Saturday, June 2, 2012

പൊലീസ് സ്ഥലംമാറ്റം വയര്‍ലസ്സിലൂടെ മന്ത്രി റദ്ദാക്കി


കൊച്ചി: ജില്ലയിലെ സിറ്റി പൊലീസ് അതിര്‍ത്തിയിലെ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും സിവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റ ഉത്തരവ് പൊലീസ് അസോസിയേഷന്‍ നേതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങി മന്ത്രി ഇടപെട്ട് മരവിപ്പിച്ചു. പൊലീസുകാരുടെ ഓപ്ഷന്‍ അഭ്യര്‍ഥനപ്രകാരം സിറ്റി പൊലീസ് കമീഷണര്‍ എം ആര്‍ അജിത്കുമാര്‍ തയ്യാറാക്കിയ സ്ഥലംമാറ്റ ഉത്തരവാണ് മന്ത്രി കെ ബാബു ഇടപെട്ട് മണിക്കൂറുകള്‍ക്കകം മരവിപ്പിച്ചത്. ഏപ്രിലില്‍ നടക്കേണ്ട സ്ഥലംമാറ്റം അധ്യയനവര്‍ഷം ആരംഭിക്കാറായിട്ടും നീളുകയാണ്. പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് പലര്‍ക്കും ആഗ്രഹിച്ച ഇടങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിച്ചില്ല എന്നതും സ്ഥലംമാറ്റം വാഗ്ദാനംചെയ്ത് പണം വാങ്ങിയ നേതാക്കളുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെടാതിരുന്നതുമാണ് നൊടിയിടയില്‍ സ്ഥലംമാറ്റം റദ്ദാക്കാന്‍ കാരണം. മെയ് 30 വച്ച് ഉടന്‍ നടപ്പാക്കണമെന്ന ശുപാര്‍ശയോടെ ബുധനാഴ്ച പകല്‍ അയച്ച റിപ്പോര്‍ട്ട് ബുധനാഴ്ച രാത്രി 11-ഓടെ വയര്‍ലസ് സന്ദേശത്തിലൂടെയാണ് റദ്ദാക്കിയത്. കമീഷണര്‍ തയ്യാറാക്കിയ സ്ഥലംമാറ്റ ഉത്തരവ് അദ്ദേഹത്തെക്കൊണ്ടുതന്നെ മന്ത്രി റദ്ദാക്കിക്കുകയായിരുന്നു.

പൊലീസുകാര്‍ നല്‍കിയ സ്ഥലംമാറ്റ അപേക്ഷ കണക്കിലെടുത്തും നിയമപരമായ മറ്റു പരാതികള്‍ക്കും ആരുടെയും ശുപാര്‍ശകള്‍ക്കും വഴങ്ങാതെയുമാണ് കമീഷണര്‍ സ്ഥലംമാറ്റ ലിസ്റ്റ് തയ്യാറാക്കിയത്. എന്നാല്‍ ഇത് തങ്ങള്‍ക്കു വിനയാകുമെന്നു കണ്ട് പൊലീസ് അസോസിയേഷന്‍ നേതൃത്വത്തിലെ ഒരുവിഭാഗം മന്ത്രിയെ സമീപിക്കുകയായിരുന്നു. തങ്ങള്‍ നേരിട്ടു പറഞ്ഞാല്‍ കമീഷണര്‍ വഴങ്ങാത്തതിനാലാണ് ഇവര്‍ ഈ നീക്കം നടത്തിയതെന്നാണ് സൂചന. മന്ത്രിയാകട്ടെ മറ്റൊന്നും പരിഗണിക്കാതെ കമീഷണറോട് ലിസ്റ്റ് റദ്ദാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ 59 പേരെയും സിവില്‍ പൊലീസ് ഓഫീസര്‍മാരായ 165 പേരെയുമാണ് സ്ഥലം മാറ്റിയത്. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ സ്ഥലംമാറ്റ ചട്ടം പൂര്‍ണമായി പാലിച്ചുള്ളതാണ് ലിസ്റ്റെന്ന് പൊലീസിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അസോസിയേഷനിലെ ചിലര്‍ക്ക് ഇതിനോട് അതൃപ്തിയാണുള്ളത്. സേനയില്‍ ഏപ്രിലോടെ സ്ഥലംമാറ്റം നടത്തുകയാണ് പതിവ്. സേനാംഗങ്ങളുടെ മക്കള്‍ക്ക് അധ്യയനസൗകര്യം ഒരുക്കുകകൂടി ലക്ഷ്യമിട്ടാണ് ജൂണില്‍ അധ്യയനവര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് സ്ഥലംമാറ്റുന്നത്. എന്നാല്‍ ഇക്കുറി ഇതിനകം വൈകിയിട്ടുള്ള സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കുകകൂടി ചെയ്തതോടെ ഭൂരിപക്ഷം സേനാംഗങ്ങളും ആശങ്കയിലാണ്. സ്ഥലംമാറ്റ ഉത്തരവിലെ അപാകങ്ങള്‍ക്കെതിരെ കഴിഞ്ഞവര്‍ഷം സംസ്ഥാനത്തെ 11 ജില്ലകളിലെ പൊലീസുകാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇനി ഇറക്കാനിരിക്കുന്ന ഉത്തരവ് ഇത്തരത്തില്‍ അപാകമോ ആരുടെയെങ്കിലും താല്‍പ്പര്യം സംരക്ഷിക്കുന്നതിനോ ഉള്ളതാണെങ്കില്‍ കോടതിയെ സമീപിക്കാന്‍തന്നെയാണ് ജില്ലയിലെ ഒരുവിഭാഗം പൊലീസുകാര്‍ ഒരുങ്ങുന്നത്.
(ഷഫീഖ് അമരാവതി)

deshabhimani news

1 comment:

  1. ജില്ലയിലെ സിറ്റി പൊലീസ് അതിര്‍ത്തിയിലെ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും സിവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റ ഉത്തരവ് പൊലീസ് അസോസിയേഷന്‍ നേതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങി മന്ത്രി ഇടപെട്ട് മരവിപ്പിച്ചു. പൊലീസുകാരുടെ ഓപ്ഷന്‍ അഭ്യര്‍ഥനപ്രകാരം സിറ്റി പൊലീസ് കമീഷണര്‍ എം ആര്‍ അജിത്കുമാര്‍ തയ്യാറാക്കിയ സ്ഥലംമാറ്റ ഉത്തരവാണ് മന്ത്രി കെ ബാബു ഇടപെട്ട് മണിക്കൂറുകള്‍ക്കകം മരവിപ്പിച്ചത്. ഏപ്രിലില്‍ നടക്കേണ്ട സ്ഥലംമാറ്റം അധ്യയനവര്‍ഷം ആരംഭിക്കാറായിട്ടും നീളുകയാണ്. പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് പലര്‍ക്കും ആഗ്രഹിച്ച ഇടങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിച്ചില്ല എന്നതും സ്ഥലംമാറ്റം വാഗ്ദാനംചെയ്ത് പണം വാങ്ങിയ നേതാക്കളുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെടാതിരുന്നതുമാണ് നൊടിയിടയില്‍ സ്ഥലംമാറ്റം റദ്ദാക്കാന്‍ കാരണം. മെയ് 30 വച്ച് ഉടന്‍ നടപ്പാക്കണമെന്ന ശുപാര്‍ശയോടെ ബുധനാഴ്ച പകല്‍ അയച്ച റിപ്പോര്‍ട്ട് ബുധനാഴ്ച രാത്രി 11-ഓടെ വയര്‍ലസ് സന്ദേശത്തിലൂടെയാണ് റദ്ദാക്കിയത്. കമീഷണര്‍ തയ്യാറാക്കിയ സ്ഥലംമാറ്റ ഉത്തരവ് അദ്ദേഹത്തെക്കൊണ്ടുതന്നെ മന്ത്രി റദ്ദാക്കിക്കുകയായിരുന്നു.

    ReplyDelete