Saturday, June 2, 2012

ഏഷ്യയില്‍ സേനാ സാന്നിധ്യം ശക്തമാക്കും: യുഎസ്


ഏഷ്യ-പസഫിക് മേഖലയില്‍ സേനാ സാന്നിധ്യം ശക്തമാക്കാന്‍ അമേരിക്ക പദ്ധതിയിടുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്റെ ഭാഗമായി സിംഗപ്പുരിലേക്ക് യാത്ര തിരിച്ചപ്പോഴാണ് പനേറ്റ ഏഷ്യയിലും ശാന്തസമുദ്രമേഖലയിലും അശാന്തിയും സംഘര്‍ഷവും വളര്‍ത്തുന്ന തീരുമാനം വെളിപ്പെടുത്തിയത്. ചൈനയെ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഏഷ്യയെ കേന്ദ്രീകരിച്ചുള്ള പുതിയ തന്ത്രം അടുത്ത പതിറ്റാണ്ടിനുള്ളില്‍ മേഖലയില്‍ കൂടുതല്‍ അമേരിക്കന്‍ സൈനികരെയും അത്യാധുനിക ആയുധങ്ങളും വിന്യസിക്കുന്നത് ആയിരിക്കുമെന്ന് പനേറ്റ പറഞ്ഞു.

വലിയ താവളങ്ങള്‍ നിര്‍മിക്കുന്നതിനു പകരം "പങ്കാളി രാഷ്ട്രങ്ങളു"മായി സംയുക്ത അഭ്യാസങ്ങള്‍, പരിശീലനങ്ങള്‍, സേനാ നടപടികള്‍ തുടങ്ങിയ ഹ്രസ്വകാല ദൗത്യങ്ങള്‍ക്കായി യുദ്ധക്കപ്പലുകളും വിമാനങ്ങളും സൈനികരെയുമടക്കം അമേരിക്കന്‍ സേനാ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് പരിപാടി. ശാന്തസമുദ്രമേഖലയിലെ അമേരിക്കന്‍ ശക്തിപ്രകടനം വര്‍ധിപ്പിക്കുമെന്നും പനേറ്റ പറഞ്ഞു. നിലവില്‍ 3,30,000 അമേരിക്കന്‍ സൈനികരാണ് പസഫിക് കമാന്‍ഡ് മേഖലയിലുള്ളത്. മേഖലയില്‍ അമേരിക്കന്‍ സൈനികരുടെ അനുപാതം വര്‍ധിക്കുമെന്നും പനേറ്റ പറഞ്ഞു.

deshabhimani 020612

1 comment:

  1. അമേരിക്കന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളില്‍ 60 ശതമാനവും 2020ഓടെ ഏഷ്യ-പസഫിക് മേഖലയില്‍ വിന്യസിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പറഞ്ഞു. മേഖലയില്‍ പ്രത്യേകശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഈ നീക്കം ചൈനയെ ലക്ഷ്യമിട്ടല്ലെന്ന് പനേറ്റ അവകാശപ്പെട്ടു. ഇന്ത്യയടക്കം ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒമ്പതുദിവസത്തെ പര്യടനം ആരംഭിച്ച പനേറ്റ സിംഗപ്പൂരില്‍ ഒരു സുരക്ഷാസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. നിലവില്‍ 285 യുദ്ധക്കപ്പലുകളാണ് അമേരിക്കയ്ക്കുള്ളത്. അവ ഇപ്പോള്‍ ഏകദേശം പകുതിവീതം ശാന്തസമുദ്രത്തിലും അത്ലാന്റിക്കിലുമായാണ് വിന്യസിച്ചിട്ടുള്ളത്. അത്ലാന്റിക്കിലെ പടക്കപ്പലുകളുടെ എണ്ണം 40 ശതമാനമായി കുറച്ച് ശാന്തസമുദ്രത്തില്‍ 60 ശതമാനമായി കൂട്ടുന്നതിനുള്ള തീരുമാനം ചൈനയ്ക്കും ഗുണകരമാണെന്നാണ് പനേറ്റയുടെ വാദം. അമേരിക്കന്‍ ക്രുയിസറുകള്‍, ഡിസ്ട്രോയറുകള്‍, പടക്കപ്പലുകഹ, അന്തര്‍വാഹിനികള്‍ എന്നിവയില്‍ ഭൂരിപക്ഷവും ആറ് വിമാനവാഹിനി കപ്പലുകളും ഏഷ്യ-ശാന്തസമുദ്രമേഖലയില്‍ വിന്യസിക്കുമെന്ന് പനേറ്റ പറഞ്ഞു. ഇന്ത്യയുമായി അമേരിക്കയ്ക്ക് ശക്തമായ സുരക്ഷാപങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനാണ് തന്റെ സന്ദര്‍ശനത്തില്‍ ഊന്നലെന്ന് പനേറ്റ പറഞ്ഞു. ചൊവ്വാഴ്ചയാണ് പനേറ്റ ഇന്ത്യയില്‍ എത്തുന്നത്. ചൈനയുമായുള്ള തന്ത്രപ്രധാനബന്ധം പരസ്പര സൈനികവിനിമയത്തിലൂടെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും പനേറ്റ പറഞ്ഞു. ചൈനയില്‍ പനേറ്റ ഇപ്പോള്‍ സന്ദര്‍ശനം നടത്തുന്നില്ല.

    ReplyDelete