ചരിത്രം അടയാളപ്പെടുത്താതെ പോയ അടിയാളന്റെ പോരാട്ട കഥ പുനര്‍ജനിക്കുകയാണ്.വന്യതയുടെ കരുത്തിന് മുമ്പില്‍ സായ്പിന്റെ വെടിയുണ്ടകള്‍ പരാജയപ്പെട്ട ധീരതയുടെ ചരിത്രമാണ് കാലങ്ങള്‍ക്ക് ശേഷം പകര്‍ത്തി എഴുതപ്പെടുന്നത്. ജനപഥങ്ങളുടെ പരിണാമദശകളിലെല്ലാം ഉണ്ടായിരുന്ന ആദി മനുഷ്യന്റെ വേദനകളും പോരാട്ടങ്ങളും ഒന്നും ചരിത്രം ഇത് വരെ രേഖപ്പെടുത്തിയിട്ടില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പലപ്പോഴും സന്ധി ചെയ്തും സ്വന്തം താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ മാത്രം പോരാടിയും ചരിത്രത്തിലിടം നേടിയ നാട്ടുരാജാക്കന്മാരുടേയും സാമന്തന്‍മാരുടേയും ചരിത്രമേ സവര്‍ണ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളു.അയിത്തവും അനാചരങ്ങളും നിറഞ്ഞ ഇന്ത്യയിലെ അക്കാലത്തെ സാമൂഹ്യ വ്യവസ്ഥയില്‍ അധ:സ്ഥിതന്റെ് ശബ്ദം കേള്‍ക്കാതെ പോയി.
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന. കുറിച്യകലാപം എന്ന് സായ്പ്പ് പേരിട്ട ആദിവാസി കര്‍ഷകകലാപം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ആദ്യ പോരാട്ടമായിരുന്നു. സാമ്രാജ്യത്വത്തിനെതിരെയുളള പോരാട്ടത്തില്‍ വിസ്മരിക്കാനാകാത്ത പഴശി രാജാവിന്റെ വിശ്വസ്തരായിരുന്നു കുറിച്യ സമുദായക്കാര്‍. തലക്കല്‍ ചന്തുവും എടച്ചന കുങ്കനും ബ്രിട്ടീഷ് പട്ടാളത്തിനെതിരെ നിര്‍ഭയം പോരാടിയാണ് മരണം വരിച്ചത്. പഴശി രാജാവിനെ വധിച്ച ശേഷം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറിച്യകലാപം നടന്നത്. പഴശിയുടെ കാലം മുതല്‍ തന്നെ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായിരുന്നു കുറുമരും കുറിച്യരും. ബ്രിട്ടീഷുകാര്‍ ആദിവാസികളുടെ ഭൂമി പിടിച്ചെടുത്തു. അധിക നികുതി ചുമത്തി. കാട് വെട്ടിതെളിയിച്ച് കൃഷി ചെയ്യാനുള്ള അവകാശം നിഷേധിച്ചു.കറുത്ത നിറമുള്ള ആദിവാസികളെ മനുഷ്യരായിപോലും വര്‍ണവെറി പിടിച്ച സായ്പന്മാര്‍ കണക്കാക്കിയില്ല. കാടിന്റെ ഉള്‍ക്കരുത്തും മനോ ധൈര്യവും ആത്മാഭിമാനവും കൈമുതലാക്കി മുറിവേറ്റ ആദിവാസികള്‍ ചെറുത്ത് നില്‍പ്പാരംഭിച്ചു.കാടിന്റെ ശരീരശാസ്ത്രം സായിപ്പിനേക്കാള്‍ നന്നായി അറിയാവുന്ന ആദിവാസികളുടെ ഒളിപ്പോരിന് മുമ്പില്‍ പിടിച്ച് നില്‍ക്കാനാകാതെ സായ്പ് കിതച്ചു.കുറ്റ്യാടി ചുരത്തില്‍ വെച്ച് കമ്പനി പട്ടാളത്തെ ആദിവാസികള്‍ ചെറുത്ത് തോല്‍പ്പിച്ചതായും പരാജയപ്പെട്ട ബ്രിട്ടീഷ് പട്ടാളം ശ്രീരംഗപട്ടണത്തിലേക്ക് പിന്‍വാങ്ങിയതായും എഴുതപ്പെടാത്ത ചരിത്രം പറയുന്നു.
പുല്‍പ്പള്ളിയിലെ പാക്കം, കുറിച്യാട്, എടത്തറ, കണിയാമ്പറ്റ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച ബ്രിട്ടീഷ് സൈന്യം ആദിവാസിഗ്രാമങ്ങള്‍ വളഞ്ഞ് കൊലയും കൊള്ളയും നടത്തി. ആദിവാസി കലാപം ആറ് മാസം തുടര്‍ന്നു.കലാപത്തെ നേരിടാന്‍ കഴിയാതെ മലബാര്‍ കലക്ടര്‍ രാജിവെച്ചു.ശ്രീരംഗപട്ടണത്ത് നിന്ന് രണ്ടായിരത്തോളം പട്ടാളക്കാര്‍ വയനാട്ടിലേക്ക് മാര്‍ച്ച് ചെയ്തു.ആറ് മാസം നീണ്ട യുദ്ധത്തില്‍ പ്ലാക്കര ചന്തു, അയിരവീട്ടില്‍ കോന്തപ്പന്‍, മാമ്പിലാന്തോട്ടന്‍ യാമു,എന്നീ ആദിവാസി നേതാക്കള്‍ കൊലചെയ്യപ്പെട്ടു.മറ്റൊരു നേതാവായ രാമനമ്പിയെ പട്ടാളം പിടികൂടി തല അറുത്തെടുത്ത് ബന്ധുക്കള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.1812 മെയ് എട്ടിന് കലാപനേതാവായ വെണ്‍കലോണ്‍ കേളുവിനെ പരസ്യമായി തൂക്കിക്കൊന്നു. സാമ്രാജ്യത്വത്തിനെതിരെയുള്ളകറുത്തവന്റെ ചോര കിനിഞ്ഞ പോരാട്ടത്തിന്റ ഓര്‍മ പുതുക്കാനാണ് ആദിവാസിക്ഷേമസമിതി നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജാതി വ്യവസ്ഥ അടിമകളാക്കി മാറ്റിയ ആദിവാസികള്‍ സ്വന്തം സ്വത്വം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.സ്വന്തം മണ്ണില്‍ നിന്നും കുടിയിറക്കപ്പെട്ടവര്‍ മണ്ണിന് വേണ്ടി നടത്തുന്ന അവകാശ സമരങ്ങളുടെ കാലത്താണ് മറവിയുടെ മാറാല തട്ടിയ ചരിത്രസത്യം അനാവരണം ചെയ്യപ്പെടുന്നത്. 1812ല്‍ നടന്ന ആദിവാസി കര്‍ഷക കലാപത്തെ ഒന്നാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കാനും എകെഎസ് തീരുമാനിച്ചിട്ടുണ്ട്.
കുറിച്യകലാപം മണ്ണിനുവേണ്ടിയുള്ള അവകാശസമരം: കെ കെ എന്‍ കുറുപ്പ്
പനമരം: മണ്ണിന്റെ അടിസ്ഥാനപ്രശ്നങ്ങളാണ് രണ്ട് നൂറ്റാണ്ടുമുമ്പത്തെ കുറിച്യകലാപത്തിന് ഇടയാക്കിയതെന്ന് ഡോ. കെ കെ എന്‍ കുറുപ്പ് പറഞ്ഞു. മണ്ണില്‍ കൃഷിചെയ്യുന്നതിനുള്ള അവകാശത്തിനും ഭീമമായ നികുതിപിരിവിനുമെതിരെയാണ് ആദിവാസികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ 1812ല്‍ പോരാടിയത്. മറ്റെല്ലാ കലാപങ്ങളെയുംപോലെ ഈ മുന്നേറ്റത്തെയും ബ്രിട്ടീഷ് പട്ടാളം അടിച്ചൊതുക്കി. അഞ്ചുപേരെ കൊന്നു. എന്നാല്‍ ഇത് വേണ്ടവിധം ചരിത്രത്തില്‍ രേഖപ്പെടുത്താതെപോയി. കുറിച്യകലാപത്തിന്റെ 200-ാം വാര്‍ഷികത്തിന്റെ ഭാഗമായി പനമരത്ത് ആദിവാസിക്ഷേമസമിതി സംഘടിപ്പിച്ച ചരിത്രസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കലാപത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ സംബന്ധിച്ച് പഠനങ്ങളും നടന്നില്ല. രാഷ്ട്രീയ ബോധമുള്ളവരായിരുന്നു ഗോത്രജനത. പഴശി കൊല്ലപ്പെട്ട് ഏഴുവര്‍ഷത്തിന് ശേഷമാണ് ഇവര്‍ സ്വയം സമരം തുടങ്ങിയത്. കലാപത്തിന് നേതൃത്വം നല്‍കിയവര്‍ പഴശിയുടെ മരുമകനുമായി നിരന്തരം ബന്ധപ്പെട്ടു. ഇക്കാരണത്തില്‍ പഴശിയുടെ മരുമകനെ ബ്രിട്ടീഷുകാര്‍ നാടുകടത്തി. നികുതിപിരിക്കാനെത്തിയ രണ്ടുകോല്‍ക്കാരെ വെട്ടിക്കൊന്നാണ് കലാപം തുടങ്ങിയത്. പനമരം, കണിയാമ്പറ്റ, മാനന്തവാടി പ്രദേശങ്ങളില്‍ സമരം രണ്ടുമാസം നീണ്ടുനിന്നു. നല്ല സൈനീക ബോധത്തോടെയാണ് അമ്പും വില്ലുമായി കുറിച്യര്‍ ബ്രിട്ടീഷ് പട്ടാളത്തെ നേരിട്ടത്. കലാപം നേടിടാന്‍ രണ്ടായിരത്തോളം പട്ടാളക്കാരെയാണ് ഇറക്കിയത്.
പഴശി സമരങ്ങളില്‍നിന്നും വ്യത്യസ്തമായി പ്രത്യേക നേതൃത്വമില്ലാതെ ആദിവാസികള്‍ സ്വയം സംഘടിക്കുകയായിരുന്നു. സമരത്തിന് മുമ്പ് ഇവര്‍ നല്ലൂര്‍നാട് യോഗം ചേര്‍ന്ന് തന്ത്രങ്ങള്‍ രൂപീകരിച്ചു. കലാപത്തില്‍ പങ്കെടുത്തവരുടെ പേരുകള്‍പോലും നഷ്ടപ്പെട്ടു. പ്ലാക്കല്‍ ചന്തു, ആയിരംവീട്ടില്‍ കോന്തപ്പന്‍, രാമന്‍ മൂപ്പന്‍, മാവിലാംതോട് യാമു, രാമന്‍ നമ്പി എന്നിവരുടെ പേരുകള്‍ ബ്രീട്ടീഷ് രേഖകളില്‍നിന്നും വായിച്ചെടുക്കാം. ആദിവാസി സംസ്കാരം കവരുന്നതിനെതിരെ കൂടിയായിരുന്നു സമരം. ബ്രീട്ടീഷുകാര്‍ ആദിവാസി ഭൂമി പിടിച്ചെടുത്ത് വന്‍കിടക്കാര്‍ക്ക് നല്‍കുകയും ആദിവാസികളെ തൊഴിലാളികളാക്കി മാറ്റുകയുംചെയ്തു. സ്വന്തംഭൂമി ഇവരുടെ അവകാശമാണ്. ഈ അവകാശത്തിനുവേണ്ടിയാണ് ആദിവാസികള്‍ ഇപ്പോഴും പോരാടുന്നത്. കുറിച്യകലാപം പുതിയ കാലത്തിന്റെ സമരത്തിന് ഊര്‍ജമാകണമെന്നും അദ്ദേഹം പറഞ്ഞു.
സമരചരിത്രത്തിലേക്കൊരു ഓര്‍മപ്പെടുത്തല്‍
പനമരം: ആദിവാസിപോരാട്ടങ്ങളുടെ ജ്വലിക്കുന്ന മുഹൂര്‍ത്തങ്ങളിലേക്ക് ഓര്‍മകള്‍ നയിച്ച് സംഗീതശില്‍പ്പം. കുറിച്യകലാപത്തിന്റെ 200-ാം വാര്‍ഷികാചരണസമ്മേളനത്തിന് തുടക്കംകുറിച്ച് ആദിവാസികള്‍ രാധേഷ് ടാക്കീസില്‍ അവതരിപ്പിച്ച സംഗീതശില്‍പ്പം കലാമികവിനൊപ്പം പൊരുതുന്ന ജനതയുടെ ഉള്‍തുടിപ്പുകള്‍ കോര്‍ത്തിണക്കുന്നതായി. പഴശി സമരം, കുറിച്യകലാപം, ഭൂസമരം എന്നിവ വേദിയില്‍ മിഴിവോടെ അവതരിപ്പിച്ചു. സാമ്രാജ്വത്വത്തിനെതിരെയുള്ള ഗോത്രജനതയുടെ ചെറുത്തുനില്‍പ്പ് കരിന്തണ്ടനിലൂടെ വേദിയിലെത്തിച്ചു. ചങ്ങലപൊട്ടിച്ച് ആടുന്ന കരിന്തണ്ടന്‍ ആദിവാസി സമരങ്ങളുടെ വിജയഭേരിയുടെ പ്രതീകവുമായി. കുറിച്യ കലാപത്തില്‍ രക്തസാക്ഷികളായവരുടെ ഓര്‍മകളിലേക്കും സംഗീതശില്‍പ്പം കൂട്ടികൊണ്ടുപോയി.
വരുംകാല പോരാട്ടത്തിന്റെ തീക്ഷ്ണത ഓര്‍മ്മിപ്പിച്ച് ചെങ്കൊടി കൈയിലേന്തി തീപന്തംപോലെ ജ്വലിക്കുന്ന സമരഭടന്‍മാരും വേദിയിലെത്തി. അജികുമാര്‍ പനമരം രചനയും ജോണ്‍സണ്‍ ബത്തേരി സംഗീതവും നിര്‍വഹിച്ച സംഗീതശില്‍പ്പം ഗിരീഷ് കാരാടിയാണ് സംവിധാനം ചെയ്തത്. ആര്യ സുരേഷ്, ബാവ ബത്തേരി എന്നിവര്‍ ഗാനമാലപിച്ചു. ജ്യോതി സുരേഷാണ് നൃത്തസംവിധാനം. സജിത, കെ വി ചന്ദ്രന്‍, സരിത, കെ കെ ശിവദാസന്‍, രമ, ജയ, നിധീഷ്, മഹേഷ്, ധനേഷ്, വിജിലേഷ്, ശരത്, ജിഷ്ണുവേണുഗോപാല്‍, സൗമി എന്നിവര്‍ വേഷമിട്ടു.
deshabhimani 020612
ചരിത്രം അടയാളപ്പെടുത്താതെ പോയ അടിയാളന്റെ പോരാട്ട കഥ പുനര്‍ജനിക്കുകയാണ്.വന്യതയുടെ കരുത്തിന് മുമ്പില്‍ സായ്പിന്റെ വെടിയുണ്ടകള്‍ പരാജയപ്പെട്ട ധീരതയുടെ ചരിത്രമാണ് കാലങ്ങള്‍ക്ക് ശേഷം പകര്‍ത്തി എഴുതപ്പെടുന്നത്. ജനപഥങ്ങളുടെ പരിണാമദശകളിലെല്ലാം ഉണ്ടായിരുന്ന ആദി മനുഷ്യന്റെ വേദനകളും പോരാട്ടങ്ങളും ഒന്നും ചരിത്രം ഇത് വരെ രേഖപ്പെടുത്തിയിട്ടില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പലപ്പോഴും സന്ധി ചെയ്തും സ്വന്തം താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ മാത്രം പോരാടിയും ചരിത്രത്തിലിടം നേടിയ നാട്ടുരാജാക്കന്മാരുടേയും സാമന്തന്‍മാരുടേയും ചരിത്രമേ സവര്‍ണ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളു.അയിത്തവും അനാചരങ്ങളും നിറഞ്ഞ ഇന്ത്യയിലെ അക്കാലത്തെ സാമൂഹ്യ വ്യവസ്ഥയില്‍ അധ:സ്ഥിതന്റെ് ശബ്ദം കേള്‍ക്കാതെ പോയി.
ReplyDelete