Wednesday, August 1, 2012
സിപിഐ എം നേതാക്കളുടെ ഫോണ്‍ വ്യാപകമായി ചോര്‍ത്തുന്നു
കണ്ണൂരില്‍ സിപിഐ എം നേതാക്കളുടെ ഫോണ്‍കോളുകള്‍ വ്യാപകമായി ചോര്‍ത്തുന്നെന്ന സംശയം ബലപ്പെട്ടു. പൊലീസിന്റെ സൈബര്‍ സംവിധാനം ഉപയോഗിച്ചാണ് ചോര്‍ത്തല്‍. ഇതിന്റെ സൂചനകള്‍ ഫോണുകളില്‍നിന്ന് ലഭിക്കുന്നുണ്ട്. ആയിരത്തോളം ഫോണ്‍ ഒരേസമയം ചോര്‍ത്താനുള്ള സംവിധാനമാണ് പൊലീസ് ഒരുക്കിയത്. ചോര്‍ത്തപ്പെടുന്ന ഫോണുകളില്‍ ലഭിക്കുന്ന കോളുകളില്‍ സംസാരം തുടങ്ങിയ ഉടന്‍ ബന്ധം വിഛേദിക്കപ്പെടുന്നതുപോലുളള അവസ്ഥയുണ്ടാവും. സെക്കന്‍ഡുകള്‍ക്കകം പൂര്‍വസ്ഥിതിയിലാവും. കഴിഞ്ഞ രണ്ടുമാസത്തിനിടെ നിരവധി നേതാക്കളുടെ ഫോണുകളില്‍ ഈ അനുഭവമുണ്ടായി.
കഴിഞ്ഞദിവസം ടി വി രാജേഷ് എംഎല്‍എയെ അദ്ദേഹത്തിന്റെ ഫോണ്‍സംഭാഷണം പൊലീസ് കേള്‍പ്പിച്ചു. ഷുക്കൂര്‍ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനിടെ ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തിലാണ് ശബ്ദരേഖ കേള്‍പ്പിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഫോണ്‍ മൂന്നു മാസമായി പൊലീസ് ചോര്‍ത്തുന്നതായി സംശയമുണ്ടെന്ന് ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. പാര്‍ടി ജില്ലാസെക്രട്ടറിയറ്റംഗങ്ങളുടെയും മറ്റ് പ്രധാന നേതാക്കളുടെയും ഫോണ്‍ ചോര്‍ത്തുന്നതായും സംശയിക്കുന്നു. ചില മാധ്യമപ്രവര്‍ത്തകരുടെ ഫോണും ചോര്‍ത്തുന്നതായി സംശയമുയര്‍ന്നിട്ടുണ്ട്. മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്എന്‍എല്‍ ഓഫീസ് ജീവനക്കാരി ജൂലൈ ഒന്നുമുതല്‍ നാലുവരെയുളള ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ സിപിഐ എം നേതാക്കളുടെ കോള്‍ലിസ്റ്റിന്റെ പ്രിന്റ് രഹസ്യമായി എടുത്ത കാര്യം പുറത്തുവന്നു. ഓഫീസര്‍ക്ക് നല്‍കുന്ന രഹസ്യ പാസ്വേഡ് ഉപയോഗിച്ചാണ് പ്രിന്റെടുത്തത്. ഒരു മാധ്യമപ്രവര്‍ത്തകന്റെ ബന്ധുവാണ് ഇവര്‍.
തിരുവഞ്ചൂര്‍ നിയമസഭാംഗങ്ങളുടെ അന്തസ്സ് കെടുത്തി: എളമരംകരിം
കോട്ടയം: ഫോണ്‍ചോര്‍ത്തല്‍ സംബന്ധിച്ച് നിയമസഭയെ തെറ്റിധരിപ്പിക്കുന്ന പ്രസ്താവന നടത്തിയ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരംകരിം പറഞ്ഞു. ഇക്കാര്യത്തില്‍ നിയമസഭാംഗങ്ങളുടെ അന്തസ്സ് കെടുത്തുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്ന് കാട്ടി സ്പീക്കര്‍ക്ക് കത്ത് നല്‍കിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എംഎല്‍എമാരടക്കമുള്ള പൊതുപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും ആലോചിക്കും. പ്രതിപക്ഷ അംഗങ്ങളുടെ ഫോണ്‍ ചോര്‍ത്താന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്നും എംഎല്‍എയുടെ പരാതി അന്വേഷിക്കാമെന്നുമാണ് മന്ത്രി ജൂലൈ 11 ന് നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ എംഎല്‍എമാരടക്കമുള്ള രാഷ്ട്രീയ പാര്‍ടി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതിന് ആഭ്യന്തര വകുപ്പില്‍നിന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അതീവ രഹസ്യസ്വഭാവമുള്ളതിനാല്‍ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു മറുപടി. പരസ്പര വിരുദ്ധമായ സമീപനമാണ് മന്ത്രിയുടേത്. സത്യപ്രതിജ്ഞാ ലംഘനവും ഇക്കാര്യത്തിലുണ്ട്. ഉദ്യോഗസ്ഥതലത്തില്‍ തീരുമാനിച്ച് ഫോണ്‍ ചോര്‍ത്തുമെന്ന് കരുതാനാകില്ല. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, ആഭ്യന്തര സുരക്ഷ തുടങ്ങിയവക്ക് ഭീഷണിയാകുന്ന കാര്യങ്ങളാണ് ഉത്തരവാദിത്തപ്പെട്ടവര്‍ ചോര്‍ത്തുന്നത്. ഇങ്ങനെ രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ സഭയിലുണ്ടെന്ന നിലയിലാണ് മന്ത്രിയുടെ മറുപടി. അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സഭയുടെ യശസ്സ് കാത്തുസൂക്ഷിക്കാനും സ്പീക്കര്‍ക്ക് ബാധ്യതയുണ്ട്. ആഭ്യന്തര മന്ത്രിയുടെ മറുപടിയിലൂടെ ഗുരുതരമായ ആരോപണങ്ങള്‍ക്ക് വിധേയരായവരാണ് സഭയിലുള്ളതെന്ന് പൊതുജനങ്ങള്‍ തെറ്റിദ്ധരിക്കുന്നു. ഈ സാഹചര്യത്തില്‍ സ്പീക്കര്‍ അടിയന്തരമായും വിഷയത്തില്‍ ഇടപെടണം. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം അടിയന്തരമായി അന്വേഷണം നടത്തണമെന്നും സ്പീക്കര്‍ക്കുള്ള കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടി വി രാജേഷ് എംഎല്‍എയും സമാനമായ പരാതി ഉന്നയിച്ചു.
മുസ്ലിങ്ങളുടെ ഇ മെയില്‍ ചോര്‍ത്തിയ വിവരം പുറത്തുവന്നപ്പോഴും കേസെടുത്ത് പൊലീസ് ഭയപ്പെടുത്തി. ഇതു പ്രസിദ്ധീകരിച്ച "മാധ്യമ"ത്തിന്റെ എഡിറ്ററടക്കം ഭീഷണിക്ക് വഴങ്ങി. തുടര്‍ന്നവര്‍ സിപിഐ എമ്മിനെതിരെ വാര്‍ത്ത കൊടുക്കുന്ന നിലയിലേക്ക് എത്തി. അധികാര ദുര്‍വിനിയോഗത്തിലൂടെ ഭീഷണിപ്പെടുത്തി വശത്താക്കുന്ന സര്‍ക്കാര്‍രീതിക്ക് ഉദാഹരണമാണിത്. ഇത്തരം നടപടികള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ്, സംസ്ഥാന കമ്മിറ്റി അംഗം വി ആര്‍ ഭാസ്ക്കരന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എന്‍ വാസവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ചോര്‍ത്തിയിട്ടില്ലെന്ന് വീണ്ടും മന്ത്രി
കോട്ടയം: എംഎല്‍എമാരുടെ ഫോണ്‍ പൊലീസ് ചോര്‍ത്തിയെന്ന വിവാദത്തിന് അടിസ്ഥാനമില്ലെന്നും ഒരു രാഷ്ട്രീയ നേതാവിന്റെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവര്‍ത്തിച്ചു. അതേസമയം ഫോണ്‍ ചോര്‍ത്തല്‍ വിഷയം ആഭ്യന്തരവകുപ്പിന്റെ പരിധിയില്‍ വരുന്ന കാര്യമല്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനം ചികഞ്ഞറിയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ആരോപണം എളമരം കരീം എംഎല്‍എ ഉന്നയിച്ചത്. എന്നാല്‍ സംഘത്തെ പിരിച്ചുവിടില്ല. നിയമത്തിന്റെ പരിധിവിട്ട് പൊലീസ് ഒരുനീക്കവും നടത്തിയിട്ടില്ല. അന്വേഷണം ഇതുവരെ തൃപ്തികരമാണെന്ന് സമാധാനകാംക്ഷികളായ കേരളീയര്‍ പറയുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
deshabhimani 010812
Labels:
പോലീസ്,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
കണ്ണൂരില്‍ സിപിഐ എം നേതാക്കളുടെ ഫോണ്‍കോളുകള്‍ വ്യാപകമായി ചോര്‍ത്തുന്നെന്ന സംശയം ബലപ്പെട്ടു. പൊലീസിന്റെ സൈബര്‍ സംവിധാനം ഉപയോഗിച്ചാണ് ചോര്‍ത്തല്‍. ഇതിന്റെ സൂചനകള്‍ ഫോണുകളില്‍നിന്ന് ലഭിക്കുന്നുണ്ട്. ആയിരത്തോളം ഫോണ്‍ ഒരേസമയം ചോര്‍ത്താനുള്ള സംവിധാനമാണ് പൊലീസ് ഒരുക്കിയത്. ചോര്‍ത്തപ്പെടുന്ന ഫോണുകളില്‍ ലഭിക്കുന്ന കോളുകളില്‍ സംസാരം തുടങ്ങിയ ഉടന്‍ ബന്ധം വിഛേദിക്കപ്പെടുന്നതുപോലുളള അവസ്ഥയുണ്ടാവും. സെക്കന്‍ഡുകള്‍ക്കകം പൂര്‍വസ്ഥിതിയിലാവും. കഴിഞ്ഞ രണ്ടുമാസത്തിനിടെ നിരവധി നേതാക്കളുടെ ഫോണുകളില്‍ ഈ അനുഭവമുണ്ടായി.
ReplyDelete