കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം നടത്താന്‍ അഖിലേന്ത്യ കിസാന്‍സഭ തീരുമാനിച്ചു. ഡല്‍ഹിയില്‍ സമാപിച്ച കേന്ദ്ര കിസാന്‍ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. നവ ഉദാര നയങ്ങള്‍ക്കെതിരെയും പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തിയും ആഗസ്ത്-സെപ്തംബര്‍ മാസങ്ങളില്‍ വ്യാപകമായ പ്രചാരണം സംഘടിപ്പിക്കും. ഇതിനായി സമാന ചിന്താഗതിയുള്ള കര്‍ഷക സംഘടനകളുമായി യോജിച്ച പ്രവര്‍ത്തനം ശക്തമാക്കും.
യുപിഎ സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരെ പുത്തന്‍ ആക്രമണത്തിന് തുടക്കമിട്ടു. കാര്‍ഷികമേഖലയുടെ തകര്‍ച്ചയാണ് യുപിഎയുടെ മുഖമുദ്ര. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് കര്‍ഷക ആത്മഹത്യ ഇല്ലാതിരുന്ന പശ്ചിമബംഗാളിലും കേരളത്തിലും അടക്കം കര്‍ഷക ആത്മഹത്യ ഇപ്പോള്‍ വ്യാപകമായി. ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുമ്പോഴും ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല. വിത്ത്, വളം മേഖല വന്‍കിട കുത്തകകള്‍ കീഴടക്കി. വിലനിര്‍ണയാധികാരം സര്‍ക്കാര്‍ കൈയൊഴിഞ്ഞതോടെ വിത്തിന്റെയും വളത്തിന്റെയും വില കുതിച്ചുയര്‍ന്നു. എല്ലാ വര്‍ഷവും വ്യാപാരികളും കരിഞ്ചന്തക്കാരും കൃത്രിമ വളക്ഷാമം സൃഷ്ടിക്കുന്നു.
2012-13ലെ ബജറ്റില്‍ 6000 കോടി രൂപയുടെ കാര്‍ഷിക സബ്ഡിഡിയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. വളം സബ്സിഡി നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം മാറ്റിയതോടെ ഒരു വര്‍ഷമായി രാസവളംവില കുതിച്ചുയരുന്നു. പഴയ രീതി പുനഃസ്ഥാപിക്കണം. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിയുന്നത് ഗുരുതരമായ സ്ഥിതിയാണ്. മഞ്ഞളിന്റെ വില കഴിഞ്ഞ വര്‍ഷം ക്വിന്റലിന് 16000 രൂപയായിരുന്നത് 2000 ആയി ഇടിഞ്ഞു. നെല്ലിന് കര്‍ഷകര്‍ക്ക് താങ്ങുവിലപോലും കിട്ടുന്നില്ല. നെല്ലിന് ക്വിന്റലിന് വെറും 800 രൂപയാണ് ലഭിക്കുന്നത്. താങ്ങുവിലയേക്കാള്‍ 300 രൂപയിലേറെ കുറവ്. നെല്ലു സംഭരണകേന്ദ്രങ്ങള്‍ പലയിടത്തും പ്രവര്‍ത്തിക്കുന്നില്ല.
കേന്ദ്രവും വിവിധ സംസ്ഥാന സര്‍ക്കാരുകളും ഭൂപരിഷ്കരണം അട്ടിമറിക്കുന്നു. കര്‍ഷകര്‍ കുടിയൊഴിപ്പിക്കപ്പെടുകയും കോര്‍പറേറ്റുകള്‍ ഭൂമി കൈയടക്കുകയുംചെയ്യുന്നു. ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രനീക്കം ജനങ്ങളുടെ ഉപജീവനത്തിന് ഭീഷണിയാണ്.
ജലവിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം വ്യക്തമാക്കുന്നതാണ് ദേശീയ ജലനയത്തിന്റെ കരട്. ഗാര്‍ഹിക-കാര്‍ഷിക രംഗത്തെ ജലവിതരണത്തിനുള്ള സബ്സിഡി എടുത്തുകളയാനും ശ്രമം നടക്കുന്നു. എല്ലാ സംസ്ഥാന യൂണിറ്റും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര കിസാന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കോടിക്കണക്കിനുപേര്‍ പട്ടിണിയില്‍ കഴിയുമ്പോഴും ദരിദ്രരുടെ എണ്ണം കുറഞ്ഞെന്നാണ് ആസൂത്രണ കമീഷന്റെ അവകാശവാദം. അടിസ്ഥാന ആവശ്യങ്ങള്‍പോലും നിറവേറ്റാന്‍ കഴിയാത്ത കോടിക്കണക്കിന് ആളുകളെ എപിഎല്‍ പട്ടികയില്‍പെടുത്തി അവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു. പൊതുവിതരണ സംവിധാനത്തില്‍നിന്നും ഭക്ഷണ സബ്സിഡിയില്‍നിന്നും വലിയ വിഭാഗം ദരിദ്രരെ പുറത്താക്കുന്നു. ജനങ്ങള്‍ പട്ടിണി കിടക്കുമ്പോഴും ഗോതമ്പ് കയറ്റുമതിയെക്കുറിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
No comments:
Post a Comment