Saturday, June 2, 2012
കൊന്നവനെ കോണ്‍ഗ്രസ് രക്ഷിച്ചു: ഡിസിസി ജന.സെക്രട്ടറി
എസ്എഫ്ഐ നേതാവ് കൊച്ചനിയനെ കെഎസ്യുക്കാര്‍ കുത്തിക്കൊന്ന കേസില്‍ യഥാര്‍ഥ പ്രതിയെ ഉന്നതരായ കോണ്‍ഗ്രസ് നേതാക്കള്‍ രക്ഷിച്ചെന്ന് കേസില്‍ ഒന്നാം പ്രതിയായ കോണ്‍ഗ്രസ് നേതാവ്. അന്നത്തെ കെപിസിസി-ഡിസിസി-ഭരണ നേതൃത്വം ഇടപെട്ടാണ് കൊലപാതകിയെ കേസില്‍ നിന്ന് ഒഴിവാക്കിയതെന്ന് കേസില്‍ ഒന്നരവര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിക്കുകയും പിന്നീട് കോടതി വെറുതേ വിടുകയും ചെയ്ത ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എം എസ് അനില്‍കുമാര്‍ "ദേശാഭിമാനി"യോട് വെളിപ്പെടുത്തി.
1992 ഫെബ്രുവരി 29നാണ് തൃശൂരില്‍ കലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ കലോത്സവത്തിനിടെ എസ്എഫ്ഐ ജില്ലാകമ്മിറ്റിയംഗവും കുട്ടനെല്ലൂര്‍ ഗവ. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ ആര്‍ കെ കൊച്ചനിയനെ കെഎസ്യുക്കാര്‍ കൊലപ്പെടുത്തിയത്. കെഎസ്യു പ്രവര്‍ത്തകരായിരുന്ന എം എസ് അനില്‍കുമാര്‍, എം കെ മുകുന്ദന്‍, മാര്‍ട്ടിന്‍ എന്നിവര്‍ അറസ്റ്റിലായി. അനില്‍കുമാറിനെ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വെറുതെവിട്ടു. കെ കരുണാകരന്‍ മുഖ്യമന്ത്രിയും സി എന്‍ ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റും എ കെ ആന്റണി കെപിസിസി പ്രസിഡന്റുമായിരിക്കെയാണ് കൊലപാതകിയെ രക്ഷിക്കാന്‍ ചരടുവലി നടന്നത്. "വടക്കാഞ്ചേരി വ്യാസകോളേജിലെ കെഎസ്യു പ്രവര്‍ത്തകനായ ബിരുദവിദ്യാര്‍ഥിയായിരുന്നു കൊല നടത്തിയത്. എന്നാല്‍ അന്വേഷണം അയാളിലേക്ക് തിരിഞ്ഞില്ല. ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവായിരുന്നു ഇയാള്‍. ഡിസിസി-കെപിസിസി നേതൃത്വങ്ങളേയും ഭരണനേതൃത്വത്തേയും അവര്‍ സ്വാധീനിച്ചു. മുഖ്യപ്രതി അന്നുമുതല്‍ ഒളിവിലാണ്. ചില കോണ്‍ഗ്രസ് നേതാക്കളുടെ ചതിയില്‍ ഞങ്ങള്‍ കുടുങ്ങി-അനില്‍കുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയവും പ്രതികളെ രക്ഷിക്കാനുള്ള കുതന്ത്രങ്ങളുമാണ് ജില്ലാ നേതാവിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്. കൊലപാതകികളെ ഒരുകാലത്തും സംരക്ഷിച്ചിട്ടില്ലെന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം ഇതോടെ പൊളിയുന്നു. "കൊന്നവനെ രക്ഷിക്കാനും നിരപരാധികളായ ഞങ്ങളെ കുടുക്കാനും ശക്തമായ ശ്രമമാണ് നേതാക്കള്‍ നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് ഞങ്ങളെ ധരിപ്പിച്ചത്. ഞങ്ങള്‍ വെറുതെ പൊലീസ് സ്റ്റേഷനില്‍ ഹാജരായാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. ചതി പിന്നീടാണ് മനസ്സിലായത്. യഥാര്‍ഥപ്രതിയെ നാട്ടില്‍നിന്നും മാറ്റിയിരുന്നു. പകരം ഞാനാണ് കുത്തിയതെന്നായി. എസ്പിയെയടക്കമുള്ളവരെ സ്ഥലംമാറ്റി. കൊന്നത് ആരാണെന്ന് കെപിസിസി-ഡിസിസി നേതൃത്വത്തെയും അന്വേഷണ ഉദ്യേഗസ്ഥരെയും അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണം അയാളിലേക്ക് തിരിഞ്ഞില്ല."-അനില്‍ കുമാര്‍ പറഞ്ഞു.
"യഥാര്‍ഥ പ്രതി പുറത്തുനില്‍ക്കുമ്പോള്‍ ചെയ്യാത്ത കുറ്റത്തിന് ഞങ്ങള്‍ കുറ്റക്കാരായി. ഞാന്‍ ഒന്നരവര്‍ഷത്തോളം ജയിലില്‍ കിടന്നു. യഥാര്‍ഥ പ്രതിയെ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കെഎസ്യു പ്രവര്‍ത്തകരുടെ സമരപരിപാടികളും നടന്നു. കേസിന്റെ പേരില്‍ സിപിഐ എം എന്നെ ഒരിക്കലും വേട്ടയാടിയിട്ടില്ല. കായികമായി നേരിടാന്‍ ശ്രമിച്ചിട്ടില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കുമ്പോള്‍ കൂടെ നിരവധി സിപിഐ എം പ്രവര്‍ത്തകരുണ്ടായിരുന്നു." കോടതി വെറുതെ വിട്ടശേഷം ഏറെ കാലത്തിനു ശേഷമാണ് അനില്‍കുമാര്‍ രാഷ്ട്രീയത്തില്‍ സജീവമായത്. മുകുന്ദനേയും മാര്‍ട്ടിനേയും വിചാരണ കോടതി തന്നെ വെറുതെവിട്ടിരുന്നു. മുകുന്ദന്‍ ഇപ്പോള്‍ തൃശൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസ് കൗണ്‍സിലറാണ്. മാര്‍ട്ടിന്‍ രാഷ്ട്രീയം ഉപേക്ഷിച്ചു.
(ടി വി വിനോദ്)
deshabhimani 020612
Labels:
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)
എസ്എഫ്ഐ നേതാവ് കൊച്ചനിയനെ കെഎസ്യുക്കാര്‍ കുത്തിക്കൊന്ന കേസില്‍ യഥാര്‍ഥ പ്രതിയെ ഉന്നതരായ കോണ്‍ഗ്രസ് നേതാക്കള്‍ രക്ഷിച്ചെന്ന് കേസില്‍ ഒന്നാം പ്രതിയായ കോണ്‍ഗ്രസ് നേതാവ്. അന്നത്തെ കെപിസിസി-ഡിസിസി-ഭരണ നേതൃത്വം ഇടപെട്ടാണ് കൊലപാതകിയെ കേസില്‍ നിന്ന് ഒഴിവാക്കിയതെന്ന് കേസില്‍ ഒന്നരവര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിക്കുകയും പിന്നീട് കോടതി വെറുതേ വിടുകയും ചെയ്ത ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എം എസ് അനില്‍കുമാര്‍ "ദേശാഭിമാനി"യോട് വെളിപ്പെടുത്തി.
ReplyDelete