Saturday, June 2, 2012

വിദേശ സര്‍വകലാശാലകള്‍ പിന്‍വാതില്‍ വഴി; നിര്‍ണായക യോഗം ഇന്ന്


വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകള്‍ രാജ്യത്ത് അനുവദിക്കാനുള്ള ബില്‍ രാജ്യസഭയില്‍ പാസാകില്ലെന്ന് ഉറപ്പായതോടെ പാര്‍ലമെന്റിനെ മറികടന്ന് പിന്‍വാതിലിലൂടെ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൊണ്ടുവരുന്നു. നിലവിലുള്ള നിയമങ്ങള്‍ക്കുള്ളില്‍നിന്ന് വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്ത് അനുവദിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ മാനവശേഷി വികസന മന്ത്രാലയം യുജിസിയോട് ആവശ്യപ്പെട്ടിരിക്കയാണ്. സാധ്യതകള്‍ ആരായാന്‍ യുജിസിയുടെ നിര്‍ണായക യോഗം ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കും. ജൂലൈ 21ന് നടത്താന്‍ നിശ്ചയിച്ച യോഗമാണ് ജൂണ്‍ രണ്ടിലേക്ക് മാറ്റിയത്.

1956ലെ യുജിസി നിയമത്തിലെ മൂന്നാംവകുപ്പ് പ്രകാരം കല്‍പ്പിത സര്‍വകലാശാലകളായി വിദേശ സര്‍വകലാശാലകളെ രാജ്യത്ത് പ്രവേശിപ്പിക്കാനാകുമോ എന്നാണ് പ്രധാനമായും ആരായുന്നത്. അതല്ലെങ്കില്‍ സംസ്ഥാന നിയമപരിധിക്കുള്ളില്‍ സ്വകാര്യ സര്‍വകലാശാലകളായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമോ എന്നും നോക്കുന്നു. അര്‍ജുന്‍സിങ് മന്ത്രിയായിരുന്നപ്പോഴും ഇതേ മാര്‍ഗത്തിലൂടെ വിദേശ സര്‍വകലാശാലകള്‍ക്ക് പ്രവേശനം നല്‍കാന്‍ ആലോചിച്ചെങ്കിലും അത് നടപ്പാക്കിയില്ല. വിദേശ സര്‍വകലാശാലകളും ഇന്ത്യന്‍ സര്‍വകലാശാലകളും ചേര്‍ന്നുള്ള സംയുക്ത പരിപാടികള്‍, സംയുക്ത ബിരുദ പദ്ധതികള്‍ എന്നിവയും ആലോചിക്കുന്നു. മാനവശേഷി വികസനമന്ത്രി കപില്‍ സിബല്‍ നടത്താന്‍ പോകുന്ന വാഷിങ്ടണ്‍ സന്ദര്‍ശനത്തിനുമുമ്പായി ഇതുസംബന്ധിച്ച തീരുമാനമെടുക്കാനാണ് നിര്‍ദേശം.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ സഹകരണം സംബന്ധിച്ച യോഗത്തില്‍ വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കുന്ന പ്രഖ്യാപനം നടത്താനാണ് മന്ത്രി ആഗ്രഹിക്കുന്നത്. അജന്‍ഡയൊന്നും നേരത്തെ നല്‍കാതെ മന്ത്രിയുടെ ആഗ്രഹസാധ്യത്തിനായി യുജിസി യോഗം വിളിച്ചതില്‍ യുജിസി അംഗങ്ങളില്‍ പലര്‍ക്കും വിയോജിപ്പുണ്ട്. വിദേശ സര്‍വകലാശാലകളെ നിയന്ത്രിക്കാന്‍ യുജിസിക്ക് കഴിയില്ലെന്നത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടും. 613 വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇപ്പോള്‍ രാജ്യത്ത് പ്രവര്‍ത്തനം നടത്തുന്നുണ്ട്. അഞ്ച് സ്ഥാപനങ്ങള്‍ സ്വന്തം ക്യാമ്പസ് ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്. 60 സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. 440 എണ്ണം വിദേശരാജ്യങ്ങളില്‍ത്തന്നെ ആസ്ഥാനങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്നവയാണ്.

പാര്‍ലമെന്റിനെ മറികടക്കരുത്: സിപിഐ എം

ന്യൂഡല്‍ഹി: വിദേശ സര്‍വകലാശാലകള്‍ക്ക് പിന്‍വാതിലില്‍ക്കൂടി രാജ്യത്ത് പ്രവേശനം അനുവദിക്കാനായി പാര്‍ലമെന്റിനെ മറികടക്കരുതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാനവശേഷി വികസനമന്ത്രി കപില്‍ സിബലിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനുമുമ്പ് തിരക്കിട്ട് വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള മാര്‍ഗം ആലോചിക്കുകയാണ്. ഇന്ത്യ-അമേരിക്ക സിഇഒ ഫോറത്തിന്റെ യോഗത്തില്‍ അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവേശനം അനുവദിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ പ്രഖ്യാപിക്കാനാണ് മന്ത്രി ആഗ്രഹിക്കുന്നത്. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ യുജിസി നിയമങ്ങള്‍ ഉദാരമാക്കി വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനാണ് നീക്കം. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കെ ഇത്തരമൊരു നീക്കം നടത്തുന്നത് പാര്‍ലമെന്റിനെ മറികടക്കലാണ്. മന്ത്രി ഇതില്‍നിന്ന് പിന്തിരിയണം. ഇന്ത്യയില്‍ വിദേശ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 020612

1 comment:

  1. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകള്‍ രാജ്യത്ത് അനുവദിക്കാനുള്ള ബില്‍ രാജ്യസഭയില്‍ പാസാകില്ലെന്ന് ഉറപ്പായതോടെ പാര്‍ലമെന്റിനെ മറികടന്ന് പിന്‍വാതിലിലൂടെ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൊണ്ടുവരുന്നു. നിലവിലുള്ള നിയമങ്ങള്‍ക്കുള്ളില്‍നിന്ന് വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്ത് അനുവദിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ മാനവശേഷി വികസന മന്ത്രാലയം യുജിസിയോട് ആവശ്യപ്പെട്ടിരിക്കയാണ്. സാധ്യതകള്‍ ആരായാന്‍ യുജിസിയുടെ നിര്‍ണായക യോഗം ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കും. ജൂലൈ 21ന് നടത്താന്‍ നിശ്ചയിച്ച യോഗമാണ് ജൂണ്‍ രണ്ടിലേക്ക് മാറ്റിയത്.

    ReplyDelete