Saturday, August 25, 2012

പൊലീസ് മര്‍ദനം: 2 പേര്‍ ഗുരുതരാവസ്ഥയില്‍


കുടുംബവഴക്കില്‍ പക്ഷംപിടിച്ച് ഭീഷണിപ്പെടുത്തിയ എസ്ഐക്കെതിരെ പരാതി നല്‍കിയ ആളെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. മറ്റൊരു സംഭവത്തില്‍, അയല്‍ക്കാരനായ കടയുടമയുമായി വാക്കുതര്‍ക്കം ഉണ്ടായതിന്റെപേരില്‍ യുവാവിന്റെ വാരിയെല്ല് പൊലീസ് ചവിട്ടി ഒടിച്ചു. ഗുരുതരാവസ്ഥയിലായ രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കോല കല്ലയം സ്വദേശി ബാബു (48), ഒറ്റശേഖരമംഗലം നുള്ളിയോട് സ്വദേശി ആനന്ദകുമാര്‍ (41) എന്നിവരാണ് പൊലീസ് മര്‍ദനമേറ്റ് അത്യാസന്നനിലയില്‍ കഴിയുന്നത്. പൊലീസ് ഭീകരതയ്ക്കിരയായതിനാല്‍ മതിയായ ചികിത്സയും ഇവര്‍ക്ക് നിഷേധിച്ചു.

കൂലിപ്പണിക്കാരനും സഹോദരിയുടേതുള്‍പ്പെടെ രണ്ടു കുടുംബങ്ങളുടെ അത്താണിയുമായ ബാബുവിന് അനങ്ങാന്‍പോലും കഴിയുന്നില്ല. മര്‍ദനത്തില്‍ ചതഞ്ഞ ശരീരത്തിലുണ്ടായ നീര് പുറത്തേക്ക് കളയാന്‍ ശരീരം തുളച്ച് കുഴലിട്ടിരിക്കുകയാണ്. ഈ കൊടുംക്രൂരത കാട്ടാന്‍ എന്തുതെറ്റാണ് ബാബു ചെയ്തതെന്നാണ് ഭാര്യ പത്മിനിയും സഹോദരി ഗിരിജയും കണ്ണീരോടെ ചോദിക്കുന്നത്. ബുധനാഴ്ച വൈകിട്ടാണ് ബാബുവിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തത്. വീടിനുസമീപത്തെ കടയുടമയുമായി തര്‍ക്കം ഉണ്ടായതിന്റെപേരില്‍ റോഡില്‍നിന്ന് പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഭാര്യ പത്മിനി സ്റ്റേഷനിലെത്തിയപ്പോള്‍ എഴുന്നേറ്റുനില്‍ക്കാനാകാത്ത അവസ്ഥയിലായിരുന്നു ബാബു. നിരവധി കടലാസില്‍ ബലമായി ഒപ്പിടുവിക്കുകയും ചെയ്തു. സ്റ്റേഷനില്‍നിന്ന് വിട്ടയച്ചശേഷം ഓട്ടോയില്‍ പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 108 ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

ആര്യങ്കോട് എസ്ഐക്കെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിനാണ് ആനന്ദകുമാറിനെ വെള്ളറട സിഐ ജിജിയും സംഘവും മര്‍ദിച്ച് ജീവച്ഛവമാക്കിയത്. കുടുംബവഴക്കില്‍ പക്ഷംപിടിച്ച് ഭീഷണിപ്പെടുത്തിയതിനാണ് ആനന്ദകുമാര്‍ പരാതി നല്‍കിയത്. എന്നാല്‍, സിഐക്കെതിരെ പോസ്റ്ററൊട്ടിച്ചുവെന്ന് ആരോപിച്ചാണ് ആനന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടുദിവസം കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ചു. റിമാന്‍ഡ് ചെയ്ത ആനന്ദകുമാറിനെ കസ്റ്റഡിയില്‍ വാങ്ങിയും മര്‍ദിച്ചു. സിഐക്ക് വിരോധമുള്ള ചിലരെക്കൂടി കേസില്‍ കുടുക്കാന്‍ അവരുടെ പേരുപറയിക്കാനായിരുന്നു മര്‍ദനം. തുടയിലെ മാംസപേശികള്‍ ബൂട്ടിട്ട് ചവിട്ടിയരച്ചു. പലതവണ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ചു. സിഐ ജിജിയും വെള്ളടറ എസ്ഐ ബിജുകുമാറും കണ്ടാലറിയാവുന്ന പൊലീസുകാരനും ചേര്‍ന്നാണ് മര്‍ദിച്ച് മൊഴി എടുത്തത്. മൊഴി വീഡിയോക്യാമറയില്‍ പകര്‍ത്തി. ക്യാമറ കേടായപ്പോള്‍ സിഐയുടെ മൊബൈല്‍ഫോണില്‍ റെക്കോഡ് ചെയ്തു. മജിസ്ട്രേട്ടിനുമുന്നില്‍ ഹാജരാക്കിയപ്പോള്‍ യുവാവിന്റെ അവസ്ഥ കണ്ട് നെയ്യാറ്റിന്‍കര താലൂക്കാശുപത്രിയില്‍ പരിശോധനയ്ക്ക് അയച്ചു. യുവാവിന്റെ സ്ഥിതി ഗുരുതരമെന്നു കണ്ട് ജാമ്യം നല്‍കി. മജിസ്ട്രേട്ടിന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജില്‍ എത്തി സിഐയും സംഘവും ഭീഷണിപ്പെടുത്തിയെന്ന് ആനന്ദകുമാര്‍ പറഞ്ഞു. ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

deshabhimani 250812

1 comment:

  1. കുടുംബവഴക്കില്‍ പക്ഷംപിടിച്ച് ഭീഷണിപ്പെടുത്തിയ എസ്ഐക്കെതിരെ പരാതി നല്‍കിയ ആളെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. മറ്റൊരു സംഭവത്തില്‍, അയല്‍ക്കാരനായ കടയുടമയുമായി വാക്കുതര്‍ക്കം ഉണ്ടായതിന്റെപേരില്‍ യുവാവിന്റെ വാരിയെല്ല് പൊലീസ് ചവിട്ടി ഒടിച്ചു. ഗുരുതരാവസ്ഥയിലായ രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കോല കല്ലയം സ്വദേശി ബാബു (48), ഒറ്റശേഖരമംഗലം നുള്ളിയോട് സ്വദേശി ആനന്ദകുമാര്‍ (41) എന്നിവരാണ് പൊലീസ് മര്‍ദനമേറ്റ് അത്യാസന്നനിലയില്‍ കഴിയുന്നത്. പൊലീസ് ഭീകരതയ്ക്കിരയായതിനാല്‍ മതിയായ ചികിത്സയും ഇവര്‍ക്ക് നിഷേധിച്ചു.

    ReplyDelete