Thursday, February 23, 2012

ബര്‍ണാഡ്ഷായും ഐന്‍സ്റ്റീനും പിന്നെ കമ്യൂണിസ്റ്റ് പാര്‍ടിയും


ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരുടെ മോചനത്തിന് വിശ്വപ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട് ഐന്‍സ്റ്റൈന്‍ ഇടപെടുക, ലോകസാഹിത്യത്തിലെ പ്രതിഭാചക്രവര്‍ത്തിയായ ബര്‍ണാഡ്ഷായും എച്ച് ജി വെല്‍സും കമ്യൂണിസ്റ്റുകാര്‍ക്കായി ശബ്ദമുയര്‍ത്തുക.. പി സി ജോഷിയും മുസാഫിര്‍ അഹമ്മദും എസ് വി ഘാട്ടെയും അധികാരിയും അടക്കമുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ നായകരെ രക്ഷിക്കാന്‍ ഇവരൊന്നിച്ച് ആവശ്യപ്പെട്ടതറിയുക. ചരിത്രത്തിലെ ആവേശജനകവും വികാരഭരിതവുമായ ഒരുപാടേടുകള്‍ ഇന്നലെകളിലുണ്ട്. അതറിയാന്‍ , കാണാന്‍ , വായിക്കാന്‍ മാര്‍ച്ചില്‍ കോഴിക്കോട്ടേക്ക് വരിക. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ ചരിത്രപ്രദര്‍ശനം ഇന്നലെകളിലെ അറിയപ്പെടാത്ത ചരിത്രത്തിന്റെ നിലവറകള്‍ നിങ്ങള്‍ക്ക് തുറന്നുതരും. അഞ്ചിന് പ്രദര്‍ശനം ആരംഭിക്കും.

സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ മുഖ്യാധാരാ ചരിത്രപുസ്തകങ്ങളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും കാണില്ല. കാരണം കമ്യൂണിസ്റ്റുകാരെ അട്ടിമറിക്കാരും ചാരന്മാരുമായി സ്വാതന്ത്ര്യസമരകാലത്ത് മുദ്രകുത്താന്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗമുണ്ടായിരുന്നു. ബ്രിട്ടീഷ് പട്ടാളം വിപ്ലവകാരികളായ കമ്യൂണിസ്റ്റുകാര്‍ ശത്രുക്കളാണെന്ന് വിളംബരംചെയ്ത് വേട്ടയുമാരംഭിച്ചു. നമ്മുടെ ഔദ്യോഗിക ചരിത്രങ്ങളില്‍ അതിനാല്‍തന്നെ കമ്യൂണിസ്റ്റുകാര്‍ പ്രതിയായ മീററ്റ് ഗൂഢാലോചനാകേസ് വലിയ ഭീകരപ്രവര്‍ത്തനമായാണ് അവതരിപ്പിക്കപ്പെടാറ്. മീററ്റ് ഗൂഢാലോചനാ കേസ്, പെഷവാര്‍ ഗൂഢാലോചനാ കേസ്, കാണ്‍പൂര്‍ ഗൂഢാലോചനാ കേസ്... ചരിത്രപുസ്തകങ്ങളില്‍ വായിച്ചുപോയ ഈ കേസുകള്‍ എന്താണ്? കമ്യൂണിസ്റ്റുകാര്‍ എന്ത് ഗൂഢാലോചനയാണ് സംഘടിപ്പിച്ചത്. ഭീകരവാദികളും അട്ടിമറിക്കാരുമായി കമ്യൂണിസ്റ്റുകാരെ വേട്ടയാടിയതിന്റെ യാഥാര്‍ഥ്യമെന്ത്.... നിറംപിടിപ്പിച്ച നുണകള്‍ക്ക് പിന്നിലെ ചരിത്രവസ്തുതകളിതാ ശരിയായറിയാം, ചരിത്രപ്രദര്‍ശനത്തിലൂടെ. മുഖ്യധാരാചരിത്രങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ കെട്ടിഎഴുന്നള്ളിക്കുന്ന നുണകള്‍ ഇന്നത്തെ വലതുപക്ഷ മാധ്യമങ്ങളിലേതിലും ഭീകരമായിരുന്നു എന്ന് മനസിലാക്കാനും കാണ്‍പൂരിന്റെ, മീററ്റിന്റെ, പെഷവാറിന്റെ ഉള്ളറകള്‍ .... അന്ന് വേട്ടയാടപ്പെട്ട ധീരന്മാരുടെ വിശദാംശങ്ങള്‍ പഠിക്കാനും സഹായിക്കും പ്രദര്‍ശനം.

1929-ലാണ് മീററ്റ് ഗൂഢാലോചനാ കേസ്. ബ്രിട്ടീഷ് ചക്രവര്‍ത്തിയെ നിഷ്കാസിതനാക്കാന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. "ബോള്‍ഷെവിക് വിപത്ത്" തടയാന്‍ കമ്യൂണിസ്റ്റുകാര്‍ , തൊഴിലാളി-കര്‍ഷക പാര്‍ടി പ്രവര്‍ത്തകര്‍ , ദേശീയവാദികള്‍ എന്നിവരെ അറസ്റ്റുചെയ്യുകയായിരുന്നു. 31 പ്രതികളില്‍ 18 കമ്യൂണിസ്റ്റുകാര്‍ , 7 എഐസിസി മെമ്പര്‍മാര്‍ . മുസാഫിര്‍ അഹമ്മദ്, എസ് വി ഘാട്ടെ, ജി അധികാരി, എസ് എ ഡാങ്കെ, ബഞ്ചമിന്‍ ബ്രാഡ്ലി, ഫിലിപ്സ് പ്രാറ്റ്, പി സി ജോഷി എന്നിവര്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നു. ആല്‍ബര്‍ട് ഐന്‍സ്റ്റൈന്‍ , ഹാരോള്‍ഡ് ലാസ്കി, എച്ച് ജി വെല്‍സ്, ബര്‍ണാഡ് ഷാ, റൊമാന്‍ റോളങ് എന്നിവര്‍ പ്രതികളെ മോചിപ്പിക്കാനാവശ്യപ്പെട്ട് അന്ന് രംഗത്തുവന്നു. ഗാന്ധിജിയും നെഹ്റുവും പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കുന്നു. മോത്തിലാല്‍ നെഹ്റുവും മുഹമ്മദാലി ജിന്നയും അന്ന് കമ്യൂണിസ്റ്റുകാര്‍ക്കുവേണ്ടി കോടതിയില്‍ വാദിച്ചതും സ്വാതന്ത്ര്യസമരം തങ്ങളുടെ കുത്തകയാണെന്ന് ധരിക്കുന്നവര്‍ മൂടിവയ്ക്കുന്ന വസ്തുതകള്‍ . പെഷവാര്‍ , കാണ്‍പൂര്‍ ഗൂഢാലോചനാകേസുകളുടെ വിശദാംശങ്ങളും പ്രദര്‍ശനത്തിലുണ്ട്.

"തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയും വര്‍ത്തമാനവും" സെമിനാര്‍ നാളെ

വടകര: സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രേഡ് യൂണിയന്‍ സെമിനാര്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ അവകാശ പോരാട്ടങ്ങളുടെ വിള നിലമായ വടകരയില്‍ വെള്ളിയാഴ്ച നടക്കും.

1938ല്‍ കേളു ഏട്ടനും പി പി ശങ്കരനുമാണ് വടകരയിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ ഐക്യത്തൊഴിലാളി യൂണിയന്‍ രൂപീകരിക്കുന്നത്. 1944ല്‍ ഐക്യത്തൊഴിലാളി യൂണിയന്‍ നടത്തിയ ഐതിഹാസികമായ പണിമുടക്കിലൂടെ കേരളത്തില്‍ ആദ്യമായി ബോണസ് നേടിയെടുക്കാന്‍ കഴിഞ്ഞു. നേടിയെടുത്ത അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ ചരിത്രവും വികാസവും പരിശോധിക്കുന്ന ബഹുജന കൂട്ടായ്മയാണ് സെമിനാറിനോടനുബന്ധിച്ച് നടക്കുന്നത്.

സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ഹേമലത സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍ , സോഷ്യലിസ്റ്റ് ജനതാപാര്‍ടി ജനറല്‍ സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി, എളമരം കരീം എംഎല്‍എ, കെ ടി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പങ്കെടുക്കും. ബാലസംഘം വടകര ഏരിയാ കമ്മിറ്റിയുടെ ഗാനസദസ്സുമുണ്ടാകും. പരിപാടികള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി പ്രസിഡന്റ് എം പത്മനാഭന്‍ , കണ്‍വീനര്‍ കെ ശ്രീധരന്‍ , സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി കെ കുഞ്ഞിരാമന്‍ , ഏരിയാ കമ്മിറ്റി അംഗം ടി കെ അഷറഫ് എന്നിവര്‍ പങ്കെടുത്തു.

ചരിത്ര പ്രദര്‍ശനം: പേരുകള്‍ ക്ഷണിക്കുന്നു

കോഴിക്കോട്: സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ചരിത്ര പ്രദര്‍ശനത്തിന് അനുയോജ്യമായ പേരുകള്‍ പ്രദര്‍ശന കമ്മിറ്റി ക്ഷണിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും സമൂഹവികാസ വഴിയിലെ പ്രധാന സംഭവങ്ങളും ചിത്രീകരിക്കുന്ന പ്രദര്‍ശനം മാര്‍ച്ച് 5നാണ് ആരംഭിക്കുന്നത്. അന്ന് വൈകിട്ട് പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്ന പ്രദര്‍ശനം ഒരു മാസം നീളും. അമൂല്യമായ ചരിത്ര രേഖകളും ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടാകും. ഇംഗ്ലീഷ് പേരുകളും സ്വീകാര്യമാണ്. പ്രദര്‍ശനത്തിന്റെ ഉള്ളടക്കം സൂചിപ്പിക്കുന്നതായിരിക്കണം പേരുകള്‍ . തെരഞ്ഞെടുക്കുന്ന പേര് നിര്‍ദേശിക്കുന്ന വ്യക്തിക്ക് സമ്മാനം നല്‍കുമെന്നും പ്രദര്‍ശന കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു.

പേരുകള്‍ അയക്കേണ്ട വിലാസം: സിപിഐ എം 20ാം പാര്‍ടികോണ്‍ഗ്രസ് സ്വാഗതസംഘം ഓഫിസ്, ബാങ്ക്റോഡ്, കോഴിക്കോട്-1


deshabhimani 230212

1 comment:

  1. ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരുടെ മോചനത്തിന് വിശ്വപ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട് ഐന്‍സ്റ്റൈന്‍ ഇടപെടുക, ലോകസാഹിത്യത്തിലെ പ്രതിഭാചക്രവര്‍ത്തിയായ ബര്‍ണാഡ്ഷായും എച്ച് ജി വെല്‍സും കമ്യൂണിസ്റ്റുകാര്‍ക്കായി ശബ്ദമുയര്‍ത്തുക.. പി സി ജോഷിയും മുസാഫിര്‍ അഹമ്മദും എസ് വി ഘാട്ടെയും അധികാരിയും അടക്കമുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ നായകരെ രക്ഷിക്കാന്‍ ഇവരൊന്നിച്ച് ആവശ്യപ്പെട്ടതറിയുക. ചരിത്രത്തിലെ ആവേശജനകവും വികാരഭരിതവുമായ ഒരുപാടേടുകള്‍ ഇന്നലെകളിലുണ്ട്. അതറിയാന്‍ , കാണാന്‍ , വായിക്കാന്‍ മാര്‍ച്ചില്‍ കോഴിക്കോട്ടേക്ക് വരിക. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ ചരിത്രപ്രദര്‍ശനം ഇന്നലെകളിലെ അറിയപ്പെടാത്ത ചരിത്രത്തിന്റെ നിലവറകള്‍ നിങ്ങള്‍ക്ക് തുറന്നുതരും. അഞ്ചിന് പ്രദര്‍ശനം ആരംഭിക്കും.

    ReplyDelete