Sunday, June 17, 2012

അനീതിക്ക് കാവലായി അധികാരവും പണവും


ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറി സംബന്ധിച്ച അന്വേഷണവും എഴുതിത്തള്ളുന്നതോടെ കേരളത്തെ ഞെട്ടിച്ച പെണ്‍വാണിഭത്തില്‍ നീതിലഭ്യമാകാനുള്ള സാധ്യതക്കാണ് അവസാനമാകുന്നത്. 25 വര്‍ഷം പിന്നിടുന്ന പീഡനക്കേസില്‍ ഇരകളായ പെണ്‍കുട്ടികള്‍ ഇന്നും സമൂഹത്തിലും ജീവിതത്തിലും അനാഥത്വവും അരക്ഷിതത്വവുംപേറി കഴിയുമ്പോഴാണ് അധികാരവും പണവും അനീതിക്ക് കാവലാളാകുന്ന അവസ്ഥ ആവര്‍ത്തിക്കുന്നത്.

കോഴിക്കോട് ബീച്ചിലെ ഐസ്ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭ കേസുകള്‍ പുറത്തുവന്നത് 1997 ആഗസ്തിലായിരുന്നു. പാര്‍ലര്‍ നടത്തിപ്പുകാരി ശ്രീദേവി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പലര്‍ക്കും കാഴ്ചവെക്കുന്നതായാണ് ആരോപണം ഉയര്‍ന്നത്. തെളിവുകള്‍ പുറത്തുവരുന്നതിനിടയിലാണ് മുസ്ലിംലീഗ് നേതാവും അന്നും മന്ത്രിയുമായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പേരും പുറത്തായത്. റജീന, റജുല എന്നീ പെണ്‍കുട്ടികള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴിയും നല്‍കി. ശ്രീദേവിയെ ഒന്നാംപ്രതിയാക്കി നടക്കാവ് പൊലീസ് കേസെടുത്തു.കുഞ്ഞാലിക്കുട്ടിയുടെ ഡ്രൈവര്‍ അരവിന്ദനും പ്രതിയായി. പല പ്രമുഖരും കേസില്‍ പ്രതികളായിട്ടും കുഞ്ഞാലിക്കുട്ടി മാത്രം രക്ഷപ്പെട്ടു. ഇതിനിടെ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് നാലില്‍ റജീന നല്‍കിയ മൊഴി പിന്നീട് കുന്നമംഗലം കോടതിയില്‍ റജീന തന്നെ തിരുത്തി. അന്വേഷി പ്രവര്‍ത്തക അജിത നിര്‍ബന്ധിച്ചതിനാലാണ് താന്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് ആദ്യമൊഴിയില്‍ പറഞ്ഞതെന്നായിരുന്നു രണ്ടാം മൊഴി. കേരളരാഷ്ട്രീയത്തില്‍ ആളിക്കത്തിയ കേസ് ക്രമേണ കെട്ടടങ്ങി. റജീനയും മറ്റ് സാക്ഷികളുമെല്ലാം വിസ്മൃതിയിലായി.

ഇതിനിടെ 2004 ഒക്ടോബര്‍ 28 ന് റജീന വീണ്ടും കേസിന് തിരികൊളുത്തി. കോഴിക്കോട്ടെ ഒരു ടി വി ചാനല്‍ ഓഫീസിലെത്തിയ ഈ യുവതി തന്നെ കുഞ്ഞാലിക്കുട്ടി ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും കുന്നമംഗലം കോടതിയില്‍ മൊഴി മാറ്റിയത് കുഞ്ഞാലിക്കുട്ടി പ്രേരിപ്പിച്ചതിനാലും കാശു തന്നതുകൊണ്ടുമാണെന്നും ചാനലിലൂടെ ലോകത്തോട് വീണ്ടും വിളിച്ചു പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ സഹോദരീ ഭര്‍ത്താവ് റൗഫാണ് ഇതിന് ചരട് വലിച്ചതെന്നും യുവതി വ്യക്തമാക്കി. ഇതോടെ ഐസ്ക്രീം വീണ്ടും കത്തിപ്പടര്‍ന്നു. റജീനയുടെ പുതിയ വെളിപ്പെടുത്തലിന് പ്രാധാന്യം നല്‍കിയ ലീഗ്നേതാവ് എം കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ലീഗുകാര്‍ അക്രമിച്ചു. മാധ്യമപ്രവര്‍ത്തകരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മര്‍ദിച്ചു. തുടര്‍ന്ന് പിടിച്ചുനില്‍ക്കാനാകാതെ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനം രാജിവക്കേണ്ടിവന്നു. കേസുകള്‍ ഒന്നൊന്നായി കോടതികളില്‍ തള്ളിപ്പോയി. തെളിവെല്ലാം കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി വന്നു. കേസ് വീണ്ടും അന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീം കോടതിപോലും അഭിപ്രായപ്പെട്ടു. ഐസ്ക്രീം കേസ് രണ്ടാം തവണയും വിസ്മൃതിയിലേക്ക് മറയുന്നതിനിടയിലാണ്, ആദ്യം മുതല്‍ ഈ കേസിന്റെ ചുക്കാന്‍ പിടിച്ച കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൗഫ് തെളിവുകളുമായി വീണ്ടും രംഗത്തുവന്നത്. 2011 ജനുവരിയിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീഭര്‍ത്താവായ റൗഫ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. പണവും അധികാരവുമുപയോഗിച്ചാണ് കേസ് അട്ടിമറിച്ചതെന്നും ഇതിലെല്ലാം താനും പങ്കാളിയാണെന്നും റൗഫ് പറഞ്ഞു. ഈ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറി അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചത്.

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്: കോണ്‍ഗ്രസ് വീണ്ടും ലീഗിന് കീഴടങ്ങി

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിച്ചതു സംബന്ധിച്ച കേസ് എഴുതിത്തള്ളിയ പൊലീസ് നടപടി തികച്ചും നിയമവിരുദ്ധം. ഭരണമുന്നണിയിലെ ഉന്നതനെതിരായ ആക്ഷേപം ഒതുക്കാന്‍ അധികാരവും സ്വാധീനവും പ്രയോഗിക്കുന്നതിന്റെ പച്ചയായ ഉദാഹരണമാണ് കേസ് അന്വേഷണം അവസാനിപ്പിച്ച് എഴുതിത്തള്ളാനുള്ള തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ഇടപെട്ടാണ് വിവാദമായ കേസ് അന്വേഷണം മതിയാക്കാന്‍ തീരുമാനിച്ചത്. കുഞ്ഞാലിക്കുട്ടിക്ക് പങ്കുണ്ടെന്ന് പറയുന്ന കേസ് തേച്ചുമായ്ക്കാന്‍ വഴിവിട്ടതും നിയമത്തിന് നിരക്കാത്തതുമായ നടപടിയാണ് ഉമ്മന്‍ചാണ്ടി ഭരണം കൈക്കൊണ്ടത്. അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും സംരക്ഷകരായി മാറുകയാണ് കോണ്‍ഗ്രസ്-മുസ്ലിംലീഗ് സര്‍ക്കാര്‍ എന്നതിന് പ്രത്യക്ഷ തെളിവാണീ സംഭവം. പൊലീസിനെ രാഷ്ട്രീയായുധമാക്കി യുഡിഎഫ് ദുരുപയോഗിക്കുന്നതിലേക്കും ഇത് വെളിച്ചംവീശുന്നു.സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസിനെ ഉപയോഗിക്കുന്ന അതേ സന്ദര്‍ഭത്തിലാണ് ഉന്നതനായ മന്ത്രിക്കെതിരായ ആരോപണം അന്വേഷിക്കുന്ന കേസ് ഇല്ലാതാക്കുന്നതെന്നത് ശ്രദ്ധേയമാണ്.

സുപ്രീംകോടതിയെ സമീപിക്കും: റൗഫ്

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിഅന്വേഷണം അട്ടിമറിച്ച നടപടി നിയമപരമായി നേരിടുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ എ റൗഫ് പറഞ്ഞു. കേസന്വേഷണം അവസാനിപ്പിച്ച് എഴുതിത്തള്ളിയ തീരുമാനം രാഷ്ട്രീയപ്രേരിതമാണ്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കും. യുഡിഎഫ് അധികാരത്തില്‍ വന്നതു മുതല്‍ കേസ് അവസാനിപ്പിക്കാനുള്ള നീക്കമാരംഭിച്ചതാണ്. കേസ് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് മറ്റു ചുമതല നല്‍കിയായിരുന്നു തുടക്കം. ഇപ്പോള്‍ കേസ് അന്വേഷണം സംബന്ധിച്ച ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഘട്ടത്തില്‍ പൊലീസിന്റെ നടപടി നിയമവിരുദ്ധമാണ്. ഇതിനെ ചോദ്യംചെയ്യും. കേസില്‍ സത്യം തെളിയിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുമെന്നും കേസ് അട്ടിമറി സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ റൗഫ് പറഞ്ഞു.

deshabhimani 180612

2 comments:

  1. ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറി സംബന്ധിച്ച അന്വേഷണവും എഴുതിത്തള്ളുന്നതോടെ കേരളത്തെ ഞെട്ടിച്ച പെണ്‍വാണിഭത്തില്‍ നീതിലഭ്യമാകാനുള്ള സാധ്യതക്കാണ് അവസാനമാകുന്നത്. 25 വര്‍ഷം പിന്നിടുന്ന പീഡനക്കേസില്‍ ഇരകളായ പെണ്‍കുട്ടികള്‍ ഇന്നും സമൂഹത്തിലും ജീവിതത്തിലും അനാഥത്വവും അരക്ഷിതത്വവുംപേറി കഴിയുമ്പോഴാണ് അധികാരവും പണവും അനീതിക്ക് കാവലാളാകുന്ന അവസ്ഥ ആവര്‍ത്തിക്കുന്നത്.

    ReplyDelete
  2. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിച്ചുവെന്ന പരാതിയില്‍ അന്വേഷണത്തിലിരുന്ന കേസ് എഴുതിത്തള്ളിയ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ചൊവ്വാഴ്ച ഹര്‍ജി നല്‍കും. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വിഎസ് ഹര്‍ജി നല്‍കുക. ഐസ്ക്രീം കേസിലെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്ന് വിഎസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

    ReplyDelete