Saturday, June 2, 2012
ജയിലിലടച്ച ആദിവാസികളെ മോചിപ്പിക്കണം: പിണറായി
ഭൂമിക്കുവേണ്ടി സമരം ചെയ്തതിന് ജയിലിലടച്ച ആദിവാസികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വയനാട്ടില്‍ ഭൂസമരത്തില്‍ പങ്കടുത്തതിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ച ആദിവാസികളെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിക്കുവേണ്ടി സമരം ചെയ്ത കുടുംബങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും ജാമ്യത്തില്‍ വിട്ടെങ്കിലും പുരുഷന്മാരെ ജയിലിലടച്ചിരിക്കുകയാണ്. ഇവരെ വിട്ടയക്കുകയും ഭൂമി നല്‍കുകയും വേണം. പാവപ്പെട്ടവരുടെ കാര്യം ആലോചിക്കാന്‍ സര്‍ക്കാരിന് സമയമില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴൊക്കെ ആദിവാസികളോട് ഈ രീതിയിലാണ് പെരുമാറിയത്. പുരുഷന്മാരെ ജയിലിലടച്ചതോടെ ആദിവാസി കുടുംബങ്ങള്‍ കഷ്ടത്തിലാണ്. കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാനോ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവരെ അവിടേക്ക് കൊണ്ടുപോകാനോ സ്ത്രീകള്‍ക്കാവുന്നില്ല. ഇത് കുട്ടികളുടെ പഠനത്തെ ബാധിക്കും. ക്രൂരമായ നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. ഭൂമി നല്‍കുന്നതിന് വന സംരക്ഷണ നിയമത്തില്‍ ഇളവ് ആവശ്യമാണെങ്കില്‍ അതിന് നടപടി വേണം.
ജയില്‍ ബ്ലോക്കുകളില്‍ നേതാക്കളുടെ ചിത്രങ്ങള്‍ സ്ഥാപിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജയിലിനകത്ത് മുമ്പും കലാസൃഷ്ടികള്‍ ഉണ്ടായിട്ടുണ്ടെന്ന് പിണറായി മറുപടി നല്‍കി. തടവുകാരായ കലാകാരന്മാരുടെ താല്‍പര്യമനുസരിച്ചുള്ള ആവിഷ്കാരമാണ് ജയിലിനകത്തെ ചിത്രങ്ങള്‍. ജയില്‍മന്ത്രിയുടെ നേതാക്കളുടെ ചിത്രവും ജയിലിനകത്തുണ്ട്. എന്നാല്‍, ഒരു വിഭാഗം നേതാക്കളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച് വിവാദമാക്കിയപ്പോള്‍ മറ്റ് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ മനഃപൂര്‍വം മാറ്റിവച്ചു. ആഭ്യന്തരവകുപ്പിന്റെ താല്‍പര്യവും അതായിരുന്നു. ജയിലില്‍നിന്ന് ചിത്രങ്ങള്‍ നീക്കണോയെന്ന് തീരുമാനിക്കേണ്ടത് ജയിലധികൃതരാണ്- പിണറായി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി വി കെ സുരേഷ്ബാബു എന്നിവരും പിണറായിയുടെ ഒപ്പമുണ്ടായി.
വനാവകാശ നിയമം ഭേദഗതിചെയ്ത് ആദിവാസികള്‍ക്ക് ഭൂമി നല്‍കണം: വി എസ്
പനമരം: 2005ലെ വനാവകാശ നിയമം ഭേദഗതി ചെയ്ത് മുഴുവന്‍ ഭൂരഹിത ആദിവാസികള്‍ക്കും ഭൂമി നല്‍കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആദിവാസി-കര്‍ഷക കുറിച്യ കലാപത്തിന്റ 200- ാം വാര്‍ഷികം പനമരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
വയനാട്ടില്‍ അയ്യായിരത്തോളം ആദിവാസികുടുംബങ്ങള്‍ നിക്ഷിപ്ത വനഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടി താമസിച്ച് സമരം നടത്തുകയാണ്. അവരില്‍ നാനൂറിലേറെപ്പേരെ സര്‍ക്കാര്‍ ജയിലിലടച്ചു. മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഒരേക്കര്‍ കൃഷി ഭൂമി നല്‍കണമെന്നത് നിയമമാണ്. ഈ ആവശ്യമുയര്‍ത്തി പത്ത് വര്‍ഷത്തിലേറെയായി ആദിവാസിക്ഷേമസമിതി നടത്തുന്ന സമരത്തിന്റെ ഫലമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരേക്കര്‍ ഭൂമി വീതം നല്‍കാന്‍ നടപടി തുടങ്ങിയത്. പാര്‍ലമെന്റ്് പാസാക്കിയ ആദിവാസി വനാവകാശ നിയമം ആദ്യമായി നടപ്പാക്കിയത് വയനാട്ടിലാണ്. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും ചട്ടങ്ങളിലെ നൂലാമാലകളും കാരണം ഭൂമി നല്‍കല്‍ നടപടി എല്‍ഡിഎഫ് സര്‍ക്കാരിന് പൂര്‍ണതയിലെത്തിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഭൂരഹിത ആദിവാസികുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടികള്‍ അനിശ്ചിതത്വത്തിലാക്കി.
വനാവകാശ നിയമത്തില്‍ ഭേദഗതി വരുത്തി വനത്തില്‍ താമസിക്കുന്ന ജനങ്ങള്‍ക്കും ആദിവാസികള്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കണം. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി വീണ്ടെടുത്താല്‍ തന്നെ ഭൂരഹിത കുടുംബങ്ങള്‍ക്ക് നല്‍കാനാവശ്യമായ ഭൂമി ലഭിക്കും. വിവിധ ജില്ലകളിലായി ആയിരക്കണക്കിനേക്കര്‍ ഭൂമിയാണ് ഹാരിസണ്‍ മലയാളം ഉള്‍പ്പെടെയുള്ള കമ്പനികള്‍ കൈയടക്കിവച്ചിരിക്കുന്നത്. നെല്ലിയാമ്പതിയിലും മറ്റും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി പഴയ ഉടമകള്‍ക്ക് തന്നെ കൈവശം വെച്ചനുഭവിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. നിയമപ്രകാരം അര്‍ഹമായ ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന ആദിവാസികളെ ജയിലിലടയ്ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്‍കിട ഭൂമി കൈയേറ്റക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നു. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി അനധികൃതമായി കൈയടക്കിവെയ്ക്കാന്‍ നിയമനടപടികളും അനുകൂലമാകുന്നു എന്ന പ്രശ്നമുണ്ട്. ഈ ഭൂമികള്‍ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ധൈര്യം കാട്ടണമെന്ന് വി എസ് പറഞ്ഞു.
വയനാട്ടിലെ ആദിവാസി ഭൂസമരത്തിന് കരുത്ത്പകര്‍ന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമരകേന്ദ്രം സന്ദര്‍ശിച്ചു. വിവിധ ഭാഗങ്ങളില്‍ സമരം ചെത്തതിനെ തുടര്‍ന്ന് തുറുങ്കിലടക്കപ്പെട്ടവരെ മാനന്തവാടി സബ് ജയിലില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ഭൂസമരകേന്ദ്രമായ മേപ്പാടി പഞ്ചായത്തിലെ ചുണ്ടേല്‍ ആനപ്പാറയിലെത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറോളം ആദിവാസികള്‍ വിഎസിനെ കാണാനും കേള്‍ക്കാനും സമരകേന്ദ്രത്തില്‍ എത്തിയിരുന്നു.
ജയിലിലടച്ച ആദിവാസികളെ ജാമ്യത്തില്‍ വിടണം: പി കെ ശ്രീമതി
കണ്ണൂര്‍: വയനാട്ടില്‍ ഭൂമിക്കായി സമരംചെയ്തവരെ മുഴുവന്‍ ജാമ്യത്തില്‍ വിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ആവശ്യപ്പെട്ടു. വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തിലെ നിക്ഷിപ്തവനഭൂമിയില്‍ കുടില്‍കെട്ടി താമസിച്ചതിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ച ആദിവാസികളെ സന്ദര്‍ശിച്ചശേഷം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ശ്രീമതി ഈ ആവശ്യമുന്നയിച്ചത്.
സ്ത്രീകളെയും കുട്ടികളെയും ജാമ്യത്തില്‍ വിട്ട് പുരുഷന്മാരെ ജയിലിലടക്കുകയായിരുന്നു. സ്കൂള്‍ തുറക്കുന്ന ഘട്ടത്തില്‍ പുരുഷന്മാരെ ജയിലില്‍ അടയ്ക്കുന്നത് കടുത്ത പീഡനമാണ്. കുട്ടികളുടെ പഠനത്തെപ്പോലും ഇതു ബാധിക്കും. എല്ലാവരെയും വിടാന്‍ തയ്യാറാവണം. ഒരേസമരത്തില്‍ പങ്കെടുത്ത സ്ത്രീകളെയും കുട്ടികളെയും സ്വന്തം ജാമ്യത്തില്‍ വിടാമെങ്കില്‍ എന്തുകൊണ്ട് പുരുഷന്മാരെയും വിട്ടുകൂടാ- ശ്രീമതി ചോദിച്ചു. ആദിവാസി തടവുകാരുടെ പ്രയാസങ്ങള്‍ ജയില്‍ സൂപ്രണ്ടിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും പരിഹരിക്കാമെന്ന് അദ്ദേഹത്തില്‍നിന്ന് ഉറപ്പു വാങ്ങുകയും ചെയ്തു. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം വി സരള, പ്രസിഡന്റ് കെ ലീല, ട്രഷറര്‍ ടി വി ലക്ഷ്മി എന്നിവരോടൊപ്പമാണ് പി കെ ശ്രീമതി സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചത്.
deshabhimani 020612
Subscribe to:
Post Comments (Atom)
ഭൂമിക്കുവേണ്ടി സമരം ചെയ്തതിന് ജയിലിലടച്ച ആദിവാസികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വയനാട്ടില്‍ ഭൂസമരത്തില്‍ പങ്കടുത്തതിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ച ആദിവാസികളെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete