Tuesday, June 12, 2012

അഞ്ചാംമന്ത്രി വന്നു; അഞ്ചാംപനിയും


"ചൂട്ട് കുരങ്ങന്റെ കൈയിലായാല്‍ പുരകത്തിക്കും. മനുഷ്യന്റെ പക്കലാണെങ്കില്‍ വെളിച്ചം പകരും". ഹൗസിങ് ബോര്‍ഡില്‍ സ്വകാര്യപങ്കാളിത്തത്തിനുള്ള ബില്ലുമായി കെ എം മാണി വന്നപ്പോള്‍ പുരകത്തുമോയെന്ന് എ കെ ബാലന് ഭയമായി. മാണി വിങ്ങിപ്പൊട്ടിയില്ലെന്നേയുള്ളൂ. ഹൗസിങ് ബോര്‍ഡിന്റെ "ചത്തുകിടക്കുന്" ഭൂമിയെ "വാല്യബിള്‍" ആക്കാന്‍ പെടുന്ന പാട് മാണിതന്നെ വിശദമാക്കിയെങ്കിലും പിന്‍ബഞ്ചിലിരുന്ന ബെന്നി ബഹനാനും ടി എന്‍ പ്രതാപനും തെല്ലും ബോധിച്ച മട്ടില്ല. പകര്‍ച്ചപ്പനിയെക്കുറിച്ചുള്ള അടിയന്തരപ്രമേയവും തുടര്‍ന്നുള്ള ഇറങ്ങിപ്പോക്കും ചൂടുപകര്‍ന്നെങ്കിലും അഞ്ചാം സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ ശാന്തതയാണ് സഭാതലത്തില്‍ നിറഞ്ഞത്. ഭവനിര്‍മാണ ബോര്‍ഡ് ഭേദഗതിബില്ലും ഇരട്ടപ്പദവിയുമായി ബന്ധപ്പെട്ട അയോഗ്യത നീക്കംചെയ്യല്‍ ഭേദഗതി ബില്ലും സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഭവനിര്‍മാണ ബോര്‍ഡ് ഭേദഗതി ബില്ലിന്മേല്‍ ഭരണപക്ഷത്ത് വിമതസ്വരം ഉയര്‍ന്നത് കെ എം മാണിയെ ഞെട്ടിച്ചു. ഭേദഗതി അവതരിപ്പിച്ച ബെന്നി ബഹനാനാണ് മാണിക്കെതിരെ മൂര്‍ച്ച കൂട്ടിയത്.

ഹൗസിങ് ബോര്‍ഡ് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കുന്നതിനെ എതിര്‍ത്ത ബെന്നി റവന്യൂടവര്‍ നിര്‍മാണത്തിലെ ദുരനുഭവം ഓര്‍മിപ്പിക്കാനും മറന്നില്ല. കോണ്‍ഗ്രസില്‍ നിന്നുണ്ടായ അപ്രതീക്ഷിത നീക്കത്തില്‍ മാണിയുടെ ചുവട് ഒന്നുപിഴച്ചു. മുന്‍ സര്‍ക്കാരിന്റെ കുഞ്ഞിനെ കൊള്ളാമെന്ന് കണ്ട് താന്‍ എടുക്കുകമാത്രമാണ് ചെയ്തതെന്നായി മാണി. "മരിച്ചു മരവിച്ചു കിടന്" ഭവന നിര്‍മാണ ബോര്‍ഡിനെക്കുറിച്ചും അദ്ദേഹം വാചാലനായി. ബെന്നിക്കും കൂട്ടര്‍ക്കും അതൊക്കെ ബോധ്യമായോയെന്ന് വരുംദിനങ്ങളിലറിയാം. പകര്‍ച്ചപ്പനിയും മാലിന്യനിര്‍മാര്‍ജന പ്രശ്നവും സഭ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി ശിവന്‍കുട്ടിയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. നാടാകെ മാലിന്യവും പകര്‍ച്ചപ്പനിയും പടരുമ്പോള്‍ 144 പ്രഖ്യാപിച്ചിട്ട് കാര്യമെന്തെന്ന് ശിവന്‍കുട്ടി ചോദിച്ചു. മഞ്ഞളാംകുഴി അലിയെ ഒരു കാരണവശാലും ചവര്‍മന്ത്രിയെന്ന് വിളിക്കില്ലെന്ന പ്രഖ്യാപിത നിലപാട് ശിവന്‍കുട്ടി വെളിപ്പെടുത്തി. പക്ഷേ, മാലിന്യം നീക്കാന്‍പോലും കഴിയാത്ത മന്ത്രിയെന്ന് അലി തെളിയിച്ചെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. വഴക്കുണ്ടാക്കിയും മുഖ്യമന്ത്രിയെ വിരട്ടിയും എന്തിന് മന്ത്രിയായെന്ന ശിവന്‍കുട്ടിയുടെ ചോദ്യത്തോട് അലി പ്രതികരിച്ചില്ല. അഞ്ചാംമന്ത്രി വന്നപ്പോള്‍ അഞ്ചാംപനി പടരുകയാണെന്ന പക്ഷത്താണ് മാത്യു ടി തോമസ്. സര്‍ക്കാരിന്റെ പ്രഖ്യാപനവും യാഥാര്‍ഥ്യവും തമ്മില്‍ പൊരുത്തമില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി. ഇത് എന്തുകൊണ്ടാണെന്ന് ഉമ്മന്‍ചാണ്ടിക്ക് പ്രിയപ്പെട്ട വിജിലന്‍സിനെക്കൊണ്ട് ഒരു അന്വേഷണം നടത്തിക്കൂടേയെന്നായി വി എസ്. പനി നിയന്ത്രിക്കാന്‍ പ്രതിപക്ഷത്തുനിന്ന് ആരെയെങ്കിലും സഹായത്തിന് വേണമെങ്കില്‍ വിട്ടുകൊടുക്കാനും പ്രതിപക്ഷ നേതാവ് സന്നദ്ധനാണ്. അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളണമെന്ന എ കെ ബാലന്റെ അഭിപ്രായത്തോട് മുഖ്യമന്ത്രിയും യോജിച്ചു. ഭവനിര്‍മാണ ബോര്‍ഡ് ഭേദഗതി ബില്ലിന്റെ അവതാരകനായ കെ എം മാണിക്ക് മറ്റെന്തോ താല്‍പ്പര്യമുണ്ടെന്ന് ഇ എസ് ബിജിമോള്‍ക്ക് സംശയം.

വന്‍കിട ബില്‍ഡേഴ്സിനു വേണ്ടി കൊണ്ടുവന്ന ബില്ലാണിതെന്നാണ് ബിജിമോളുടെ നിലപാട്. സോണിയ ഗാന്ധി, ജയാ ബച്ചന്‍, രാമകൃഷ്ണ ഹെഗ്ഡേ എന്നിവരുടെ നിരയിലേക്ക് ഉയരാന്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന് സുവര്‍ണാവസരമുണ്ടെന്നാണ് സാജുപോളിന്റെ പക്ഷം. ഇരട്ടപ്പദവി പ്രശ്നത്തില്‍നിന്ന് തലയൂരാന്‍ പി സി ജോര്‍ജ് രാജിവച്ചാല്‍ ഒറ്റയടിക്ക് സോണിയ ഗാന്ധിക്കൊപ്പം എത്താമത്രേ. പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരെ ഇരട്ടപ്പദവിയില്‍നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച ബില്‍ പി സി ജോര്‍ജിനു വേണ്ടി മാത്രമുള്ളതാണെന്ന് സാജുവും എസ് രാജേന്ദ്രനും വാദിച്ചു. ആനുകൂല്യം പറ്റി നാടുനീളെ വായാടിത്തം പറഞ്ഞുനടക്കുന്ന ചുമതലയാണ് ജോര്‍ജിനെന്ന് കെ രാജു. ആറും ഏഴും മന്ത്രിമാരുണ്ടെന്ന നിലപാടാണ് സാജു പോളിന്. അഞ്ചാംമന്ത്രി അലിയാണെങ്കില്‍ ആറാമന്‍ ഷാഫി മേത്തറും ഏഴാമന്‍ സാം പിട്രോഡയുമാണെന്ന് സാജുവിന് തീര്‍ച്ച. പക്ഷേ, ഇതൊന്നും മുഖ്യമന്ത്രിയെ അലട്ടിയില്ല. ബില്‍ കൊണ്ടുവന്നതിലുള്ള സന്തോഷമാണ് മനസ്സുനിറയെ. ഉമ്മന്‍ചാണ്ടിയുടെ വാത്സല്യത്തില്‍ ജോര്‍ജിന്റെ കണ്ണ് നിറഞ്ഞുതുളുമ്പിയോ ആവോ.
(കെ ശ്രീകണ്ഠന്‍)

deshabhimani 120612

1 comment:

  1. "ചൂട്ട് കുരങ്ങന്റെ കൈയിലായാല്‍ പുരകത്തിക്കും. മനുഷ്യന്റെ പക്കലാണെങ്കില്‍ വെളിച്ചം പകരും". ഹൗസിങ് ബോര്‍ഡില്‍ സ്വകാര്യപങ്കാളിത്തത്തിനുള്ള ബില്ലുമായി കെ എം മാണി വന്നപ്പോള്‍ പുരകത്തുമോയെന്ന് എ കെ ബാലന് ഭയമായി. മാണി വിങ്ങിപ്പൊട്ടിയില്ലെന്നേയുള്ളൂ. ഹൗസിങ് ബോര്‍ഡിന്റെ "ചത്തുകിടക്കുന്" ഭൂമിയെ "വാല്യബിള്‍" ആക്കാന്‍ പെടുന്ന പാട് മാണിതന്നെ വിശദമാക്കിയെങ്കിലും പിന്‍ബഞ്ചിലിരുന്ന ബെന്നി ബഹനാനും ടി എന്‍ പ്രതാപനും തെല്ലും ബോധിച്ച മട്ടില്ല. പകര്‍ച്ചപ്പനിയെക്കുറിച്ചുള്ള അടിയന്തരപ്രമേയവും തുടര്‍ന്നുള്ള ഇറങ്ങിപ്പോക്കും ചൂടുപകര്‍ന്നെങ്കിലും അഞ്ചാം സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ ശാന്തതയാണ് സഭാതലത്തില്‍ നിറഞ്ഞത്. ഭവനിര്‍മാണ ബോര്‍ഡ് ഭേദഗതിബില്ലും ഇരട്ടപ്പദവിയുമായി ബന്ധപ്പെട്ട അയോഗ്യത നീക്കംചെയ്യല്‍ ഭേദഗതി ബില്ലും സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഭവനിര്‍മാണ ബോര്‍ഡ് ഭേദഗതി ബില്ലിന്മേല്‍ ഭരണപക്ഷത്ത് വിമതസ്വരം ഉയര്‍ന്നത് കെ എം മാണിയെ ഞെട്ടിച്ചു. ഭേദഗതി അവതരിപ്പിച്ച ബെന്നി ബഹനാനാണ് മാണിക്കെതിരെ മൂര്‍ച്ച കൂട്ടിയത്.

    ReplyDelete