Saturday, June 2, 2012

വിദ്യാര്‍ഥികള്‍ക്ക് സംഘടനാസ്വാതന്ത്ര്യം ഉറപ്പാക്കണം: യുജിസി


സര്‍വകലാശാലാതലത്തിലെ വിദ്യാര്‍ഥികള്‍ക്ക് അംഗീകൃത വിദ്യാര്‍ഥി സംഘടനകളില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് യുജിസി നിര്‍ദേശിച്ചു. സര്‍വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അവകാശങ്ങളും ചുമതലകളും സംബന്ധിച്ച കരട് രേഖയിലാണ് നിര്‍ദേശം. കരട് സംബന്ധിച്ച് വിദ്യാര്‍ഥി സംഘടനകള്‍, അധ്യാപക സംഘടനകള്‍, തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സര്‍വകലാശാലകളിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുമായി യുജിസി അധികൃതര്‍ ചര്‍ച്ച നടത്തി നിര്‍ദേശം സ്വീകരിച്ചു. ഇവ കൂടി പരിഗണിച്ച് അന്തിമമായ പെരുമാറ്റച്ചട്ടം അടുത്തുതന്നെ യുജിസി തയ്യാറാക്കും.

സര്‍വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ഥികളുടെ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യവേദിയുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തണമെന്ന് യോഗത്തില്‍ എസ്എഫ്ഐ നിര്‍ദേശിച്ചു. ഇത് യുജിസി അംഗീകരിച്ചു. യോഗത്തില്‍ എസ്എഫ്ഐയെ പ്രതിനിധാനംചെയ്ത് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കെ ശിവദാസന്‍ പങ്കെടുത്തു. സര്‍വകലാശാലകളിലും കോളേജുകളിലും ഉറപ്പായും പാലിക്കേണ്ട മാനദണ്ഡങ്ങളും മര്യാദകളും സംബന്ധിച്ച വിശദമായ രേഖയാണ് യുജിസി മുന്നോട്ടുവച്ചത്. അംഗീകൃത വിദ്യാര്‍ഥി സംഘടനകളില്‍ അംഗങ്ങളാകുന്ന വിദ്യാര്‍ഥികളോട് സര്‍വകലാശാലകളും കോളേജുകളും പ്രതികാര മനോഭാവത്തോടെ പെരുമാറുകയോ അവരോട് വിവേചനം കാട്ടുകയോ ചെയ്യരുതെന്ന് യുജിസി നിര്‍ദേശിക്കുന്നു. മതം, ജാതി, വര്‍ഗം, വര്‍ണം, വംശം, ലിംഗം, ജന്മദേശം, സാമൂഹ്യ-സാമ്പത്തികസ്ഥിതി, പ്രായം, വൈകല്യം എന്നിവയുടെ പേരില്‍ വിവേചനമരുത്. അക്രമം, മോശമായ പെരുമാറ്റം എന്നിവയില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം ഉണ്ടാകണം. നിയമപരമായി ലഭിക്കേണ്ട അവകാശം ഉറപ്പുവരുത്തണം. വിദ്യാര്‍ഥികളുടെ അന്തസ്സും മനുഷ്യാവകാശവും ഹനിക്കുന്ന പ്രവര്‍ത്തനം ഉണ്ടാകരുത്. വിദ്യാര്‍ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തി മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കണം. ക്യാമ്പസുകളിലെ എല്ലാ സൗകര്യങ്ങളിലും ആനുകൂല്യങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് തുല്യ അവകാശം ഉണ്ടാകണം.

വിദ്യാര്‍ഥികളുടെ പഠനപ്രവര്‍ത്തനം സത്യസന്ധമായും സുതാര്യമായും വിലയിരുത്തപ്പെടണം. തങ്ങള്‍ക്ക് പഠിക്കാനുള്ള വിഷയങ്ങള്‍ ഏതെല്ലാമെന്ന് അധ്യാപകരില്‍നിന്ന് രേഖാമൂലം അറിയാനുള്ള അവകാശം വിദ്യാര്‍ഥിക്കുണ്ട്. കൃത്യസമയത്ത് സ്ഥിരമായി ക്ലാസുകളില്‍ ഹാജരാകണമെന്ന് വിദ്യാര്‍ഥികളോടും രേഖ നിര്‍ദേശിക്കുന്നു. അക്രമവും ദുഷ്പ്രവൃത്തികളും പാടില്ല. സ്ഥാപനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കണം. സഹപാഠികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ വികാരം മാനിക്കണം. കോളേജുകളും സര്‍വകലാശാലകളും നിയമാനുസൃതമായ ഫീസല്ലാതെ പ്രവേശനത്തിന് പ്രതിഫലമായി പണം കൈപ്പറ്റരുത്. കൃത്യമായ രസീത് നല്‍കാതെ ഒരു ഫീസും സ്വീകരിക്കരുത്. നിയമാനുസൃത നടപടിക്രമങ്ങളിലൂടെയല്ലാതെ പ്രവേശനം നല്‍കരുത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പാടില്ല. ഒരു കാരണവശാലും വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്ക്കരുത്- യുജിസി നിര്‍ദേശിക്കുന്നു.
(വി ജയിന്‍)

deshabhimani 030612

1 comment:

  1. സര്‍വകലാശാലാതലത്തിലെ വിദ്യാര്‍ഥികള്‍ക്ക് അംഗീകൃത വിദ്യാര്‍ഥി സംഘടനകളില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് യുജിസി നിര്‍ദേശിച്ചു. സര്‍വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അവകാശങ്ങളും ചുമതലകളും സംബന്ധിച്ച കരട് രേഖയിലാണ് നിര്‍ദേശം. കരട് സംബന്ധിച്ച് വിദ്യാര്‍ഥി സംഘടനകള്‍, അധ്യാപക സംഘടനകള്‍, തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സര്‍വകലാശാലകളിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുമായി യുജിസി അധികൃതര്‍ ചര്‍ച്ച നടത്തി നിര്‍ദേശം സ്വീകരിച്ചു. ഇവ കൂടി പരിഗണിച്ച് അന്തിമമായ പെരുമാറ്റച്ചട്ടം അടുത്തുതന്നെ യുജിസി തയ്യാറാക്കും.

    ReplyDelete