Saturday, June 16, 2012
നായാട്ടും വേട്ടനായ്ക്കളും
ദേശീയതയുടെ പേരില്‍ ഊതിവീര്‍പ്പിച്ച വികാരങ്ങളുടെയും ബൂര്‍ഷ്വാ മാധ്യമങ്ങള്‍ സൃഷ്ടിച്ച ദേശസ്നേഹ തരംഗങ്ങളുടെയും നടുവില്‍ യുക്തിസഹമായ നിലപാട് ഉറക്കെപ്പറയാനുള്ള ധീരത സിപിഐ എം എന്നും കാട്ടിയിട്ടുണ്ട്. ഇതിനര്‍ഥം മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പൊതുബോധത്തെയല്ല ശരിയായ രാഷ്ട്രീയ നയത്തെയാണ് ഒരു രാഷ്ട്രീയ പാര്‍ടി പിന്തുടരേണ്ടതെന്നാണ്. ഇന്ത്യ- ചൈനാ തര്‍ക്കത്തില്‍ "അവര്‍ അവരുടേതെന്നും നാം നമ്മുടേതെന്നും കരുതുന്ന പ്രദേശങ്ങളെപ്പറ്റി ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും പട്ടാള നടപടിയല്ല വേണ്ടതെന്നും" സിപിഐ എം നിലപാടെടുത്തു. വളരെ ശരിയായതെന്നും പ്രായോഗികമെന്നും പിന്നീട് തെളിഞ്ഞ ഈ നിലപാട് സിപിഐ എമ്മിനെ ദേശീയ രാഷ്ട്രീയത്തില്‍ വളഞ്ഞിട്ടാക്രമിക്കാന്‍ വഴിയൊരുക്കിയതാണ്. സിപിഐ എം ചൂണ്ടിക്കാട്ടിയ വഴിയേ ഇന്ദിരാഗാന്ധിക്കും മൊറാര്‍ജിക്കും വാജ്പേയിക്കും പിന്നീട് സഞ്ചരിക്കേണ്ടിവന്നത് ചരിത്രം.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ഇടതുപക്ഷം കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ രൂപീകരണത്തിന് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പിന്തുണനല്‍കി. കേരളത്തിലും ബംഗാളിലും ത്രിപുരയിലുമുള്‍പ്പെടെ മിക്ക സീറ്റിലും കോണ്‍ഗ്രസിനെ തറപറ്റിച്ച ഒരു പ്രസ്ഥാനം, കേന്ദ്രത്തില്‍ തങ്ങളുടെ എതിരാളികളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയനയം സ്വീകരിച്ചതെന്തുകൊണ്ട്? ആറുവര്‍ഷം നീണ്ട ബിജെപി മുന്നണി ഭരണവും അക്കാലത്തെ ന്യൂനപക്ഷ വേട്ടയും ഇടതുപക്ഷം മറന്നുപോയില്ല. ക്രിസ്ത്യന്‍ പള്ളികളില്‍ വിശുദ്ധ കുര്‍ബാനയ്ക്കുപയോഗിക്കുന്ന വീഞ്ഞ് മദ്യമാണെന്നും പള്ളികളില്‍ മദ്യശാലകള്‍ക്ക് ബാധകമായ ലൈസന്‍സ് നേടണമെന്നുവരെ വാദങ്ങളുയര്‍ന്നപ്പോള്‍ മതവിശ്വാസികളുടെ ശിരസ്സു കുനിഞ്ഞുപോയി. അവര്‍ക്ക് ആത്മാഭിമാനം നല്‍കി സംരക്ഷിക്കാന്‍ സിപിഐ എം ആണ് മുന്നിട്ടിറങ്ങിയത്. ഗുജറാത്തിലെ മുസ്ലിം വംശഹത്യയും മറക്കാനാവാത്തതാണ്. ഇന്ന് കേരളത്തിലെ സിപിഐ എമ്മിനെ വേട്ടയാടുന്നതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെ കേന്ദ്രത്തില്‍ പിന്തുണച്ചത് പ്രതിഫലം ഇച്ഛിച്ച അവസരവാദ രാഷ്ട്രീയമായിരുന്നില്ല. രാഷ്ട്രീയത്തിന്റെ സവിശേഷഘട്ടത്തില്‍ ഒരു രാഷ്ട്രീയ പാര്‍ടിയില്‍നിന്ന് രാജ്യം പ്രതീക്ഷിക്കുന്ന നിര്‍ഭയത്വമാണ് സിപിഐ എം കാട്ടിയത്.
ലോകമാകെ കമ്യൂണിസം തകര്‍ന്നുവെന്ന വാദമാണ് കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി കേട്ടത്. മുതലാളിത്ത ലോകം ചെന്നുപെട്ട ആഗോള മാന്ദ്യം ഏവരുടെയും കണ്ണ് തുറപ്പിച്ചു. മാര്‍ക്സിസം ലോകമാകെ പ്രസക്തമെന്ന് കൂടുതല്‍ തെളിയുമ്പോള്‍ കേരളത്തില്‍ സിപിഐ എമ്മിനെതിരായ യുദ്ധം ശക്തിപ്പെടുത്തിയിരിക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെ അര്‍ഥശൂന്യത ഇപ്പോള്‍ കൂടുതല്‍ വെളിവാകുന്നുണ്ട്. ലോകമാകെ ക്രൂഡോയില്‍ വില കുറയുമ്പോള്‍ ഇന്ത്യയില്‍ എണ്ണവില സര്‍വകാല റെക്കോഡ് ഭേദിച്ചു. എണ്ണവിലയില്‍ ആഗോളവല്‍ക്കരണമില്ല, കോര്‍പറേറ്റ്വല്‍ക്കരണം മാത്രം. രണ്ടു പതിറ്റാണ്ടായി ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പൊരുതുന്ന ഇടതുപക്ഷത്തോടൊപ്പം ഐഎന്‍ടിയുസിയും ബിഎംഎസും ദേശീയ പണിമുടക്കിന് തയ്യാറായപ്പോള്‍ ആരുടെ രാഷ്ട്രീയമാണ് ശരിവയ്ക്കപ്പെട്ടത്. ഇടതുപക്ഷത്തിന്റെ ഈ വലിയ ശരികളെ മറയ്ക്കാനുള്ള മാധ്യമപ്രവര്‍ത്തനമാണ് കേരളത്തില്‍ നടമാടുന്നത്. ലെന്‍സിന്റെ സഹായത്തോടെ ചെറിയ അക്ഷരങ്ങളെ വലുതാക്കി കാട്ടുന്നതുപോലെ ഇടതുപക്ഷത്തിനെതിരായ നുറുങ്ങുകള്‍ വലിയ തലക്കെട്ട് നല്‍കി തുടര്‍ച്ചയായി അവതരിപ്പിക്കുന്നു. സദാചാര ലംഘനക്കുറ്റത്തിന് സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയെ പാര്‍ടിയുടെ പ്രതീകമായി ആവര്‍ത്തിച്ചുറപ്പിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായ കെ കെ തിവാരിയുടെ വീടിനുമുന്നില്‍ പിതൃത്വം തെളിയിക്കാന്‍ രക്തം തേടിയെത്തിയ മകനെയും അയാളുടെ അമ്മയെയും കാണുന്നില്ല. കണ്ടവര്‍തന്നെ അത് കോണ്‍ഗ്രസിന്റെ പിഴയായി കണക്കാക്കാന്‍ തയ്യാറുമല്ല. കോണ്‍ഗ്രസ് വക്താവായ അഭിഷേക് സിങ്വിയുടെ "ഭ്രമരലീലകള്‍" വ്യാപകമായി പ്രചരിച്ചിട്ടും ഒരുദിവസംപോലും കോണ്‍ഗ്രസ് ഈ മാധ്യമങ്ങളുടെ മുന്നില്‍ പ്രതിക്കൂട്ടില്‍ നിന്നില്ല. സിപിഐ എമ്മിന്റെ ഒരു ജില്ലാസെക്രട്ടറി ഒരു ലോക്കല്‍കമ്മിറ്റിയുടെ പൊതുയോഗത്തില്‍ നടത്തുന്ന പ്രസംഗത്തില്‍ പാര്‍ടിയെ ആക്രമിക്കാനുതകുന്ന വിഭവങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിയുമ്പോള്‍ അതിന്റെ സിഡി തപ്പിയെടുത്ത് ബിബിസിയില്‍വരെ വാര്‍ത്തയാക്കി. നരേന്ദ്രമോഡിയുടെ "ഞെട്ടല്‍"പോലും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഗുജറാത്തിലെ വംശഹത്യയ്ക്കുത്തരവാദിയായ നരേന്ദ്രമോഡിക്ക് ഇത്ര തരളിത മനസ്സാണോയെന്ന് ആരും ചോദിച്ചില്ല.
ഇന്ദിരാഗാന്ധിയുടെ വധത്തെതുടര്‍ന്ന് സിഖുകാരെ കൂട്ടക്കൊല ചെയ്തതിന് രാജീവ്ഗാന്ധി നിരത്തിയ ന്യായം മുഖ്യധാരാമാധ്യമങ്ങളില്‍ പ്രതിഷേധാര്‍ഹമായ ഒരു വാര്‍ത്തയായില്ല. കാരണം സഹതാപതരംഗം സൃഷ്ടിക്കാന്‍ ചിതാഭസ്മ കലശങ്ങളുമായി കോണ്‍ഗ്രസുകാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു അന്ന്. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയുടെ പ്രസ്താവനയേക്കാള്‍ വലുപ്പം എം എം മണിയുടെ ചില വാചകങ്ങള്‍ക്കുണ്ടാകുന്നത് മാധ്യമ വിരുതിന്റെ തെളിവുകൂടിയാണ്. ചന്ദ്രശേഖരന്‍ കേസ് വന്നതോടെ നിയമവ്യവസ്ഥയെ സിപിഐ എം നിരാകരിക്കുന്നുവെന്ന ധാരണ പരത്താനായി മാധ്യമശ്രമം. അപ്പീല്‍ ഇല്ലാത്ത വിധിയാണ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുന്ന വിധിയെഴുത്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തങ്ങള്‍ക്ക് ലഭിച്ച സീറ്റുകളില്‍ തൃപ്തിപ്പെട്ടുവെന്ന് മാത്രമല്ല കാലുമാറ്റത്തിലൂടെ സര്‍ക്കാരിനെ മറിക്കാനില്ല എന്ന് പ്രഖ്യാപിച്ചു. ജനവിധിയെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച പ്രതിപക്ഷത്തെ എത്ര മാധ്യമങ്ങള്‍ ശ്ലാഘിച്ചു? മറിച്ച് ജനവിധിയെ അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടിയും പി സി ജോര്‍ജും ചേര്‍ന്ന് കാലുമാറ്റം സംഘടിപ്പിച്ചപ്പോള്‍ അത് യുഡിഎഫിന്റെ മിടുക്കായി കൊണ്ടാടാനാണ് മാധ്യമങ്ങള്‍ ഉത്സാഹിച്ചത്. പട്ടി ഇരട്ടപെറ്റതുപോലും ബ്രേക്കിങ് ന്യൂസാകുന്ന മാധ്യമരീതി വന്നുവെന്ന് മാത്രമല്ല കേരളത്തിലെ മിക്ക മാധ്യമപ്രവര്‍ത്തകര്‍ക്കും ബ്രേക്കിങ് ന്യൂസ് എന്നാല്‍ സിപിഐ എമ്മിനെ ബ്രേക്ക് ചെയ്യാന്‍ പറ്റുമോയെന്ന നോട്ടത്തിലുള്ള വാര്‍ത്തകളാണ്. കണ്ണൂരിലെ പഴയ കേസുകള്‍ കുത്തിപ്പൊക്കി സിപിഐ എം വേട്ട ശക്തമാക്കാമെന്നാണ് ഇപ്പോഴത്തെ നോട്ടം. വേട്ടപ്പട്ടികള്‍ കുരയ്ക്കുന്നതുപോലെ, നായാട്ടുകാരായ ഭരണകൂടത്തിന്റെ മുന്നിലോടുന്നവരായി ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പെരുമാറുന്നു. എഴുപതുകളുടെ തുടക്കത്തില്‍ തലശേരിയില്‍ നടന്ന വര്‍ഗീയ കലാപംകൂടി ഓര്‍മിക്കണം. ആരാണ് കെട്ടുകഥകള്‍ പറഞ്ഞ് ജനങ്ങളെ ഇളക്കി വര്‍ഗീയ കലാപം നടത്തിയത്? ആരാണ് ആരാധനാലയത്തിന് കാവല്‍നിന്ന് കൊലക്കത്തിക്കിരയായത്?
മൊയാരത്ത് ശങ്കരന്‍ മുതല്‍ നാല്‍പ്പാടി വാസുവരെ, ചികയാനാണെങ്കില്‍ ധാരാളമുണ്ട്. ചന്ദ്രശേഖരന്‍കേസില്‍ ഭരണകൂടം നടത്തുന്ന നെറികേടുകളെ സിപിഐ എം ചോദ്യംചെയ്തപ്പോള്‍ ഇതൊരു പുതിയ രീതിയെന്ന നിലയില്‍ അവതരിപ്പിക്കുന്നവരുണ്ട്. സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട് പിന്നീട് നക്സലുകളായി മാറിയ വര്‍ഗീസിനെയും വെള്ളത്തൂവല്‍ സ്റ്റീഫനെയും ഉള്‍പ്പെടെയുള്ളവരെ ഭരണകൂടം മൃഗീയമായി ചോദ്യംചെയ്ത് കൊന്നപ്പോഴും അവരുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്തപ്പോഴും പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവരെ കൊന്നതില്‍ കോണ്‍ഗ്രസ് ഭരണത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയല്ല സിപിഐ എം ചെയ്തത്. കൊല്ലപ്പെട്ടവരോട് രാഷ്ട്രീയമായി വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും ഭരണകൂട ഭീകരതയെ ചെറുത്ത പാരമ്പര്യമാണ് കേരളത്തിലെ സിപിഐ എമ്മിനുള്ളത്. ഒഞ്ചിയത്തെ കൊലപാതകത്തിന്റെ പേരില്‍ കെട്ടുകഥകളാല്‍ സൃഷ്ടിക്കപ്പെടുന്ന പൊതുബോധത്തിന്റെ മറവില്‍ ഭരണകൂടം നിയമവ്യവസ്ഥയെ അട്ടിമറിക്കുന്ന തെറ്റുകള്‍ ചെയ്തുകൂട്ടുമ്പോള്‍ അതേ പാരമ്പര്യം സിപിഐ എം പിന്തുടരുകമാത്രമാണ് ചെയ്യുന്നത്.
അഡ്വ. കെ അനില്‍കുമാര്‍ deshabhimani
Labels:
ഓഞ്ചിയം,
നുണപ്രചരണം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
ദേശീയതയുടെ പേരില്‍ ഊതിവീര്‍പ്പിച്ച വികാരങ്ങളുടെയും ബൂര്‍ഷ്വാ മാധ്യമങ്ങള്‍ സൃഷ്ടിച്ച ദേശസ്നേഹ തരംഗങ്ങളുടെയും നടുവില്‍ യുക്തിസഹമായ നിലപാട് ഉറക്കെപ്പറയാനുള്ള ധീരത സിപിഐ എം എന്നും കാട്ടിയിട്ടുണ്ട്. ഇതിനര്‍ഥം മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പൊതുബോധത്തെയല്ല ശരിയായ രാഷ്ട്രീയ നയത്തെയാണ് ഒരു രാഷ്ട്രീയ പാര്‍ടി പിന്തുടരേണ്ടതെന്നാണ്. ഇന്ത്യ- ചൈനാ തര്‍ക്കത്തില്‍ "അവര്‍ അവരുടേതെന്നും നാം നമ്മുടേതെന്നും കരുതുന്ന പ്രദേശങ്ങളെപ്പറ്റി ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും പട്ടാള നടപടിയല്ല വേണ്ടതെന്നും" സിപിഐ എം നിലപാടെടുത്തു. വളരെ ശരിയായതെന്നും പ്രായോഗികമെന്നും പിന്നീട് തെളിഞ്ഞ ഈ നിലപാട് സിപിഐ എമ്മിനെ ദേശീയ രാഷ്ട്രീയത്തില്‍ വളഞ്ഞിട്ടാക്രമിക്കാന്‍ വഴിയൊരുക്കിയതാണ്. സിപിഐ എം ചൂണ്ടിക്കാട്ടിയ വഴിയേ ഇന്ദിരാഗാന്ധിക്കും മൊറാര്‍ജിക്കും വാജ്പേയിക്കും പിന്നീട് സഞ്ചരിക്കേണ്ടിവന്നത് ചരിത്രം.
ReplyDelete