച്ഛികമായി സ്കൂളുകളില്‍ നടപ്പാക്കും. കമ്യൂണിറ്റി കോളജ് പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഒരു പ്രദേശത്ത് വ്യവസായ സ്ഥാപനമുണ്ടെങ്കില്‍ അതില്‍ തൊഴില്‍ ലഭിക്കുന്നതിന് പരിശീലനം നല്‍കുന്ന ഒരു കോളേജ് അതതു പ്രദേശത്ത് തുടങ്ങുന്ന പദ്ധതിയാണിത്. യോഗത്തില്‍ കേരളത്തില്‍നിന്ന് ഉന്നതവിദ്യാഭ്യാസ സ്പെഷ്യല്‍ സെക്രട്ടറി കെ ഡി ഗോവിന്ദന്‍കുട്ടി പങ്കെടുത്തു.

deshabhimani 230212

1 comment:

  1. എന്‍ജിനിയറിങ് പ്രവേശനത്തിന് ദേശീയതലത്തില്‍ അടുത്ത അധ്യയനവര്‍ഷംമുതല്‍ ഏക പ്രവേശന പരീക്ഷ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുടെ യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. സുപ്രധാന വിഷയമായിട്ടും കേരളം ഇക്കാര്യത്തില്‍ കേന്ദ്രത്തെ നിലപാട് അറിയിച്ചിട്ടില്ല. ഏക പ്രവേശന പരീക്ഷയ്ക്കുള്ള കരട് ചട്ടം മാനവശേഷി മന്ത്രാലയം രണ്ടുമാസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുക്കും. തുടര്‍ന്ന് സംസ്ഥാനങ്ങളുമായി വീണ്ടും ചര്‍ച്ചചെയ്ത് ഭേദഗതി വരുത്തിയശേഷമാകും പദ്ധതി നടപ്പാക്കുക. അതേസമയം, തമിഴ്നാട്, പശ്ചിമബംഗാള്‍ , ഒഡിഷ, ഹിമാചല്‍പ്രദേശ്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങള്‍ പുതിയ ശുപാര്‍ശ പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

    ReplyDelete