Saturday, June 16, 2012
നെയ്യാറ്റിന്‍കര: സൂചനയും സന്ദേശവും
നെയ്യാറ്റിന്‍കരയിലേത് അടിച്ചേല്‍പ്പിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു. രണ്ടുസീറ്റിന്റെ ഭൂരിപക്ഷം മാത്രമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നിലനില്‍പ്പ് ഭീഷണിയിലായപ്പോള്‍, പ്രതിപക്ഷ എംഎല്‍എയെ വിലയ്ക്കെടുത്ത് രാജിവയ്പിച്ച് ഉപതെരഞ്ഞെടുപ്പിലൂടെ സ്വന്തം എംഎല്‍എയാക്കി മാറ്റുക എന്ന യുഡിഎഫ് തന്ത്രമാണ് ഉപതെരഞ്ഞെടുപ്പിലൂടെ പൂര്‍ത്തീകരിക്കപ്പെട്ടത്. കാലുമാറ്റത്തിന്റെയും കുതിരക്കച്ചവടത്തിന്റെയും ആക്ഷേപമുയര്‍ന്നപ്പോള്‍, യുഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരമെന്ന് പ്രസ്താവിച്ചയാള്‍, അതേ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച് നിയമസഭയിലെത്തുകയാണ്. കേരള രാഷ്ട്രീയത്തില്‍ എന്തെങ്കിലും മാറ്റംമറിച്ചിലുകളുണ്ടാക്കുന്നതല്ല ഈ ഫലം എങ്കിലും, അത് നല്‍കുന്ന സന്ദേശവും മുന്നറിയിപ്പും അനാശാസ്യമായ ചില പ്രവണതകളുടേതാണ്. കൂറുമാറ്റത്തിനും അവസരവാദ രാഷ്ട്രീയത്തിനുമുള്ള അംഗീകാരമായി ഇതിനെ വ്യാഖ്യാനിക്കാന്‍ ജയിച്ചകക്ഷിയും സ്ഥാനാര്‍ഥിയും ശ്രമിക്കുന്നു. മറ്റൊരുവശത്ത്, വര്‍ഗീയ- ജാതീയ പ്രീണനംകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാം എന്നതിന് സ്ഥിരീകരണം നല്‍കുന്നതിനുള്ള അവകാശവാദങ്ങള്‍ക്കായി അത്തരം ശക്തികള്‍ ഈ ഫലത്തെ ചൂണ്ടിക്കാട്ടുന്നു.
യുഡിഎഫിന്റെ ജാതി- മത പ്രീണനത്തിന് എതിരായ വോട്ടുകളെ വര്‍ഗീയ വഴിയിലൂടെ തിരിച്ചുവിട്ട് വോട്ടാക്കാനുള്ള ഹിന്ദുത്വശക്തികളുടെ ശ്രമവും ഈ ഫലത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ വായിച്ചെടുക്കുന്നുണ്ട്. നെയ്യാറ്റിന്‍കര യുഡിഎഫിന് മുന്‍തൂക്കമുള്ള മണ്ഡലമായതുകൊണ്ടുതന്നെ, കൂറുമാറിച്ചെന്ന ഒരു സ്ഥാനാര്‍ഥിയെ മുന്‍നിര്‍ത്തി അവിടെ കളിച്ച കളി അവര്‍ക്കനുകൂലമായി ഭവിച്ചതില്‍ അത്യാശ്ചര്യകരമായി ഒന്നും ചൂണ്ടിക്കാട്ടാനില്ല. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് മുമ്പ്, യുഡിഎഫ് സര്‍ക്കാരിനെതിരായ വാര്‍ത്തകളും വികാരവുമാണ് സമൂഹത്തില്‍ നിറഞ്ഞുനിന്നതെങ്കില്‍, ഈ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ രക്ഷിച്ചെടുക്കാനുള്ള പ്രതിജ്ഞയുമായി ഇടതുപക്ഷത്തിന് ചുറ്റും ആക്രമണോത്സുകരായി വലതുപക്ഷ മാധ്യമവ്യൂഹം ആഞ്ഞടിക്കുകയായിരുന്നു. സര്‍വകലാശാലയുടെ ഭൂമി വിറ്റ് മുസ്ലിം ലീഗ് കാശുമാറിയതും അഞ്ചാം മന്ത്രിസ്ഥാനം കഴുത്തിന് കുത്തിപ്പിടിച്ച് കരസ്ഥമാക്കിയതും കോണ്‍ഗ്രസ് നേതാക്കള്‍ക്കുതന്നെ അസഹ്യമാകുംവിധം ഭരണത്തിന്റെ കടിഞ്ഞാണ്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും കൈയിലേന്തിയതും കേരള രാഷ്ട്രീയത്തില്‍ യുഡിഎഫിനെ നാണംകെടുത്തിയ നാളുകളായിരുന്നു അത്. സംഘടിതമായ ഇടപെടലിലൂടെ അത്തരം കാര്യങ്ങള്‍, എന്തിന് പെട്രോള്‍ വിലവര്‍ധനയുടെ അതികഠിനമായ ആഘാതംപോലും ജനങ്ങളുടെ ചര്‍ച്ചയില്‍നിന്ന് മാറ്റിയെടുക്കാന്‍ വലതുപക്ഷ മാധ്യമ- രാഷ്ട്രീയ കൂട്ടുകെട്ടിന് കഴിഞ്ഞു.
ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട നിമിഷംമുതല്‍ ആ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മില്‍ കെട്ടിവച്ച് മാധ്യമങ്ങള്‍ സമനില തെറ്റി പെരുമാറുകയായിരുന്നു. ഇത്രയും കഠിനമായ, സംഘടിതമായ, നിരന്തരമായ ആക്രമണത്തെ അതിജീവിക്കുക സാധാരണ നിലയില്‍ അചിന്ത്യമാണ്. സിപിഐ എം ആയതുകൊണ്ട്; ഇടതുപക്ഷമായതുകൊണ്ട് മാത്രമാണ് ഈ ആക്രമണത്തില്‍ ഉലഞ്ഞുപോകാതെ, സ്വന്തം കരുത്ത് ചോര്‍ന്നുപോകാതെ പിടിച്ചുനിന്നത്. ആ കരുത്താണ്, ജനകീയ അടിത്തറയുടെ ദാര്‍ഢ്യമാണ് നെയ്യാറ്റിന്‍കര ഫലത്തിന്റെ സവിശേഷതകളിലൊന്ന് എന്ന് നിസ്സംശയം പറയാം. ഏതു കൊടുങ്കാറ്റിലും ഉലഞ്ഞുപോകാത്ത ജനങ്ങളുടെ പിന്തുണയും ആന്തരിക ശക്തിയുമാണ് കേരളത്തിലെ ഇടതുപക്ഷത്തിനുള്ളതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ച 46,194 വോട്ടുകള്‍ തെളിയിക്കുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 21,344 വോട്ട് കൂടുതലാണിത്. യുഡിഎഫ് ഭരണത്തിലിരുന്ന് നടത്തിയ തെരഞ്ഞെടുപ്പാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും പണവും യഥേഷ്ടം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എല്ലാ ജാതി- മത ശക്തികളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനമോ രാഷ്ട്രീയപ്രശ്നങ്ങളോ അല്ല, ജാതി- മത ചേരുവകളുടെ ആനുകൂല്യമാണ് യുഡിഎഫ് പ്രതീക്ഷിച്ചതും നേടിയതും എന്നര്‍ഥം. വിവിധ സാമുദായിക സംഘടനകളുടെ പ്രതികരണത്തിലും അത് വ്യക്തമാകുന്നുണ്ട്. യുഡിഎഫിന്റെ ജനവിരുദ്ധ നയങ്ങളും നഗ്നമായ അഴിമതിയും വര്‍ഗീയപ്രീണനവും ആ മുന്നണിയെ പരാജയപ്പെടുത്തുംവിധമുള്ള രാഷ്ട്രീയവോട്ടാക്കി മാറ്റുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കഴിഞ്ഞില്ല എന്നുകൂടിയാണ് നെയ്യാറ്റിന്‍കര ഫലത്തിന്റെ സൂചന. ആഴത്തിലുള്ള പരിശോധനയും നടപടികളും വേണ്ടുന്ന വിഷയമാണിത്. ജനകീയ അടിത്തറ നിലനിര്‍ത്തുന്നതിലുപരി വിപുലപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും പ്രസക്തിയുമാണ് ഇത് ഇടതുപക്ഷത്തെ ഓര്‍മിപ്പിക്കുന്നത്. പരാജയത്തെ അംഗീകരിച്ച്, അതിനിടയാക്കിയ സാഹചര്യങ്ങളെ വിശകലനംചെയ്ത്, പരിഹരിച്ച് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്നതിനുള്ള നിലപാട് സ്വീകരിക്കുമെന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിന്റെ പ്രസ്താവന ആ ദിശയില്‍ കാണാവുന്നതാണ്.
ഇന്ത്യയിലാകെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ ദയനീയചിത്രമാണ് തെളിഞ്ഞത്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ വികാരവും അതുതന്നെയാണ്. ആ വികാരത്തെ ശരിയായ രാഷ്ട്രീയ ദിശയിലേക്ക് നയിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ എക്കാലത്തേക്കാളും ഊര്‍ജസ്വലമായി മുഴുകാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ എല്ലാവര്‍ക്കും നല്‍കുന്ന സന്ദേശമാണ് നെയ്യാറ്റിന്‍കരയില്‍നിന്നുള്ളത്. ബഹുമുഖമായ കടന്നാക്രമണങ്ങളെ നേരിട്ടാണ് നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് മികച്ച മത്സരം കാഴ്ചവച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അവിശ്രമം മുഴുകിയ പ്രവര്‍ത്തകരെയും വ്യാജവാര്‍ത്തകളുടെയും കുപ്രചാരണങ്ങളുടെയും കുത്തൊഴുക്കുണ്ടായിട്ടും നിശ്ചയദാര്‍ഢ്യത്തോടെ എല്‍ഡിഎഫിനു പിന്നില്‍ ഉറച്ചുനിന്ന നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാരെയും ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു.
deshabhimani editorial
Labels:
നെയ്യാറ്റിന്‍കര
Subscribe to:
Post Comments (Atom)

ReplyDelete