കൊച്ചി: വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍സ്ഥാനത്തുനിന്ന് ഡോ. ബി അശോകിനെ നീക്കിയ സര്‍ക്കാര്‍നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഡോ. അശോകിനെ വൈസ്ചാന്‍സലറായി വീണ്ടും നിയമിക്കാന്‍ ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായരും സി കെ അബ്ദുള്‍റഹീമും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ഉത്തരവിട്ടു. കാലാവധി പൂര്‍ത്തിയാകുംമുമ്പേ വൈസ്ചാന്‍സലര്‍സ്ഥാനത്തുനിന്നും ബി അശോകിനെ നീക്കിയ സര്‍ക്കാര്‍നടപടി നിയമവിരുദ്ധവും ദുരുദ്ദേശ്യപരവും പൊതുതാല്‍പ്പര്യത്തിന് വിരുദ്ധവുമാണെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.
കേന്ദ്രസര്‍വീസില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ കേരള കേഡറിലെത്തിയ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. ബി അശോകിനെ പുതുതായി ആരംഭിച്ച വെറ്ററിനറി സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായി ഗവര്‍ണര്‍ നിയമിച്ചത് സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മുന്‍ സര്‍ക്കാരിന്റെ കാലത്തെ വൈസ് ചാന്‍സലര്‍നിയമനം റദ്ദാക്കിയ നടപടി ദുരുദ്ദേശ്യപരമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. ബി അശോക് സമര്‍പ്പിച്ച അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കിയ സര്‍ക്കാര്‍നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ഭരണപരമായ കാരണങ്ങളാലാണ് സ്ഥാനത്തുനിന്നു നീക്കിയതെന്ന സര്‍ക്കാര്‍വിശദീകരണം നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. വൈസ് ചാന്‍സലറുടെ ചുമതല അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു നല്‍കിയ സര്‍ക്കാര്‍നടപടിയേയും വിമര്‍ശിച്ചു. സര്‍വകലാശാല ആസ്ഥാനത്തുനിന്ന് 500 കിലോമീറ്ററോളം അകലെ സെക്രട്ടറിയറ്റിലിരിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ചുമതലകള്‍ എങ്ങനെ കാര്യക്ഷമമായി നിര്‍വഹിക്കാനാകുമെന്ന് കോടതി ചോദിച്ചു. അശോകിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ടി വി രാധാകൃഷ്ണന്‍ ഹാജരായി.
deshabhimani 010812
No comments:
Post a Comment