Saturday, June 2, 2012
റഫീഖിന്റെ അറസ്റ്റ് നീളുന്നതില്‍ ദുരൂഹത
ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതിയെന്ന് പൊലീസും മാധ്യമങ്ങളും പ്രചരിപ്പിച്ച വായപ്പടച്ചി റഫീഖിന്റെ കീഴടങ്ങല്‍ ഒത്തുകളിയെന്ന് ഉറപ്പായി. വടകര റൂറല്‍ എസ്പി മുമ്പാകെ പ്രതി കീഴടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് രേഖപ്പെടുത്താത്തതാണ് സംശയമുയര്‍ത്തുന്നത്. റഫീഖിന് സിപിഐ എം ബന്ധമില്ലെന്ന് വ്യക്തമായതോടെ ഇയാളെ മാപ്പുസാക്ഷിയാക്കാനാണ് നീക്കം.
കൊലപാതകം നടന്ന ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരമനുസരിച്ച് റഫീഖാണ് കേസിലെ മുഖ്യപ്രതി. വിവിധ പത്രങ്ങളും ചാനലുകളും റഫീഖ് ഉള്‍പ്പെട്ട സംഘമാണ് കൊല നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്തയും നല്‍കി. കൊലയാളികള്‍ സഞ്ചരിച്ചതായി പറയുന്ന വാഹനത്തില്‍ റഫീഖിന്റെയും സുനിയുടെയും വിരലടയാളമുണ്ടെന്നും ഇത് പൊലീസ് സ്ഥിരീകരിച്ചെന്നും വാര്‍ത്ത വന്നു. കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ബന്ധു തലശേരിയിലെ നവീന്‍ദാസില്‍നിന്ന് മാഹി പൂഴിത്തലയിലെ മുസ്ലിംലീഗുകാരന്‍ ഹാരീസ് മുഖേന വാഹനം വാടകയ്ക്കെടുത്തത് റഫീഖാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. റഫീഖ് സിപിഐ എം അനുഭാവിയല്ലെന്നും മറ്റുചില ബന്ധങ്ങളുണ്ടെന്നും വ്യക്തമായതോടെയാണ് മാധ്യമങ്ങളും പൊലീസും ഇയാളെ കൈവിട്ടത്. വിരലടയാളകഥയും ആസൂത്രണത്തിലെ പങ്കാളിത്തവും ഉള്‍പ്പെടെയുള്ള ആദ്യവാര്‍ത്തപിന്നീട് മുക്കി. റഫീഖിനായുള്ള തെരച്ചിലും അന്വേഷണസംഘം മതിയാക്കി. വടകര കോടതിയില്‍ എത്തിയപ്പോഴും പിടിച്ചില്ല. പിന്നീട് ഇയാള്‍ പൊലീസില്‍ നേരിട്ട് ഹാജരാവുകയായിരുന്നു. തിങ്കളാഴ്ചമുതല്‍ റഫീഖ് പൊലീസ് കസ്റ്റഡിയിലുണ്ട്.
റഫീഖിനെ അറസ്റ്റുചെയ്താല്‍ പൊലീസ് ഇപ്പോള്‍ തയ്യാറാക്കിയ തിരക്കഥ പൂര്‍ണമായി തകിടംമറിയും. സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നീക്കവും അതോടെ അവസാനിക്കും. സിപിഐ എമ്മിനും നേതാക്കള്‍ക്കുമെതിരെ "മൊഴി"യെടുത്ത് മാപ്പുസാക്ഷിയാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഇതിനായി ശക്തമായ സമ്മര്‍ദവും ഭീഷണിയുമുണ്ട്. സിപിഐ എം ബന്ധമില്ലെന്ന് ഉറപ്പായതോടെ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് റഫീഖ് വിശുദ്ധനുമായി.
(പി ദിനേശന്‍)
പി പി രാമകൃഷ്ണന്റെ വീട്ടില്‍ പൊലീസ് അതിക്രമം
തലശേരി: സിപിഐ എം തലശേരി ഏരിയാകമ്മിറ്റി അംഗം പി പി രാമകൃഷ്ണന്റെ വീട്ടില്‍ പൊലീസ് അതിക്രമം. സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ അതിക്രമിച്ചുകയറി പരിശോധനയെന്നപേരില്‍ പരാക്രമം കാട്ടുകയായിരുന്നു പൊലീസ്. വീട്ടുസാമഗ്രികള്‍ പലതും വാരിവലിച്ചിട്ടു. അടുക്കളയില്‍ പാത്രങ്ങള്‍ തട്ടിത്തെറിപ്പിച്ചു. ഡിവൈഎസ്പി ജോഷി ചെറിയാനും സംഘവുമാണ് അതിക്രമം കാട്ടിയത്. വ്യാഴാഴ്ച പകല്‍ ഒന്നരയോടെയാണ് പ്രത്യേക അന്വേഷണസംഘം മാഹി പുത്തലത്തെ രാമകൃഷ്ണന്റെ വീട്ടിലെത്തിയത്. മഹസര്‍ തയ്യാറാക്കാനാണെന്ന് പറഞ്ഞാണ് എത്തിയത്. രാമകൃഷ്ണന്റെ ഭാര്യ പി പി രാധയും മകള്‍ രേഷ്മയും അവരുടെ കുട്ടികളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംസാരിക്കുന്നതിനിടെ ഏതാനും പൊലീസുകാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി. വനിതാപൊലീസില്ലാതെ വീട്ടില്‍ കയറരുതെന്ന് രാധ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. സര്‍ച്ച് വാറണ്ടുണ്ടോ എന്ന അന്വേഷിച്ചപ്പോഴും കാണിച്ചില്ല. പരിശോധനക്കിടെ വീട്ടുസാധനങ്ങളെല്ലാം വാരിവലിച്ചുപുറത്തിടുകയായിരുന്നു. പരിശോധന തടസ്സപ്പെടുത്തിയാല്‍ കേസില്‍പെടുത്തുമെന്നും ഭീഷണിയുണ്ടായി.
ബഹളംകേട്ട് അയല്‍വാസികളും നാട്ടുകാരും സ്ഥലത്തെത്തി. മഹസര്‍ തയാറാക്കാനാണെന്ന് ആദ്യം പറഞ്ഞ പൊലീസ് പിന്നീട് ചുവടുമാറ്റി. വീട്ടില്‍ ആയുധം ഒളിപ്പിച്ചെന്ന് അറസ്റ്റിലായ മൂലക്കടവിലെ അജേഷ് എന്ന കജൂറില്‍നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന്പൊലീസ് പറഞ്ഞു. മര്‍ദനമേറ്റ് അവശനായ അജേഷിനെ ജീപ്പില്‍നിന്ന് തെളിവെടുപ്പിന് കൊണ്ടുവന്നെങ്കിലും ഒന്നും പറയിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ പൊലീസിന്റെ വാദം പൊളിഞ്ഞു. സാക്ഷിപറയാന്‍ അയല്‍ക്കാരെ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. വീട്ടുകാര്‍ പരാതിപ്പെട്ടതിനെതുടര്‍ന്ന് മാഹിപൊലീസ് സ്ഥലത്തെത്തി. രാമകൃഷ്ണന്റെ വീട്ടില്‍ പൊലീസ് അതിക്രമം നടക്കുന്നതറിഞ്ഞ് സിപിഐ എം ഏരിയകമ്മിറ്റി അംഗങ്ങളായ ടി പി ശ്രീധരന്‍, സി പി കുഞ്ഞിരാമന്‍, വാഴയില്‍ ശശി, ലോക്കല്‍സെക്രട്ടറി വി ജയബാലു തുടങ്ങി നിരവധി പേര്‍ സ്ഥലത്തെത്തി.
മൊഴി എങ്ങനെ കിട്ടിയെന്ന് മാധ്യമങ്ങള്‍ വെളിപ്പെടുത്തണം: എസ് ആര്‍ പി
കരിപ്പൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴിയെന്ന പേരില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിടുന്നത് നീതിയല്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം സംബന്ധിച്ച വിവരങ്ങളും മൊഴികളുമെന്ന പേരില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ അവ എവിടെനിന്നു കിട്ടിയെന്ന് പറയാന്‍ തയ്യാറാകണം. മാധ്യമസ്വാതന്ത്ര്യത്തിന് വിലകല്‍പിക്കുന്ന പാര്‍ടിയാണ് സിപിഐ എമ്മെന്നും എസ് ആര്‍ പി പറഞ്ഞു.
ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം തെറ്റായ ദിശയില്‍: പി സി തോമസ്
കൊച്ചി: ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തില്‍ വിശ്വസനീയമായ കാര്യങ്ങളല്ല പുറത്തുവരുന്നതെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശരിയായ ദിശയിലല്ല അന്വേഷണം. യഥാര്‍ഥ പ്രതികളാര് എന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു വരെ പുകമറ സൃഷ്ടിക്കാനാണ് നീക്കം. രാഷ്ട്രീയ കൊലപാതകമല്ല എന്ന് ഡിജിപി പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ കൊലപാതകമാണെന്നു പറഞ്ഞ് ആഭ്യന്തരമന്ത്രി ഡിജിപിയെ തിരുത്തി. ഇത്രയും ഹീനമായ കൊലപാതകം നടന്നിട്ടും പ്രതികളെ കണ്ടെത്താനായില്ല. അന്വേഷണം എവിടെവരെ എത്തിയെന്നും വ്യക്തമല്ല. പ്രതികള്‍ കുറ്റം സമ്മതിച്ചു എന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നു. എന്നാല്‍ ഇതേപ്പറ്റി പൊലീസ് ഒന്നും പറയുന്നില്ല. പിന്നെ ഇത്തരം വാര്‍ത്തകള്‍ എങ്ങനെ പുറത്തു വരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയാന്‍ തീരുമാനിച്ച വിവരം പാര്‍ലമെന്റില്‍ പെട്രോളിയം സഹമന്ത്രി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി എ കെ ആന്റണി കഴിഞ്ഞദിവസം നെയ്യാറ്റിന്‍കരയില്‍ പറഞ്ഞത് ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനമില്ലെന്നാണ്. ആന്റണിയുടെ നടപടിക്കെതിരെ പാര്‍ലമെന്റില്‍ അവകാശലംഘനത്തിന് നോട്ടീസ് വരുമെന്നാണ് കരുതുന്നതെന്നും പി സി തോമസ് പറഞ്ഞു.
deshabhimani 020612
Labels:
ഓഞ്ചിയം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതിയെന്ന് പൊലീസും മാധ്യമങ്ങളും പ്രചരിപ്പിച്ച വായപ്പടച്ചി റഫീഖിന്റെ കീഴടങ്ങല്‍ ഒത്തുകളിയെന്ന് ഉറപ്പായി. വടകര റൂറല്‍ എസ്പി മുമ്പാകെ പ്രതി കീഴടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് രേഖപ്പെടുത്താത്തതാണ് സംശയമുയര്‍ത്തുന്നത്. റഫീഖിന് സിപിഐ എം ബന്ധമില്ലെന്ന് വ്യക്തമായതോടെ ഇയാളെ മാപ്പുസാക്ഷിയാക്കാനാണ് നീക്കം
ReplyDelete