Saturday, June 2, 2012

പാര്‍ടിയിലില്ലാത്തയാള്‍ "ബന്ധം മുറിച്ചു"; മനോരമ കുതന്ത്രം നാട്ടിലെങ്ങും പാട്ടായി


പയ്യന്നൂര്‍: സിപിഐ എമ്മുമായി ബന്ധമില്ലാതിരുന്നയാള്‍ "പാര്‍ടി വിട്ടതായി" മനോരമ. കരിവെള്ളൂര്‍ സമരസേനാനി കെ കൃഷ്ണന്‍ മാസ്റ്ററുടെ മകനെക്കുറിച്ചാണ് മനോരമയുടെ കണ്ടെത്തല്‍. കരിവെള്ളൂരിലെ കമ്യൂണിസ്റ്റ്-കര്‍ഷകപ്രസ്ഥാനത്തിന്റെ ഉന്നത നേതാവും കരിവെള്ളൂര്‍ സമരസേനാനിയുമായിരുന്ന കെ കൃഷ്ണന്‍ മാസ്റ്ററുടെ കുടുംബത്തില്‍ മകന്‍ എസ് കെ കുഞ്ഞികൃഷ്ണന്‍ ഒഴികെയുള്ളവരെല്ലാം പാര്‍ടിയുമായി ഗാഢബന്ധമുള്ളവരാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കൃഷ്ണന്‍ മാസ്റ്റര്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ പാര്‍ടിയുമായി ബന്ധമില്ലാത്ത കുഞ്ഞികൃഷ്ണന്‍ പാര്‍ടിയുമായുള്ള ബന്ധം മുറിച്ചെന്നാണ് മനോരമ കണ്ടെത്തിയത്. വ്യാഴാഴ്ച മനോരമയുടെ ഒന്നാം പേജില്‍ ചിത്രമടക്കമാണ് വാര്‍ത്ത. കുഞ്ഞികൃഷ്ണന്‍ വടക്കേ മണക്കാട്ടെ ഒരു വീട്ടിലിരുന്നാണ് മനോരമയ്ക്കുവേണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

""ഓര്‍ക്ക് മരണം വരെയും പാര്‍ടിയായിരുന്നു എല്ലാം. എന്റെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ നോക്കുന്നതും പാര്‍ടിയാണ്. ഈ പാര്‍ടി എനക്കും മക്കള്‍ക്കും പ്രാണനാണ്. ഓറും എ വി കുഞ്ഞമ്പുവും പയങ്ങപ്പാടന്‍ കുഞ്ഞിരാമനും കെട്ടിപ്പടുത്ത പാര്‍ടിയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല""- കൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ കെ വി ലക്ഷ്മിയമ്മ പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ അച്ഛനെ അംഗീകരിക്കാത്ത മനോരമയുടെ മുതലെടുപ്പ് ജനം തിരിച്ചറിയുമെന്ന് കൃഷ്ണന്‍ മാസ്റ്ററുടെ മകള്‍ എസ് കെ ജാനകി പറഞ്ഞു. സിപിഐ എം കട്ടച്ചേരി ബ്രാഞ്ചംഗമാണിവര്‍. ""ഏട്ടന്റെ ഭാര്യ കെ വി ഇന്ദിരയും ഇതേ ബ്രാഞ്ചംഗമാണ്. എന്റെ മറ്റു സഹോദരിമാരായ നാരായണി, ലക്ഷ്മിക്കുട്ടി, ഇന്ദിര, സരസ്വതി എന്നിവരും പാര്‍ടിയുടെ പ്രവര്‍ത്തകരാണ്. എന്റെ ഭര്‍ത്താവ് കെ മാധവന്‍ ദീര്‍ഘകാലം കട്ടച്ചേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. മനോരമ വിചാരിച്ചാല്‍ കമ്യൂണിസ്റ്റുകാരെ ഒന്നും ചെയ്യാന്‍ കഴിയില്ല""- ജാനകി പറഞ്ഞു.

deshabhimani 010612

1 comment:

  1. സിപിഐ എമ്മുമായി ബന്ധമില്ലാതിരുന്നയാള്‍ "പാര്‍ടി വിട്ടതായി" മനോരമ. കരിവെള്ളൂര്‍ സമരസേനാനി കെ കൃഷ്ണന്‍ മാസ്റ്ററുടെ മകനെക്കുറിച്ചാണ് മനോരമയുടെ കണ്ടെത്തല്‍. കരിവെള്ളൂരിലെ കമ്യൂണിസ്റ്റ്-കര്‍ഷകപ്രസ്ഥാനത്തിന്റെ ഉന്നത നേതാവും കരിവെള്ളൂര്‍ സമരസേനാനിയുമായിരുന്ന കെ കൃഷ്ണന്‍ മാസ്റ്ററുടെ കുടുംബത്തില്‍ മകന്‍ എസ് കെ കുഞ്ഞികൃഷ്ണന്‍ ഒഴികെയുള്ളവരെല്ലാം പാര്‍ടിയുമായി ഗാഢബന്ധമുള്ളവരാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കൃഷ്ണന്‍ മാസ്റ്റര്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ പാര്‍ടിയുമായി ബന്ധമില്ലാത്ത കുഞ്ഞികൃഷ്ണന്‍ പാര്‍ടിയുമായുള്ള ബന്ധം മുറിച്ചെന്നാണ് മനോരമ കണ്ടെത്തിയത്. വ്യാഴാഴ്ച മനോരമയുടെ ഒന്നാം പേജില്‍ ചിത്രമടക്കമാണ് വാര്‍ത്ത. കുഞ്ഞികൃഷ്ണന്‍ വടക്കേ മണക്കാട്ടെ ഒരു വീട്ടിലിരുന്നാണ് മനോരമയ്ക്കുവേണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

    ReplyDelete