Saturday, June 2, 2012

സെല്‍വരാജ് 5 കോടിയുടെ ഭൂമിയിടപാട് നടത്തിയതായി വെളിപ്പെടുത്തല്‍


നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ സെല്‍വരാജ് തമിഴ്നാട്ടില്‍ അഞ്ച് കോടി രൂപയുടെ ഭൂമിയിടപാട് നടത്തിയതായി തോട്ടം ഉടമയുടെയും ഭൂമിയിടപാട് ഏജന്റിന്റെയും വെളിപ്പെടുത്തല്‍. തമിഴ്നാട്ടിലെ കുലശേഖരം തടിക്കരക്കോണത്തെ എസ്റ്റേറ്റ് ഉടമ സുബ്രഹ്മണ്യവും ഏജന്റ് ദുരൈയുമാണ് കൈരളി-പീപ്പിള്‍ ടിവിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

തമിഴ്നാട്ടിലെ ഭൂതപ്പാണ്ടി സബ് രജിസ്ട്രാര്‍ ഓഫീസ് പരിധിയില്‍ വരുന്ന കുലശേഖരം തടിക്കരക്കോണം കീരിപ്പറമ്പിലേക്ക് പോകുന്ന സ്ഥലത്ത് അസീസി ഫാമിനടുത്ത് മുത്തൂറ്റ് പ്ലാന്റേഷനോട് ചേര്‍ന്നുള്ള സ്ഥലം സെല്‍വരാജ് നാല് കോടി രൂപയ്ക്കാണ് വാങ്ങിയത്. എന്നാല്‍ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പകരം മറ്റൊരാള്‍ക്ക് അഞ്ച് കോടിക്ക് മറിച്ചുവിറ്റുവെന്ന് ഇവര്‍ വെളിപ്പെടുത്തി. ടി കെ ബാബുദിവാകരന്‍ എന്നയാളുടെ പേരിലുണ്ടായിരുന്ന സ്ഥലം സിപ്സ് പ്ലാന്റേഷന്‍ പ്രൈവറ്റ് കമ്പനിക്ക് വിറ്റതായാണ് ഭൂതപ്പാണ്ടി സബ്രജിസ്റ്റാര്‍ ഓഫീസിലെ രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 200 ഏക്കര്‍ വരുന്ന ഈ സ്ഥലം സെല്‍വരാജ് നാല് കോടിക്ക് വാങ്ങി സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാതെ അഞ്ച് കോടിക്ക് മറ്റൊരു കക്ഷിക്ക് മറിച്ചുവില്‍ക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. കോടികളുടെ കുതിരക്കച്ചവടമാണ് സെല്‍വരാജിന്റെ കാലുമാറ്റത്തിനു പിന്നില്‍ നടന്നതെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ് തോട്ടം ഉടമയുടേയും ഏജന്റിന്റേയും വെളിപ്പെടുത്തല്‍. കാലുമാറ്റത്തെ തുടര്‍ന്ന് കോഴവിവാദം ശക്തമായതാണ് സ്ഥലം സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാതെ മറിച്ചുവില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. കുന്നത്തുകാലിലെ ഒരു ഓഡിറ്റോറിയം ഉടമയുടെ പേരിലും ഈ തോട്ടത്തിനടുത്ത് സ്ഥലം വാങ്ങിയിട്ടുണ്ട്. ഇതും ബിനാമി ഇടപാടാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.

സെല്‍വരാജ് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടു

നെയ്യാറ്റിന്‍കര: യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ സെല്‍വരാജ് സ്വന്തം വീട്ടില്‍വച്ച് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടു. ജീവന്‍ ടിവി പുറത്തുകൊണ്ടുവന്ന ദൃശ്യങ്ങള്‍ കൈരളി-പീപ്പിള്‍ ടിവി ഉള്‍പ്പെടെയുള്ള ചാനലുകള്‍ സംപ്രേഷണം ചെയ്തു. വെള്ളിയാഴ്ച കാലത്ത് സ്ഥാനാര്‍ഥി തന്റെ വീട്ടില്‍ വെച്ച് ഒരു വോട്ടര്‍ക്ക് പോക്കറ്റില്‍ നിന്നും പണം എടുത്തുകൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്ഥാനാര്‍ഥിയെ കാണാന്‍ എത്തിയ വൃദ്ധന്‍ പുറത്തിറങ്ങുമ്പോള്‍ അടുത്ത് നില്‍ക്കുകയായിരുന്ന സഹായി തിരിച്ചുവിളിച്ചു. ഉടന്‍ സ്ഥാനാര്‍ഥി പോക്കറ്റില്‍ നിന്നും പണംഎടുത്തുകൊടുക്കുന്ന ദൃശ്യങ്ങളാണ് ചാനലുകള്‍ പുറത്തുവിട്ടത്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കി. പണവും മദ്യവും ഒഴുക്കി വോട്ടര്‍മാരെ വ്യാപകമായി സ്വാധീനിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നെന്ന എല്‍ഡിഎഫ് ആരോപണം ശരിവയ്ക്കുന്നതാണ് ചാനലുകള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍.

പണം നല്‍കി വോട്ട്പിടിക്കാനെത്തി; സ്ഥാനാര്‍ഥിയുടെ ഭാര്യ കുടുങ്ങി

നെയ്യാറ്റിന്‍കര: വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭാര്യയെ നാട്ടുകാര്‍ പിടികൂടി. വെള്ളിയാഴ്ച രാവിലെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി സെല്‍വരാജിന്റെ ഭാര്യ മേരി വത്സല സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനൊപ്പം ഉദിയന്‍കുളങ്ങര തെരുവിലെ 67-ാം നമ്പര്‍ ബൂത്തില്‍ പണവുമായി എത്തിയത്. എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും ഉന്നത ഇടപെടലിനെ തുടര്‍ന്ന് വിട്ടയച്ചു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ആരോപിച്ച് വത്സല പിന്നീട് ആശുപത്രിയിലെത്തി. ചട്ടം ലംഘിച്ച് മണ്ഡലത്തിലെത്തി പണം വിതരണം ചെയ്യാന്‍ ശ്രമിച്ച ഇവര്‍ക്കെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കി.

ഉദിയന്‍കുളങ്ങര തെരുവിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വായ്പ നല്‍കിയ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍ പൂഴിക്കുന്ന് സ്വദേശി സജീവനൊപ്പമാണ് മേരി വത്സല വോട്ടുപിടിക്കാനിറങ്ങിയത്. പരസ്യപ്രചാരണം അവസാനിച്ചശേഷം മണ്ഡലത്തിന് പുറത്തുള്ളവര്‍ പ്രചാരണത്തിനിറങ്ങാന്‍ പാടില്ലെന്നാണ് ചട്ടം. ഇതു ലംഘിച്ചാണ് പാറശാല മണ്ഡലത്തിലെ കൊല്ലയില്‍ പഞ്ചായത്തിലെ വോട്ടറായ വത്സല ഉദിയന്‍കുളങ്ങരയില്‍ എത്തിയത്. സ്വകാര്യ സ്ഥാപനത്തില്‍നിന്ന് ആദ്യഗഡു വായ്പ ലഭിച്ച കുടുംബശ്രീ യൂണിറ്റുകള്‍ക്ക് രണ്ടാംഗഡു നല്‍കാമെന്നു പറഞ്ഞാണ് അമ്പതോളം പ്രവര്‍ത്തകരെ സ്ഥാനാര്‍ഥിയുടെ ഭാര്യ വിളിച്ചുകൂട്ടിയത്. രണ്ടാം ഗഡുവായി ലഭിക്കുന്ന പണം തിരിച്ചടയ്ക്കേണ്ടതില്ലെന്നും പകരം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്താല്‍ മതിയെന്നും ഇവര്‍ പറഞ്ഞു. ഇത് സമ്മതിക്കുന്നവര്‍ക്ക് നല്‍കാനുള്ള പണവും ഇവര്‍ കരുതിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍, പണം നല്‍കി വോട്ടുപിടിക്കാനുള്ള ശ്രമം കുടുംബശ്രീ പ്രവര്‍ത്തകര്‍ തടഞ്ഞു. നാട്ടുകാര്‍ സംഭവം പൊലീസില്‍ അറിയിച്ചു. ചട്ടലംഘനത്തിന് നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കി പാറശാല പൊലീസ് മേരി വത്സലയെയും സജീവനെയും കസ്റ്റഡിയില്‍ എടുത്തതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞത്.

അപ്പോഴൊന്നും അക്രമക്കഥ പറയാതിരുന്ന മേരി വത്സല, പിന്നീട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തന്നെ ആസൂത്രിതമായി ആക്രമിച്ചെന്ന കള്ളക്കഥയുണ്ടാക്കി ആശുപത്രിയില്‍ പ്രവേശിച്ചു. നാട്ടുകാരുടെ മുന്നില്‍നിന്ന് കസ്റ്റഡിയിലെടുത്ത സജീവനെ മന്ത്രിതല ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് പൊലീസ് വഴിയില്‍ ഇറക്കിവിട്ടു. ഇയാളും പിന്നീട് ആശുപത്രിയിലെത്തി. എന്നാല്‍, ഇരുവര്‍ക്കും പരിക്കൊന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ആറയൂര്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരിയായ താന്‍ ഔദ്യോഗികാവശ്യത്തിനാണ് ഉദിയന്‍കുളങ്ങരയില്‍ പോയതെന്ന് മേരി വത്സല പറഞ്ഞു. എന്നാല്‍, വത്സലയും സജീവനും വോട്ടഭ്യര്‍ഥിക്കാനാണ് എത്തിയതെന്ന് പ്രാദേശിക യുഡിഎഫ് പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഭാര്യയുടെ ബാഗില്‍ 500 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അവകാശപ്പെട്ടെങ്കിലും 6500 രൂപ തന്റെ കൈവശമുണ്ടായിരുന്നെന്ന് മേരി വത്സല തിരുത്തി.

അയോഗ്യനാക്കണം: പിണറായി

തലശേരി: നെയ്യാറ്റിന്‍കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വം തെരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തരമായി റദ്ദാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വോട്ടര്‍മാര്‍ക്ക് പണം വിതരണംചെയ്ത സ്ഥാനാര്‍ഥി നഗ്നമായ ചട്ടലംഘനമാണ് നടത്തിയതെന്ന് പിണറായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പണം എറിയുന്നതിന്റെ വിവരങ്ങളാണ് രണ്ടുദിവസമായി പുറത്തുവരുന്നത്. ആദ്യം പണവുമായി സ്ക്വാഡിറങ്ങി. പിന്നീട് സ്ഥാനാര്‍ഥിയുടെ ഭാര്യയും. ഒടുവില്‍ സ്ഥാനാര്‍ഥിതന്നെ നേരിട്ട് പണംനല്‍കുന്നതും വെളിപ്പെട്ടു. ജനപ്രാതിനിധ്യ നിയമത്തിന്റെയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെയും നഗ്നമായ ലംഘനമാണിത്. തെരഞ്ഞെടുപ്പ് കമീഷന്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. ഇതു സംബന്ധിച്ച് കമീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

പണംകൊടുത്ത് വോട്ടര്‍മാരെ സ്വാധീനിച്ചതിനെതിരെ നടപടി വേണം: വി എസ്

തിരു: നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും ഭാര്യയും പണംകൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തെരഞ്ഞെടുപ്പു കമീഷന്‍ അടിയന്തരമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ തെരഞ്ഞെടുപ്പു കമീഷന്‍ നിയമപരമായും അടിയന്തരമായും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അറസ്റ്റ്ചെയ്യണം: കോടിയേരി

നെയ്യാറ്റിന്‍കര: പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ഥി സെല്‍വരാജിനെ അറസ്റ്റുചെയ്യണമെന്നും സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

അത്യന്തം ഗൗരവമുള്ള സംഭവമാണ് ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. കാശുകൊടുത്ത് വോട്ടുപിടിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. സെല്‍വരാജിനെ അറസ്റ്റുചെയ്ത് നിയമത്തിനു മുന്നില്‍കൊണ്ടുവരണം. സംഭവത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റെടുക്കണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ മാതൃകയില്‍ കേരളത്തില്‍ കാലുമാറ്റ രാഷ്ട്രീയം കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടിയാണ്. ഇപ്പോള്‍ പണം കൊടുത്ത് വോട്ടുപിടിക്കാന്‍ ശ്രമിച്ചതും കൈയോടെ പിടികൂടിയിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ സ്വന്തം സ്ഥാനാര്‍ഥിയായിട്ടാണ് സെല്‍വരാജ് എല്ലാ കാര്യവും നടത്തുന്നത്. പണം കൊടുത്ത് എംഎല്‍എയെ വിലയ്ക്കെടുത്ത യുഡിഎഫ് ഇപ്പോള്‍ പണം കൊടുത്ത് വോട്ടര്‍മാരെയും വിലയ്ക്കെടുക്കാനാണ് ശ്രമിക്കുന്നത്. തങ്ങളെ പണം നല്‍കി സ്വാധീനിക്കാന്‍ കഴിയില്ലെന്ന് നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ തെളിയിക്കുമെന്നും കോടിയേരി പറഞ്ഞു.

സെല്‍വരാജിന്റെ ഭൂമി ഇടപാടിനെ കുറിച്ച് ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സെല്‍വരാജിന്റെ കൂറുമാറ്റവും ഭൂമി ഇടപാടും തമ്മില്‍ ബന്ധമുണ്ട്. സുതാര്യഭരണം അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇത് അന്വേഷിക്കണം- കോടിയേരി പറഞ്ഞു.

സെല്‍വരാജിനെതിരെ തെര.കമീഷന്‍ നടപടി എടുക്കണം: എല്‍ഡിഎഫ്

നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ സെല്‍വരാജിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും കലക്ടറും നടപടിയെടുക്കണമെന്ന് എല്‍ഡിഎഫ് ജില്ലാനേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സമ്മതിദായകരെ പണം കൊടുത്ത് സ്വാധീനിക്കാനുള്ള സെല്‍വരാജിന്റെ ശ്രമം തെളിവ് സഹിതം പുറത്തുവന്നു. ജനപ്രാതിനിധ്യനിയമത്തെ വെല്ലുവിളിച്ച സെല്‍വരാജിനെ അറസ്റ്റുചെയ്യണം. സ്ഥാനാര്‍ഥിത്വം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി സ്വീകരിക്കണം. കോണ്‍ഗ്രസുകാരും യുഡിഎഫുകാരും ദിവസങ്ങളായി കോടിക്കണക്കിന് രൂപയാണ് മണ്ഡലത്തില്‍ ഒഴുക്കുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പണം നല്‍കി വോട്ടര്‍മാര സ്വാധീനിക്കാന്‍ സെല്‍വരാജിന്റെ ഭാര്യയും ശ്രമിച്ചു. പാറശാല മണ്ഡലനിവാസിയായ സെല്‍വരാജിന്റ ഭാര്യ മേരി വത്സല എല്ലാ ചട്ടവും ലംഘിച്ചാണ് നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഇതിന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മാനേജരും സഹായിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരായ വനിതകളെ വിളിച്ചുകൂട്ടി പണം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ചോദ്യംചെയ്തു. ബിജെപി പ്രവര്‍ത്തകരും പ്രതിഷേധിച്ചു. തുടര്‍ന്നെത്തിയ നാട്ടുകാരും എല്‍ഡിഎഫ് പ്രവര്‍ത്തകരുമടക്കം പ്രതിഷേധിച്ചപ്പോള്‍ പൊലീസ് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതികളെ ഒരു ശാരീരികപ്രശ്നവുമില്ലാതിരുന്നിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും സിപിഐ എമ്മിനെതിരെ ദുരാരോപണം ഉന്നയിക്കുന്നതിനും പൊലീസ് അവസരമൊരുക്കി. ഇതിന് റൂറല്‍ എസ്പി എല്ലാ ഒത്താശയും ചെയ്തു. കെപിസിസി അംഗത്തെപോലെയോ ഡിസിസി പ്രസിഡന്റിനെപോലെയോയാണ് റൂറല്‍ എസ്പി പ്രവര്‍ത്തിക്കുന്നത്. അറയൂര്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരിയെന്ന നിലയില്‍ മേരി വത്സല ബാങ്കില്‍നിന്ന് വോട്ടര്‍മാര്‍ എടുത്ത വായ്പ തിരിച്ചടയ്ക്കേണ്ടെന്ന് പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയും സിപിഐ എം ജില്ലാ കമ്മിറ്റിയും പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇതിന്റെ തുടര്‍ച്ചയാണ് വെള്ളിയാഴ്ചത്തെ പണവിതരണം.

നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് യുഡിഎഫ് നെയ്യാറ്റിന്‍കരയില്‍ നടത്തുന്നത്. നിശ്ശബ്ദ പ്രചാരണദിവസമായ വെള്ളിയാഴ്ച ബൂത്ത് കേന്ദ്രീകരിച്ച് മണ്ഡലത്തിലുടനീളം യുഡിഎഫ് പ്രകടനങ്ങള്‍ നടത്തി. ഇത് ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തടയാന്‍ റൂറല്‍ എസ്പി തയ്യാറായില്ല. മണ്ഡലത്തിലുടനീളം അശ്ലീല മാസികയുടെ ലക്ഷക്കണക്കിന് പകര്‍പ്പ് വാരി വിതറി. എല്‍ഡിഎഫ് പ്രതിഷേധിച്ചപ്പോള്‍ രണ്ടായിരത്തില്‍താഴെ കോപ്പികള്‍ മാത്രമാണ് പിടിച്ചെടുത്തത്. പരസ്യപ്രചാരണം തീര്‍ന്ന വ്യാഴാഴ്ച രാത്രി പെരുമ്പഴുതൂരില്‍ നാലു മന്ത്രിമാര്‍ പങ്കെടുത്ത് ഒരു വീട്ടില്‍ പ്രചാരണയോഗം വിളിച്ചുചേര്‍ത്തു. ചിലയിടങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കാനുള്ള അപേക്ഷാഫോറത്തിനൊപ്പം അഞ്ഞൂറ് രൂപവീതം വിതരണം ചെയ്തു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍പെട്ടവരും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരില്‍പെട്ട പൊലീസുകാരും എന്‍ജിഒ അസോസിയേഷന്‍ നേതാക്കളുമടക്കം പരസ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫ് ജില്ലാനേതാക്കളായ വി ഗംഗാധരന്‍നാടാര്‍, വെഞ്ഞാറമൂട് ശശി, അഡ്വ. ആര്‍ സതീഷ്കുമാര്‍, ചന്ദ്രകുമാര്‍, മോഹനന്‍, അറ്റിങ്ങല്‍ രാമചന്ദ്രന്‍, ജയകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 020612

1 comment:

  1. നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ സെല്‍വരാജ് തമിഴ്നാട്ടില്‍ അഞ്ച് കോടി രൂപയുടെ ഭൂമിയിടപാട് നടത്തിയതായി തോട്ടം ഉടമയുടെയും ഭൂമിയിടപാട് ഏജന്റിന്റെയും വെളിപ്പെടുത്തല്‍. തമിഴ്നാട്ടിലെ കുലശേഖരം തടിക്കരക്കോണത്തെ എസ്റ്റേറ്റ് ഉടമ സുബ്രഹ്മണ്യവും ഏജന്റ് ദുരൈയുമാണ് കൈരളി-പീപ്പിള്‍ ടിവിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

    ReplyDelete