Wednesday, August 1, 2012

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹന നമ്പരില്‍ മണല്‍കടത്ത്


മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹന നമ്പരും ആര്‍ സെല്‍വരാജ് എംഎല്‍എയുടെ മേല്‍വിലാസവും ഉപയോഗിച്ച് മണല്‍ കടത്തിന് പാസ് നല്‍കി. പാറശാലയ്ക്ക് സമീപം ഇഞ്ചിവിളയിലെ പ്രദേശിക കോണ്‍ഗ്രസ് നേതാവാണ് പാസ് തരപ്പെടുത്തുന്നതിന് ഇടനിലക്കാരന്‍. "റിപ്പോര്‍ട്ടര്‍" ചാനലാണ് ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

മുഖ്യമന്ത്രിയുടെ വാഹന നമ്പരില്‍ പാസ് നല്‍കാന്‍ 1500 രൂപയാണ് ഇടനിലക്കാരന്‍ കൈപ്പറ്റിയത്. മാവിളക്കടവ് ചെക്പോസ്റ്റ് വഴിയാണ് മണല്‍ കൊണ്ടുവന്നത്. ചെക്പോസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് 300 രൂപ പടിയും നല്‍കി. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ എംഎല്‍എയെ വിളിച്ചാല്‍ മതിയെന്നും എംഎല്‍എ പറഞ്ഞതനുസരിച്ചാണ് മണല്‍ കൊണ്ടുവന്നതെന്ന് ചെക്പോസ്റ്റില്‍ പറയണമെന്നും ഇടനിലക്കാരന്‍ നിര്‍ദേശിച്ചു. പൊലീസ് പിടികൂടിയാലും എംഎല്‍എയുടെ പേര് പറഞ്ഞാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. ചെക്പോസ്റ്റ് കടന്നുവന്ന ലോറിയെ വഴിയില്‍ പൊലീസ് തടഞ്ഞെങ്കിലും പടി നല്‍കിയപ്പോള്‍ വിട്ടയച്ചു. മണല്‍ ആവശ്യക്കാരനായി ചാനല്‍ റിപ്പോര്‍ട്ടര്‍ ഇടനിലക്കാരനെയും ഉദ്യോഗസ്ഥരെയും സമീപിച്ചാണ് അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴി വ്യാപകമായി മണല്‍കടത്തുന്ന വാര്‍ത്ത നല്‍കിയത്.

deshabhimani 010812

No comments:

Post a Comment