Saturday, June 2, 2012
എഴുത്തുകാര്‍ ആജ്ഞാനുവര്‍ത്തികളല്ല: പ്രൊഫ. എം എം നാരായണന്‍
തൃശൂര്‍: അധികാരികളുടെ ആജ്ഞക്കനുസരിച്ച് പുരപ്പുറം കയറി കൂവുന്നവരുടെ സംഘമാണ് എഴുത്തുകാരുടേതെന്ന് ആരും ധരിക്കേണ്ടതില്ലെന്ന് പ്രമുഖ എഴുത്തുകാരന്‍ പ്രൊഫ. എം എം നാരായണന്‍ പറഞ്ഞു. വായടയ്ക്കാന്‍ പറയുമ്പോള്‍ അടയ്ക്കുകയും തുറക്കാന്‍ പറയുമ്പോള്‍ തുറക്കുകയും ചെയ്യുന്ന ആജ്ഞാനുവര്‍ത്തികളല്ല എഴുത്തുകാര്‍. അങ്ങനെയാരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അവരെ ബുദ്ധിശൂന്യരെന്നേ വിളിക്കാനാകൂ. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും എഴുത്തുകാര്‍ക്കുമെതിരായ ഭരണ-വലതുപക്ഷ മാധ്യമ ഗൂഢാലോചനക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ ശ്രമിച്ചാല്‍ കൈയും കെട്ടി നോക്കി നില്‍ക്കാനാവില്ല. വ്യാജ കാഴ്ചകളുടെയും സംഭവങ്ങളുടെയും മാധ്യമനിര്‍മിതിയുടെ യുഗമാണിത്. അടിസ്ഥാന വൈരുദ്ധ്യത്തിന്റെ യാഥാര്‍ഥ്യത്തെ കാട്ടിത്തരുന്ന ഇടതുപക്ഷത്തിനെതിരെ ശക്തമായ മാധ്യമ ഗൂഢാലോചനയാണ് ആഗോളതലത്തില്‍ നടക്കുന്നത്. നിര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടാകുമ്പോഴും അതിനെ ഇടതുപക്ഷത്തിന്റെ തലയില്‍ വച്ചുകെട്ടുകയാണ്. ഏതുവാക്കുകൊണ്ട് അപലപിച്ചാലും തീരാത്ത പാതകമാണ് ടി പി ചന്ദ്രശേഖരനുനേരെ ഉണ്ടായത്. അത് ചെയ്തവരെ ശിക്ഷിക്കണം. അതിന്റെ പേരില്‍ ഇടതുപക്ഷവും അവരെ അനുകൂലിക്കുന്നവരും ഗുണ്ടകളും കൊലയാളിക്കൂട്ടവുമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് നോക്കിയിരിക്കാനാവില്ല. എഴുത്തുകാരെ തെറ്റിദ്ധരിപ്പിച്ച് അവരെ ഇടതുപക്ഷത്തിനെതിരെ അണിനിരത്താനുള്ള ശ്രമം ആശയങ്ങള്‍കൊണ്ടുതന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
വൈശാഖന്‍ അധ്യക്ഷനായി. "അബോര്‍ട്ടഡ് നക്സലൈറ്റുകള്‍"ക്കൊപ്പം പ്രതികരിക്കണമെന്ന് ചിലര്‍ അജ്ഞാപിച്ചാല്‍ അതിനൊപ്പം നില്‍ക്കാന്‍ അഭിമാനമുള്ള എഴുത്തുകാര്‍ തയ്യാറാകില്ലെന്ന് വൈശാഖന്‍ പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘത്തെ കൊലയാളിസംഘമെന്ന് വിശേഷിപ്പിച്ചവര്‍ ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് വ്യക്തമാക്കണം. ആരാണ് പ്രതികളെന്ന് പൊലീസിനേക്കാള്‍ മുമ്പേ കണ്ടെത്തുകയും തുടര്‍ച്ചയായ എഴുത്തിലൂടെ അവരെ കുറ്റവാളികളാക്കുകയും ചെയ്യുകയാണ് ചില മാധ്യമങ്ങള്‍. ജനപ്രിയമെന്ന് പറഞ്ഞ് ചിലത് എഴുതിപ്പിടിപ്പിച്ചാല്‍ അത് സത്യമാകില്ല. ജനപ്രിയതയല്ല, ജനന്മയാകണം മാധ്യമലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ എന്‍ ഗണേഷ്, പ്രൊഫ. ഇ രാജന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്, ഡോ. ഷീല വിശ്വനാഥന്‍,പ്രൊഫ. ടി എ ഉഷാകുമാരി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, എ വി സതീശന്‍, സി സുമേഷ്, സി ആര്‍ ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ. കെ യു അരുണന്‍ സ്വാഗതം പറഞ്ഞു.
deshabhimani 020612
Subscribe to:
Post Comments (Atom)
No comments:
Post a Comment