Tuesday, June 12, 2012

സിപിഐ എമ്മില്‍ അഭിപ്രായവ്യത്യാസമെന്ന പ്രചാരണം പൊളിഞ്ഞു: പിണറായി


കരുനാഗപ്പള്ളി (കൊല്ലം): ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിനുള്ളില്‍ രണ്ട് അഭിപ്രായമുണ്ടെന്ന പ്രചാരണം പാര്‍ടി കേന്ദ്രകമ്മിറ്റി യോഗത്തോടെ പൊളിഞ്ഞുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ടിയുടെ നിലപാട് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിശദീകരിച്ച് കഴിഞ്ഞുവെന്നും പിണറായി പറഞ്ഞു. സിപിഐ എം കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിക്കുവേണ്ടി പണിത എന്‍ ശ്രീധരന്‍ സ്മാരകമന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

കോണ്‍ഗ്രസിലെ വക്രബുദ്ധിക്കാരനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഏതാനും പൊലീസുകാരെയുംകൂട്ടി സിപിഐ എമ്മിനെ തകര്‍ക്കാമെന്നു കരുതിയാല്‍ നടക്കില്ലെന്നും അത് നേരിടാന്‍ ഏതറ്റംവരെയും പോകുമെന്നും ടി പി ചന്ദ്രശേഖരന്റെ കൊലപാതകം മുതലെടുത്ത് സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം ജനങ്ങളെ അണിനിരത്തി നേരിടുമെന്നും പിണറായി പറഞ്ഞു. ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ കോര്‍പറേറ്റ് ശക്തികള്‍ നയിക്കുന്ന വലതുപക്ഷമാധ്യമങ്ങളെ കൂട്ടുപിടിച്ച് സിപിഐ എമ്മിനെ തകര്‍ക്കാനാണ് കോണ്‍ഗ്രസും യുഡിഎഫ് സര്‍ക്കാരും ശ്രമിക്കുന്നത്. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം നിയമത്തിന്റെ വഴിയേ നീങ്ങണമെന്നാണ് സിപിഐ എം ആഗ്രഹിക്കുന്നത്. അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും ഇടപെടാന്‍ പാര്‍ടി ആഗ്രഹിച്ചില്ല. എന്നാല്‍, ചന്ദ്രശേഖരന്റെ വധത്തില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കിനിര്‍ത്തി തകര്‍ക്കാന്‍ പാര്‍ടി പ്രവര്‍ത്തകരെ ചോദ്യംചെയ്യാനെന്ന വ്യാജേന മര്‍ദിച്ചും തല്ലിയൊതുക്കിയും കള്ളമൊഴി രേഖപ്പെടുത്തുകയാണ്. ഈ നടപടിയെ സിപിഐ എം അംഗീകരിക്കില്ല. അക്കാര്യം പാര്‍ടി സംസ്ഥാനകമ്മിറ്റിയും ജനറല്‍സെക്രട്ടറിയും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്.

എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന നേതാവുകൂടിയായ സി എച്ച് അശോകനെ ദിവസങ്ങളോളം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കള്ളമൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചു. കൂത്തുപറമ്പ് ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെയും ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗത്തെയും മര്‍ദിച്ച് മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചു. ഈ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സിപിഐ എമ്മിനെതിരെ ചന്ദ്രശേഖരന്‍വധം ബോധപൂര്‍വം ഉപയോഗിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്ന വിവരം പരസ്യമായത്. പാര്‍ടി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് തല്ലിയൊതുക്കി കള്ളമൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തെയാണ് സിപിഐ എം എതിര്‍ക്കുന്നത്- പിണറായി പറഞ്ഞു.

കേരളത്തില്‍ സിപിഐ എമ്മിനെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യമാണ് വലതുപക്ഷമാധ്യമങ്ങള്‍ക്കുള്ളത്. ചന്ദ്രശേഖരന്‍വധത്തെ സിപിഐ എമ്മിനെതിരായിട്ടുള്ള ആക്രമണമായി അവര്‍ ഉപയോഗിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. അത് തുറന്നുകാട്ടുമ്പോള്‍ മാധ്യമസ്വാതന്ത്ര്യം ഹനിക്കാന്‍ പാര്‍ടി ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തിന് എതിരല്ല. വലതുപക്ഷമാധ്യമങ്ങള്‍ ഞങ്ങള്‍ക്കെതിരെ നടത്തുന്ന കള്ളപ്രചാരണത്തിന്റെ പേരില്‍ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകരെ പ്രകോപിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറായിട്ടില്ല. കേരളത്തിലെ ഏതെങ്കിലും കോര്‍പറേറ്റ് മാധ്യമത്തിന്റെ ഓഫീസില്‍ കയറി പ്രശ്നങ്ങള്‍ ഉണ്ടാക്കാനും ശ്രമിച്ചില്ല. ഇല്ലാത്ത ചോദ്യങ്ങളുടെ പേരില്‍ മൊഴി ഉണ്ടെന്നുവരുത്തി സിപിഐ എമ്മിനെതിരെ വ്യാപകമായി പ്രചരിപ്പിക്കുന്ന രീതിയെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. അതെങ്ങനെ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കും?

ക്രിമിനല്‍ക്കേസുകളില്‍ അറസ്റ്റിലാകുന്നവരുടെ മൊഴി പരസ്യപ്പെടുത്താന്‍ പാടില്ലെന്ന പരമോന്നത നീതിപീഠമായ സുപ്രീംകോടതി ഉള്‍പ്പെടെയുള്ളവയുടെ വിധികള്‍ ലംഘിച്ച് നിയമവിരുദ്ധമായാണ് മാധ്യമങ്ങള്‍ ഇത്തരം കള്ളം പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ നടത്തുന്ന തെറ്റായ പ്രചാരണത്തെ നിയമപരമായി കോടതിയില്‍ ചോദ്യംചെയ്യാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ? അത് മാധ്യമസ്വാതന്ത്ര്യത്തെ ചോദ്യംചെയ്യലാണെങ്കില്‍ അക്കാര്യം കോടതി പറയട്ടെ. കോടതി അത്തരം കാര്യങ്ങള്‍ വല്ലതും പറയുമോ എന്ന ആശങ്കയാണ് വലതുപക്ഷമാധ്യമങ്ങള്‍ക്ക് ഇപ്പോഴുള്ളത്. മാധ്യമങ്ങളുടെ ഈ രീതി ബഹുജനങ്ങള്‍ക്കുമുന്നില്‍ അവരുടെ വിശ്വാസ്യത തകരാന്‍ ഇടയാക്കുമെന്നും പിണറായി പറഞ്ഞു.

deshabhimani 120612

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിനുള്ളില്‍ രണ്ട് അഭിപ്രായമുണ്ടെന്ന പ്രചാരണം പാര്‍ടി കേന്ദ്രകമ്മിറ്റി യോഗത്തോടെ പൊളിഞ്ഞുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ടിയുടെ നിലപാട് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിശദീകരിച്ച് കഴിഞ്ഞുവെന്നും പിണറായി പറഞ്ഞു. സിപിഐ എം കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിക്കുവേണ്ടി പണിത എന്‍ ശ്രീധരന്‍ സ്മാരകമന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

    ReplyDelete