Wednesday, August 1, 2012
ആഭ്യന്തരമന്ത്രിക്കെതിരെ അവകാശലംഘനനോട്ടീസ്
എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്തിയത് സംബന്ധിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ അവകാശലംഘന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന് നോട്ടീസ് നല്‍കി. പ്രതിപക്ഷ അംഗങ്ങളുടെ ഫോണ്‍ ചോര്‍ത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് എളമരം കരീം സ്പീക്കര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജൂലൈ 11ന് ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മന്ത്രി നല്‍കിയ മറുപടിയാണ് നോട്ടീസിന് ആധാരം. ഫോണ്‍ ചോര്‍ത്തലിന് ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്നും ആക്ഷേപം സംബന്ധിച്ച് അന്വേഷിക്കാമെന്നുമാണ് അന്ന് മന്ത്രി മറുപടി നല്‍കിയത്. എന്നാല്‍, ജൂലൈ 23ന് ചോദ്യത്തിനുള്ള മറുപടിയില്‍, രഹസ്യസ്വഭാവമുള്ളതിനാല്‍ വിവരം വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലെന്നും അറിയിച്ചു. മുന്‍ നിലപാടില്‍നിന്ന് തീര്‍ത്തും വിരുദ്ധമായ മറുപടിയാണ് 23ന് നല്‍കിയത്. സര്‍ക്കാരിന് പലതും മറച്ചുവയ്ക്കാനുണ്ടെന്നാണ് ഇതില്‍നിന്ന് വെളിവാകുന്നത്.
മൊബൈല്‍ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ കേള്‍പ്പിച്ചതായി ടി വി രാജേഷ് എംഎല്‍എതന്നെ വ്യക്തമാക്കി. പ്രതിപക്ഷ എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്തിയതിന് ഇത് തെളിവാണ്. ഈ സാഹചര്യത്തില്‍ സഭയെ മന്ത്രി ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ചെന്ന് കോടിയേരിയും എളമരം കരീമും ചൂണ്ടിക്കാട്ടി. തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് ഉത്തമ ബോധ്യമുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സഭയില്‍ ഉന്നയിച്ചതെന്നും ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന് ഉറപ്പുനല്‍കിയ മന്ത്രി പിന്നീട് നിലപാട് മാറ്റിയെന്നും എളമരം കരീം പറഞ്ഞു. അംഗങ്ങളെ സമ്മര്‍ദത്തിലാഴ്ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഫോണ്‍ ചോര്‍ത്താന്‍ അനുമതി നല്‍കാമെന്ന് ടെലിഗ്രാഫ് ആക്ടില്‍ വ്യവസ്ഥയുണ്ട്. ഇത്തരം സാഹചര്യം തന്റെയോ അംഗങ്ങളുടെയോ കാര്യത്തില്‍ ഉണ്ടായിട്ടില്ല. അതീവ രഹസ്യസ്വഭാവമുള്ളതാണെന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍ ഗുരുതരമാണ്. ഇത്തരത്തില്‍ ആരോപണ വിധേയരായവര്‍ സഭയില്‍ അംഗങ്ങളായിരിക്കുന്നത് സഭയുടെ അന്തസ്സ് നഷ്ടപ്പെടുത്താന്‍ ഇടയാക്കുന്നു. ഈ സാഹചര്യത്തില്‍ ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് എളമരം കരീം അഭ്യര്‍ഥിച്ചു.
ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണാറായി വിജയന്റെയും എംഎല്‍എമാരായ ടി വി രാജേഷ്, എളമരം കരീം എന്നിവരുടെയും പരാതി ലഭിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ മാധ്യമപ്രവര്‍ത്തകരോട്പറഞ്ഞു. പിണറായി വിജയന്റെയും എളമരം കരീമിന്റെയും കത്തും ടി വി രാജേഷിന്റെ ഫാക്സുമാണ് ലഭിച്ചത്. അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കീഴ്വഴക്കങ്ങളും നിയമങ്ങളും പാലിച്ച് ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
deshabhimani 010812
Labels:
പോലീസ്,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്തിയത് സംബന്ധിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ അവകാശലംഘന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന് നോട്ടീസ് നല്‍കി
ReplyDelete