Friday, June 1, 2012

പൊലീസ് ഭീകരതയ്ക്കെതിരെ ഇനിയും പൊരുതും: എളമരം


ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അടിയന്തരാവസ്ഥയുടെ ഭൂതബാധ

വടകര: നേതാക്കള്‍ക്കെതിരെ കള്ളക്കേസ്, പ്രവര്‍ത്തകരെയും അനുഭാവികളെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നു...ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അടിയന്തരാവസ്ഥയുടെ ഭൂതബാധയിലാണ്. പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീമിനെതിരായ കേസ്. യുഡിഎഫ് നേതൃയോഗ തീരുമാനപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അസഹിഷ്ണുതയെപ്പറ്റിയും ജനാധിപത്യമൂല്യങ്ങളെപ്പറ്റിയും നിരന്തരം അഭിപ്രായം പറയുന്നവരാണ് സങ്കുചിത നിലപാടുമായി പൊലീസിനെ തുടര്‍ച്ചയായി ആയുധമാക്കുന്നത്. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന ഭരണമുന്നണിയോഗമാണ് കരീമിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. വ്യാഴാഴ്ച രാവിലെ തന്നെ കേസെടുത്ത് പൊലീസ് കൂറ് കാട്ടി.

ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നാരംഭിച്ച സിപിഐ എം വേട്ടയില്‍ ഒടുവിലത്തേതാണ് സംസ്ഥാനസെക്രട്ടറിയറ്റംഗം എളമരം കരീമിനെതിരായ കേസ്. പൊലീസിനെ ഭീഷണിപ്പെടുത്തിയെന്നാണ് കരീമിനെതിരായ കേസ്. വടകരയില്‍ 26ന് സിപിഐ എം സംഘടിപ്പിച്ച എസ്പി ഓഫീസ് മാര്‍ച്ചിലെ പ്രസംഗത്തിന്റെ പേരിലാണ് കേസെടുത്തത്. എസ്പി ഓഫീസ് മാര്‍ച്ചില്‍ പൊലീസ് ഉദ്യോഗസ്ഥരെ കരീം ആക്ഷേപിക്കയോ ഭീഷണിപ്പെടുത്തുകയോ ചെയ്തില്ല. പൊലീസ് നിയമപരമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കേണ്ട സംവിധാനമാണ്. എന്നാല്‍ ചില പൊലീസുദ്യോഗസ്ഥര്‍ അതിന് അപവാദമായി രാഷ്ട്രീയചട്ടുകമായി മാറുന്നുവെന്നാണ് ജനപ്രതിനിധി കൂടിയായ കരീം ചൂണ്ടിക്കാട്ടിയത്. കസ്റ്റഡിയിലെടുത്തവരെ ക്രൂരമായി മര്‍ദിക്കുന്നത് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു പ്രസംഗം.

ഒഞ്ചിയംമേഖലയില്‍ സിപിഐ എം പ്രവര്‍ത്തകരുടെ 78 വീടുകളാണ് തകര്‍ത്തത്. പത്തോളം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചു. വായനശാലകളും പാര്‍ടി ഓഫീസും ബാങ്കും തീയിട്ടു. പ്രധാനവകുപ്പുകള്‍ പ്രകാരം ഇതിനൊന്നും കേസെടുത്തില്ല. അതേസമയം കൊലയില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച സിപിഐ എം ലോക്കല്‍കമ്മിറ്റി അംഗം പടയന്‍കണ്ടി രവീന്ദ്രനടക്കം നിരവധിപേരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചു. പാര്‍ടി ഒഞ്ചിയം ഏരിയാസെക്രട്ടറി സി എച്ച് അശോകന്‍, ഏരിയാകമ്മിറ്റി അംഗം കെ കെ കൃഷ്ണന്‍ എന്നിവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് കള്ളമൊഴി പ്രചരിപ്പിക്കുകയാണ്.
(പി വി ജീജോ)

പൊലീസ് ഭീകരതയ്ക്കെതിരെ ഇനിയും പൊരുതും: എളമരം

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കിയാലും പൊലീസ് ഭീകരതയ്ക്കെതിരെയും പൗരാവകാശ സംരക്ഷണത്തിനായും പോരാടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം പറഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്തിയിട്ടില്ല. തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണ്. കേസെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു. യുഡിഎഫ് ആവശ്യപ്പെടുന്നതനുസരിച്ച് കേസെടുക്കുന്നത് നിയമവാഴ്ചയുടെ തകര്‍ച്ചയാണ്. അടിയന്തരാവസ്ഥയില്‍ "നാവടക്കൂ പണിയെടുക്കൂ" മുദ്രാവാക്യമുയര്‍ത്തി എതിരാളികളെ നിശ്ശബ്ദമാക്കിയതുപോലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനാണ് ശ്രമിക്കുന്നത്.

ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തവരെ വടകര പൊലീസ് ക്യാമ്പില്‍ നിഷ്ഠൂരമായി മര്‍ദിച്ചു. പൊലീസിന്റെ ഇത്തരം നിയമവിരുദ്ധ പ്രവൃത്തികളെ ജനമധ്യത്തില്‍ തുറന്നുകാട്ടുകയാണ് ചെയ്തത്. പൗരാവകാശവും മനുഷ്യാവകാശവും സംരക്ഷിക്കാന്‍ ശബ്ദമുയര്‍ത്തേണ്ടത് ജനപ്രതിനിധിയുടെയും പൊതുപ്രവര്‍ത്തകന്റെയും ചുമതലയാണ്. വടകര ക്യാമ്പില്‍ അടിയന്തരാവസ്ഥയിലെ കക്കയം ക്യാമ്പിനെ അനുസ്മരിപ്പിക്കുന്ന മൂന്നാംമുറയാണ് നടക്കുന്നത്. ശാസ്ത്രീയ അന്വേഷണം എന്ന ആഭ്യന്തരമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാദം പൊളിഞ്ഞു. സിപിഐ എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസ് തയ്യാറാക്കുന്ന മൊഴി പറയിക്കാന്‍ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം ശ്രമിക്കുന്നു. മുല്ലപ്പള്ളിയുടെ ഇടപെടല്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥര്‍ക്ക് ധൈര്യം നല്‍കുകയാണ്. ഇത്തരം കാര്യങ്ങള്‍ വിമര്‍ശിച്ചത് ഭീഷണിയായി തോന്നിയെങ്കില്‍ അത് കുറ്റബോധം കൊണ്ടാണ്. യുഡിഎഫിന്റെ മുഖംമൂടി അഴിഞ്ഞുവീഴുമ്പോഴുള്ള വെപ്രാളമാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതിലൂടെ വെളിപ്പെട്ടതെന്നും എളമരം പറഞ്ഞു.

deshabhimani 010612

1 comment:

  1. നേതാക്കള്‍ക്കെതിരെ കള്ളക്കേസ്, പ്രവര്‍ത്തകരെയും അനുഭാവികളെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നു...ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അടിയന്തരാവസ്ഥയുടെ ഭൂതബാധയിലാണ്. പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീമിനെതിരായ കേസ്. യുഡിഎഫ് നേതൃയോഗ തീരുമാനപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അസഹിഷ്ണുതയെപ്പറ്റിയും ജനാധിപത്യമൂല്യങ്ങളെപ്പറ്റിയും നിരന്തരം അഭിപ്രായം പറയുന്നവരാണ് സങ്കുചിത നിലപാടുമായി പൊലീസിനെ തുടര്‍ച്ചയായി ആയുധമാക്കുന്നത്. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന ഭരണമുന്നണിയോഗമാണ് കരീമിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. വ്യാഴാഴ്ച രാവിലെ തന്നെ കേസെടുത്ത് പൊലീസ് കൂറ് കാട്ടി.

    ReplyDelete