Wednesday, August 1, 2012

ഹാരിസണ്‍ മിച്ചഭൂമി സര്‍ക്കാരിന് കൈമാറണം: ഹൈക്കോടതി


ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് അനധികൃതമായി കൈവശംവച്ച മിച്ചഭൂമി രണ്ടാഴ്ചയ്ക്കകം സര്‍ക്കാരിനു കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേരള ഭൂപരിഷ്കരണ നിയമപ്രകാരം കൈവശമുള്ള അധികഭൂമി കൈമാറാനാണ് ജസ്റ്റിസുമാരായ എം ശശിധരന്‍നമ്പ്യാര്‍, പി ഭവദാസന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ വിധി. കമ്പനി കൈവശം വച്ചിട്ടുള്ളതും ബിഷപ് കെ പി യോഹന്നാനു കൈമാറിയതുമായ ഭൂമിയില്‍നിന്നു മരങ്ങള്‍ മുറിക്കുന്നതും കോടതി വിലക്കി. കമ്പനി അവകാശപ്പെടുന്ന ഉടമസ്ഥതാരേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. കമ്പനി ഉടമസ്ഥത അവകാശപ്പെടുന്ന കൊല്ലം സബ്രജിസ്ട്രാര്‍ ഓഫീസിലെ രേഖകളുടെ അസ്സലും പകര്‍പ്പും ഹാജരാക്കാന്‍ സര്‍ക്കാരിനോടും നിര്‍ദേശിച്ചിട്ടുണ്ട്.
1845.22 ഏക്കര്‍ മിച്ചഭൂമി സര്‍ക്കാരിന് കൈമാറാന്‍ ലാന്‍ഡ് ബോര്‍ഡ് 1982ല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, വിധി ചോദ്യംചെയ്ത ഹര്‍ജിയില്‍ കമ്പനിയുടെ തര്‍ക്കങ്ങള്‍കൂടി പരിശോധിക്കാന്‍ 1993ല്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സര്‍ക്കാരിനു നല്‍കേണ്ട ഭൂമിയും മിച്ചഭൂമിക്കേസില്‍ ഉള്‍പ്പെടാത്ത ഭൂമിയും സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ മാത്രമാണ് കമ്പനി ഉന്നയിച്ചതെന്നും അതിനാല്‍ മിച്ചഭൂമി സര്‍ക്കാരിന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. കമ്പനിയുടെ തര്‍ക്കങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചാല്‍ത്തന്നെയും മിച്ചഭൂമി കൈവശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിനു കൈമാറുന്ന ഭൂമി സംബന്ധിച്ച ഡിക്ലറേഷന്‍ രണ്ടാഴ്ചയ്ക്കകം കമ്പനി സമര്‍പ്പിക്കണം. കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസിലെ 1923ലെ രേഖകളുടെ ഇംഗ്ലീഷ് പകര്‍പ്പാണ് കോടതിയില്‍ ഹാജരാക്കിയതെന്നും യഥാര്‍ഥ രേഖകള്‍ മലയാളത്തിലാണെന്നും ആരോപണം ഉയര്‍ന്നതിനാലാണ് യഥാര്‍ഥ രേഖകളും പരിഭാഷയും ഹൈക്കോടതി രജിസ്ട്രാര്‍ മുമ്പാകെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകളും ഇംഗ്ലീഷ് തര്‍ജമയും സര്‍ക്കാര്‍ കോടതിയില്‍ നല്‍കണം. കോടതിയില്‍ ഹാജരാക്കുന്ന രേഖകള്‍ ഹൈക്കോടതി രജിസ്ട്രിയുടെ പരിശോധനയ്ക്കു വിധേയമാക്കണം. വൈത്തിരി ലാന്‍ഡ് ബോര്‍ഡ് മുമ്പാകെയുള്ള മുഴുവന്‍ രേഖകളും ഹാജരാക്കാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് ക്രമവിരുദ്ധമാണെന്നും കമ്പനിയുടെ ഉടമസ്ഥാവകാശ രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കണമെന്നും റവന്യു വകുപ്പ് സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ സുശീലഭട്ട് ആവശ്യപ്പെട്ടു. കമ്പനി രേഖകള്‍ വ്യാജമാണെന്നും രേഖകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയ ഹരികുമാറിന്റെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജും ആവശ്യപ്പെട്ടു. എട്ടു ജില്ലകളിലായി 7500 ഏക്കറാണ് കമ്പനി അനധികൃതമായി കൈവശംവച്ചിട്ടുള്ളത്. കമ്പനിയുടെ കൈവശമുള്ള പത്തനംതിട്ട ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് ബിഷപ് കെ പി യോഹന്നാന് കൈമാറി. കൈമാറ്റ ഭൂമിയുടെ പോക്കുവരവ് സംബന്ധിച്ച തര്‍ക്കം വിവാദമായിരുന്നു.

deshabhimani 010812

No comments:

Post a Comment