Saturday, June 2, 2012

കോടതിവിധികളില്‍ കോര്‍പറേറ്റ് ആഭിമുഖ്യം: എസ് ആര്‍ പി


നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിനകത്തും പുറത്തും ചര്‍ച്ച നടക്കുന്നതുപോലെ കോടതി വിധികളും ചര്‍ച്ചയാവണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. സമരങ്ങളെയും ജനകീയ ഇടപെടലുകളെയും എതിര്‍ക്കുന്ന പൊതുസമീപനമാണ് ഭൂരിഭാഗം വിധികളിലും. പാര്‍ലമെന്റിന്റെയും ജനങ്ങളുടെയും ഇടപെടാനുള്ള അവകാശത്തിന് വിലങ്ങിടുന്ന സമീപനമാണ് വിധികളിലൂടെ പ്രകടമാകുന്നത്. ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ സംഘടിപ്പിച്ച അഡ്വ. കുന്നത്തുകാല്‍ സുകുമാരന്‍ നായര്‍ അനുസ്മരണത്തിന്റെ ഭാഗമായി "നിയമനിര്‍മാണ- നീതിന്യായ രംഗത്ത് ആഗോളവല്‍ക്കരണത്തിന്റെ സ്വാധീനം" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു എസ് ആര്‍ പി.
ജനങ്ങളുടെ സംഘടിക്കാനും ഇടപെടാനുമുള്ള അവകാശം ഹനിക്കുന്നതാണ് ബന്ദും പണിമുടക്കും സമരങ്ങളും നിരോധിക്കുന്ന വിധികള്‍. ഇവ കോര്‍പറേറ്റുകളെയാണ് സഹായിക്കുന്നത്. രാജ്യത്തെ ജഡ്ജിമാരുടെ നിയമനത്തില്‍ ജനങ്ങള്‍ക്കും പാര്‍ലമെന്റിനും ഇടപെടാനാവാത്ത അവസ്ഥയാണ്. ഇന്ത്യയില്‍ മാത്രമാണ് ജഡ്ജിമാരെ ജഡ്ജിമാര്‍തന്നെ തീരുമാനിക്കുന്നത്. ഒരു പൊതുതാല്‍പര്യ ഹര്‍ജിയെതുടര്‍ന്ന് 1993ലാണ് സുപ്രീംകോടതി ഇത്തരമൊരു തീരുമാനമെടുത്തത്. "98ല്‍ ഈ തീരുമാനം സ്ഥിരപ്പെടുത്തി. വളരെ രഹസ്യമായി ചീഫ് ജസ്റ്റിസും നാല് സീനിയര്‍ ജഡ്ജിമാരും ചേര്‍ന്നാണ് ജഡ്ജിമാരെ നിശ്ചയിക്കുന്നത്. ഒരേ ദാര്‍ശനിക നിലവാരമുള്ളവരാണ് ഇതിന്റെ ഭാഗമായി ജഡ്ജിമാരായി വരുന്നത്.

ആഗോളവല്‍ക്കരണത്തിന് അനുകൂലമായ നിയമങ്ങളാണ് രാജ്യത്ത് 25 വര്‍ഷമായി നടപ്പാക്കുന്നത്. സാമൂഹ്യ മേഖലയില്‍ സര്‍ക്കാര്‍ പിന്മാറ്റത്തിന് നിയമം പാസാക്കി. വിദ്യാഭ്യാസ- ആരോഗ്യ മേഖലയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി. എല്ലാ പൊതുമേഖലാ സേവനങ്ങളും കോര്‍പറേറ്റുകള്‍ക്ക് കൈയടക്കാന്‍ നിയമം പാസാക്കി. രാജ്യത്തിന്റെ സമ്പത്തായ നദികളെയും തടാകങ്ങളെയും സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. വിത്തും കീടനാശിനിയും ഉല്‍പ്പാദിപ്പിക്കാനുള്ള അവകാശം കൃഷിക്കാരനില്‍നിന്ന് എടുത്തുമാറ്റി കോര്‍പറേറ്റുകള്‍ കൈയടക്കി.- എസ് ആര്‍ പി പറഞ്ഞു. ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി ഇ കെ നാരായണന്‍ കുന്നത്തുകാല്‍ സുകുമാരന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

deshabhimani 020612

1 comment:

  1. നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിനകത്തും പുറത്തും ചര്‍ച്ച നടക്കുന്നതുപോലെ കോടതി വിധികളും ചര്‍ച്ചയാവണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. സമരങ്ങളെയും ജനകീയ ഇടപെടലുകളെയും എതിര്‍ക്കുന്ന പൊതുസമീപനമാണ് ഭൂരിഭാഗം വിധികളിലും. പാര്‍ലമെന്റിന്റെയും ജനങ്ങളുടെയും ഇടപെടാനുള്ള അവകാശത്തിന് വിലങ്ങിടുന്ന സമീപനമാണ് വിധികളിലൂടെ പ്രകടമാകുന്നത്. ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ സംഘടിപ്പിച്ച അഡ്വ. കുന്നത്തുകാല്‍ സുകുമാരന്‍ നായര്‍ അനുസ്മരണത്തിന്റെ ഭാഗമായി "നിയമനിര്‍മാണ- നീതിന്യായ രംഗത്ത് ആഗോളവല്‍ക്കരണത്തിന്റെ സ്വാധീനം" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു എസ് ആര്‍ പി.

    ReplyDelete