Monday, June 18, 2012
മാണി കോണ്‍ഗ്രസ് നേതാവ് നികത്തിയ പാടത്തെ മണ്ണുനീക്കാന്‍ ഉത്തരവ്
പെരുമ്പാവൂര്‍: മുടക്കുഴ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അംഗവുംകേരള കോണ്‍ഗ്രസ് എം നേതാവുമായ ഷാജി കീച്ചേരി നികത്തിയ പ്രളയക്കാട്ടുപാടത്തെ മണ്ണ് നീക്കംചെയ്യാന്‍ മൂവാറ്റുപുഴ ആര്‍ഡിഒ ഉത്തരവിട്ടു. വേങ്ങൂര്‍ വെസ്റ്റ് വില്ലേജിലെ ബ്ലോക്ക് 17 റീസര്‍വേ 223/10, 223/12, 223/13 നമ്പറുകളിലായി 60 സെന്റിലെ മണ്ണ് നീക്കംചെയ്യാനാണ് ഉത്തരവ്. ഇതനുസരിച്ച് വില്ലേജ് ഓഫീസര്‍ എട്ടിന് മെമ്പര്‍ക്ക് നോട്ടീസ് നല്‍കുകയുംചെയ്തു.
ഈ സ്ഥലം ഉള്‍പ്പെടുന്ന പാടശേഖരം നികത്തുക എന്ന ഉദ്ദേശ്യത്തോടെ ഇവിടെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടര ഏക്കറില്‍ കപ്പക്കൃഷി നടത്തുകയുംചെയ്തു. രണ്ടുപ്രാവശ്യമായി ഒന്നരലക്ഷത്തോളം രൂപ ഇതിനായി പഞ്ചായത്ത് അനുവദിച്ചിരുന്നു. 8000 ചുവട് കപ്പ നടാനുള്ള പദ്ധതിയായിരുന്നെങ്കിലും തൊഴിലാളികളെ ഭീഷണിപ്പെടുത്തി 10,000 ചുവട് കപ്പക്കൃഷി ചെയ്യിച്ചെന്നും പരാതിയുണ്ട്. പാടംനികത്തിയതിന് നിയമപ്രാബല്യം ലഭിക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മെമ്പറും കൂട്ടാളികളും പഞ്ചായത്ത് സെക്രട്ടറിയെ നിര്‍ബന്ധിക്കുന്നുണ്ട്. അശമന്നൂര്‍ പഞ്ചായത്തിലെ ചക്കന്‍ചിറ പാടശേഖരം നികത്താനുള്ള നീക്കവും പരാതിയെത്തുടര്‍ന്ന് ആര്‍ഡിഒ തടഞ്ഞിരുന്നു. ബ്ലോക്ക് 15ല്‍ രണ്ട് ഏക്കറോളം സ്ഥലം നികത്താനായിരുന്നു നീക്കം.
നെല്‍വയല്‍ നികത്തല്‍ അധികവും കുന്നത്തുനാട് പഞ്ചായത്തില്‍
കോലഞ്ചേരി: ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്‍വയല്‍നികത്തല്‍ നടന്നത് കുന്നത്തുനാട് പഞ്ചായത്തില്‍. ശാസ്ത്ര സാഹിത്യ പരിഷത്ത് അടുത്തിടെ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. പഠനറിപ്പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറിയെങ്കിലും അവഗണനയായിരുന്നു ഫലം. നെല്‍വയലുകളും കുളങ്ങളും തോടുകളുമടക്കം തണ്ണീര്‍ത്തടങ്ങള്‍ അപ്രത്യക്ഷമായതോടെ കുടിവെള്ളക്ഷാമവും പാരിസ്ഥിതികപ്രശ്നങ്ങളും രൂക്ഷമായി. അനധികൃത നിലംനികത്തലിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ഉദ്യോഗസ്ഥരുടെയും ഗുണ്ടാസംഘങ്ങളുടെയും പിന്‍ബലത്തില്‍ ഭൂമാഫിയ മറികടക്കുകയാണ് പതിവ്.
റിയല്‍ എസ്റ്റേറ്റ്ലോബിയുടെ കടന്നുകയറ്റവും ഭൂമിവിലയിലുണ്ടായ വര്‍ധനയുമാണ് കുന്നത്തുനാട് മണ്ഡലത്തിലെ പാടശേഖരങ്ങള്‍ വിസ്മൃതിയിലാകാന്‍ കാരണം. കര്‍ഷകരില്‍നിന്നു നിസ്സാരവിലയ്ക്ക് വാങ്ങുന്ന പാടങ്ങള്‍ നികത്തിയശേഷം വന്‍ തുകയ്ക്ക് മറിച്ചുവില്‍ക്കുന്ന ഭൂമാഫിയസംഘം മേഖലയില്‍ സജീവമാണ്. മൂന്നു പൂ കൃഷിചെയ്തിരുന്നതും സമൃദ്ധമായി വിളവെടുപ്പ് നടത്തിയിരുന്നതുമായ എക്കറുകണക്കിനു പാടശേഖരങ്ങളാണ് നികത്തിയത്. കുന്നത്തുനാട്, കിഴക്കമ്പലം, വടവുകോട്-പുത്തന്‍കുരിശ്, തിരുവാണിയൂര്‍, പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ അനധികൃത മണ്ണെടുപ്പും പാടംനികത്തലും നടക്കുന്നത്. സ്മാര്‍ട്സിറ്റി, ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടവികസനം, കൊച്ചി റിഫൈനറിവികസനം തുടങ്ങിയ വന്‍കിട പദ്ധതികളുമായി ബന്ധപ്പെട്ടുകിടക്കുന്ന പഞ്ചായത്തുകള്‍ എന്നനിലയ്ക്കാണ് ഇവിടെ മണ്ണെടുപ്പും പാടംനികത്തലും വ്യാപകമായത്. വികസനപദ്ധതികളുടെ വരവോടെ പ്രദേശത്തെ കരഭൂമിയുടെ വിലയിലുണ്ടായ വന്‍വര്‍ധനയാണ് പാടശേഖരങ്ങള്‍ നിസ്സാരവിലയ്ക്ക് വാങ്ങി, നികത്തി വന്‍വിലയ്ക്ക് മറിച്ചുവില്‍ക്കാന്‍ റിയല്‍എസ്റ്റേറ്റ് ലോബിക്ക് പ്രേരണയായത്.
(എന്‍ കെ ജിബി)
തുറവൂരില്‍ നികത്തുഭൂമിയില്‍ നിര്‍മിച്ച വില്ലകള്‍ കൈമാറാന്‍ നെട്ടോട്ടം
അങ്കമാലി: ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോഴും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ഭരണകക്ഷിനേതാക്കളുടെ ഒത്താശയോടെ തുറവൂര്‍ പഞ്ചായത്തില്‍ പാടശേഖരം മണ്ണിട്ടുനികത്തി വില്ലകള്‍ നിര്‍മിക്കുന്നു. പഞ്ചായത്ത്, കൃഷി, വില്ലേജ് അധികൃതരുടെ പിന്തുണയും ഇതിനുണ്ട്. തുറവൂര്‍ പഞ്ചായത്തിലെ കൊമര പാടശേഖരത്തിലെ രണ്ടേക്കറിലധികംവരുന്നിടമാണ് നികത്തി വില്ലകളുടെ നിര്‍മാണം പുരോഗമിക്കുന്നത്. ഭൂമി തുണ്ടുകളായി തിരിച്ച് ഒരേ മാതൃകയിലുള്ള നാലു വില്ലകള്‍ ഇതിനകം പൂര്‍ത്തിയാക്കി. പഞ്ചായത്തില്‍നിന്ന് നമ്പര്‍ തരപ്പെടുത്തി വില്ലകള്‍ കൈമാറാനുള്ള നെട്ടോട്ടത്തിലാണ് മാഫിയകള്‍. വില്ലകള്‍ നിര്‍മിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല. ഭരണകക്ഷിനേതാക്കളുടെയും റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെയും ചൊല്‍പ്പടിക്കു നില്‍ക്കുകയാണിവരെന്ന് ആക്ഷേപമുണ്ട്.
ഇതിനിടയില്‍ ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. കല്ലും മണ്ണും കൊണ്ടുവന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കലക്ടറും പ്രശ്നത്തില്‍ ഇടപെട്ടെങ്കിലും തുടര്‍നടപടിഉണ്ടായില്ല. അങ്കമാലി പൊലീസിലും പരാതി കൊടുത്തെങ്കിലും അവരും മുഖംതിരിച്ചു. അന്വേഷണത്തിനു വിളിച്ചിട്ട് മാഫിയകള്‍ വരുന്നില്ലെന്നാണ് പൊലീസിന്റെ മറുപടി. നികത്തല്‍ രൂക്ഷമായപ്പോഴാണ് പ്രദേശവാസികള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. തുറവൂര്‍ പഞ്ചായത്തിലെ മുല്ലശേരി തോടിനോടു ചേര്‍ന്നുള്ള ഭൂമിയും നികത്തുന്നുണ്ട്. ഇതിനെതിരെയും ഹൈക്കോടതിയില്‍ കേസുണ്ട്. എന്നാല്‍, ഇതവഗണിച്ച് നികത്തല്‍ തുടരുകയാണ്. അഡ്വ. സേവ്യര്‍ പാലാട്ടിയാണ് പരാതി നല്‍കിയത്.
വയല്‍ നികത്താന്‍ ഭൂമാഫിയ പുതിയതന്ത്രം പയറ്റുന്നു
കൊച്ചി: വയലും തണ്ണീര്‍ത്തടവും നികത്താന്‍ ഭൂമാഫിയ പുതിയ തന്ത്രം പയറ്റുന്നു. നികത്താനുള്ള ഭൂമി ചെറിയ തുണ്ടുകളായി തിരിച്ച് പലര്‍ക്കായി നല്‍കി വീടുവയ്ക്കാനെന്ന പേരില്‍ നികത്തുന്നതാണ് തന്ത്രം. ജീവകാരുണ്യ-സാമുദായിക സംഘടനകളുടെ പേരില്‍ ജില്ലയില്‍ പലഭാഗത്തും ഇങ്ങനെ ഭൂമി നികത്താന്‍ ശ്രമം നടക്കുന്നുണ്ട്. പെരുമ്പാവൂരില്‍ പരിസ്ഥിതിസംഘടനയുടെ പേരില്‍ വിശാലമായ തണ്ണീര്‍ത്തടം നികത്താന്‍ പദ്ധതിയുണ്ട്. വാഴക്കുളം പഞ്ചായത്തിലെ കുതിരപ്പറമ്പില്‍ തച്ചക്കോട്-കറിക്കണ്ടം പാടശേഖരമാണ് നികത്തല്‍ഭീഷണി നേരിടുന്നത്. നാലടിയോളം ചളിനിറഞ്ഞതും എപ്പോഴും ജലസമൃദ്ധി ഉള്ളതുമായ പാടശേഖരം മൂന്നു സെന്റു വീതം പലര്‍ക്കായി വീടുവയ്ക്കാനെന്നപേരില്‍ നല്‍കിയാണ് നികത്താന്‍ പദ്ധതിയിടുന്നത്. ഇതിനായി ഒന്നര ഏക്കര്‍ പാടം വാങ്ങുകയും ചെയ്തു. വീതിച്ചുനല്‍കിയ സ്ഥലത്ത് വീടിനായി തറ നിര്‍മിക്കുകയും ചെയ്തു. ഒരു ഗുണഭോക്താവിനു മാത്രമാണ് തറ നിര്‍മിച്ചിട്ടുള്ളത്. ഇതാകട്ടെ കുളംനികത്തിയും. എപ്പോള്‍ വേണമെങ്കിലും പൊളിക്കാന്‍ കഴിയുംവിധം ഹോളോബ്രിക്സ് ഉപയോഗിച്ചാണ് അടിത്തറ നിര്‍മാണം. രണ്ടോമൂന്നോപേര്‍ക്ക് വീടു നിര്‍മിച്ചുനല്‍കുന്നതിന്റെ മറവില്‍ പാടം കൈക്കലാക്കി നികത്താനുള്ള റിയല്‍എസ്റ്റേറ്റ് മാഫിയയുടെ തന്ത്രമാണിതെന്ന് പ്രദേശവാസികള്‍ പറയുന്നു. മാത്രമല്ല, പദ്ധതിയുടെ ഗുണഭോക്താക്കളായി എത്തിയിട്ടുള്ളത് മട്ടാഞ്ചേരി സ്വദേശികളുമാണ്. 20 പേര്‍ ഗുണഭോക്താക്കളായി എത്തിയെങ്കിലും പിന്നീട് പലരും പിന്മാറി. ഒരു സാമുദായികസംഘടനയുടെ പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പാടശേഖരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തണ്ണീര്‍ത്തട സംരക്ഷണസമിതി കഴിഞ്ഞദിവസം ജാഗ്രതാസമ്മേളനം നടത്തിയിരുന്നു.
വൈപ്പിന്‍കരയിലും ചില പ്രദേശങ്ങളില്‍ ഭൂമി തുണ്ടുകളായി തിരിച്ച് നികത്താന്‍ നീക്കമുണ്ട്. ഇവിടെ തോടുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തി. ഇതുമൂലം വെള്ളക്കെട്ട് രൂക്ഷമാണ്. മഴവെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാതെ അഴുക്ക് കുന്നുകൂടി പകര്‍ച്ചവ്യാധികള്‍ പടരുന്നു. പള്ളിപ്പുറം പഞ്ചായത്തില്‍ പുറമ്പോക്ക്-കായല്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പഞ്ചായത്ത് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കൈയേറ്റക്കാരോട് സ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദേശം നല്‍കി. കൈയേറ്റങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുണ്ടാക്കാന്‍ പഞ്ചായത്ത് പ്രത്യേക കമ്മിറ്റിക്കു രൂപംനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് സി എച്ച് അലി അറിയിച്ചു. ഞാറക്കല്‍ മഞ്ഞനക്കാട് പലയിടത്തും നീര്‍ത്തടങ്ങളും പാടവും നികത്തുന്നുണ്ട്. എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ പുറമ്പോക്ക്ഭൂമി ചുളുവിലയ്ക്കു സംഘടിപ്പിച്ചുതരാമെന്നു പറഞ്ഞ് ചില രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ മാഫിയകളായി പ്രവര്‍ത്തിക്കുന്നു. പട്ടയമില്ലാത്ത ഭൂമിക്ക് പട്ടയം സംഘടിപ്പിക്കാന്‍ റവന്യു അധികൃതരുമായിചേര്‍ന്നും പ്രവര്‍ത്തിക്കുന്നു. ബെല്‍ബോ പടിഞ്ഞാറ് പാലത്തിനരികിലെ സ്ഥലം ഐഎന്‍ടിയുസിക്കാര്‍ കൈയേറി കൊടിനാട്ടി. യുഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തില്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ല. പുതുവൈപ്പ് 18-ാം വാര്‍ഡില്‍ ഏക്കറുകണക്കിന് നീര്‍ത്തടം മണ്ണിട്ടുമൂടി. ഇതിനെതിരെ ആര്‍ഡിഒയ്ക്കു നല്‍കിയ പരാതിയില്‍രണ്ടുവര്‍ഷമായിട്ടും തീര്‍പ്പായില്ല.
deshabhimani 180612
Labels:
കേരള കോണ്‍ഗ്രസ്,
പരിസ്ഥിതി
Subscribe to:
Post Comments (Atom)
....പാടശേഖരം നികത്തുക എന്ന ഉദ്ദേശ്യത്തോടെ ഇവിടെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടര ഏക്കറില്‍ കപ്പക്കൃഷി നടത്തുകയുംചെയ്തു. രണ്ടുപ്രാവശ്യമായി ഒന്നരലക്ഷത്തോളം രൂപ ഇതിനായി പഞ്ചായത്ത് അനുവദിച്ചിരുന്നു. 8000 ചുവട് കപ്പ നടാനുള്ള പദ്ധതിയായിരുന്നെങ്കിലും തൊഴിലാളികളെ ഭീഷണിപ്പെടുത്തി 10,000 ചുവട് കപ്പക്കൃഷി ചെയ്യിച്ചെന്നും പരാതിയുണ്ട്. പാടംനികത്തിയതിന് നിയമപ്രാബല്യം ലഭിക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മെമ്പറും കൂട്ടാളികളും പഞ്ചായത്ത് സെക്രട്ടറിയെ നിര്‍ബന്ധിക്കുന്നുണ്ട്. അശമന്നൂര്‍ പഞ്ചായത്തിലെ ചക്കന്‍ചിറ പാടശേഖരം നികത്താനുള്ള നീക്കവും പരാതിയെത്തുടര്‍ന്ന് ആര്‍ഡിഒ തടഞ്ഞിരുന്നു. ബ്ലോക്ക് 15ല്‍ രണ്ട് ഏക്കറോളം സ്ഥലം നികത്താനായിരുന്നു നീക്കം.
ReplyDelete