സംസ്ഥാനം സമ്പൂര്‍ണ നിര്‍മല്‍പദവിയിലേക്കു നീങ്ങുന്നുവെന്ന അവകാശവാദത്തിനിടയിലും പൊതുസ്ഥലത്തെ ടോയ്ലറ്റ് സൗകര്യങ്ങള്‍ അപര്യാപ്തം. പഞ്ചായത്ത്പ്രദേശങ്ങളിലും വിവിധ ഏജന്‍സികള്‍ക്കുകീഴില്‍ നഗരങ്ങളിലുമുള്ള പൊതു ടോയ്ലറ്റുകളാകട്ടെ ഏറെയും സംരക്ഷണമില്ലാതെ നശിക്കുകയുമാണ്. പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നിരോധിക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ആവശ്യമായ സൗകര്യങ്ങളൊരുക്കിയശേഷം നിരോധം കൊണ്ടുവരണമെന്നാണ് നിര്‍ദേശം.
സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമെന്ന ലക്ഷ്യത്തോടെ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെങ്കിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. സംസ്ഥാനത്തെ പഞ്ചായത്തുകള്‍ക്കുകീഴില്‍ നാളിതുവരെ 1005 പൊതു ടോയ്ലറ്റുകള്‍ തുറന്നതായാണ് ശുചിത്വമിഷന്റെ കണക്ക്. കൊല്ലം (400 എണ്ണം), ആലപ്പുഴ(107) ജില്ലകളിലാണ് കൂടുതല്‍. 1090 എണ്ണമാണ് ആകെ സ്ഥാപിക്കാനുദേശിക്കുന്നത്. അഞ്ചുവര്‍ഷത്തിനിടെ നിര്‍മിച്ച ഈ പൊതു ടോയ്ലറ്റുകളില്‍ പലതും നിലവില്‍ ഉപയോഗശൂന്യമാണ്. ശുചീകരണത്തിനും തുടര്‍സംരക്ഷണത്തിനും സംവിധാനമില്ലാത്തതാണ് കാരണം. നഗരങ്ങളില്‍ ദാരിദ്ര്യ നിര്‍മാര്‍ജനപദ്ധതിയുടെ ഭാഗമായും വിവിധ ഏജന്‍സികള്‍ക്കുകീഴിലുമാണ് പൊതു ടോയ്ലറ്റുകള്‍ തുറന്നത്. പണം നല്‍കി ഉപയോഗിക്കാവുന്നതൊഴികെയുള്ളതെല്ലാം നിലവില്‍ ഉപയോഗശൂന്യമാണ്. പ്രധാന നഗരങ്ങളില്‍ സ്ഥാപിച്ച ബയോ ടോയ്ലറ്റുകള്‍പോലും അറ്റകുറ്റപ്പണിയില്ലാതെ നശിക്കുന്നു.
വ്യക്തിശുചിത്വത്തില്‍ മുന്നിട്ടുനില്‍ക്കുന്ന മലയാളി പരിസരശുചിത്വത്തില്‍ പിന്നോക്കം നില്‍ക്കുന്നതാണ് പൊതു ടോയ്ലറ്റ് സംവിധാനങ്ങള്‍ സംരക്ഷിക്കപ്പെടാത്തതിനു കാരണമെന്ന് ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് ചക്കച്ചേരില്‍ പറഞ്ഞു. സംസ്ഥാനത്തെ 96 ശതമാനം വീടുകളിലും കക്കൂസ് സൗകര്യമുണ്ടെന്നാണ് കണക്ക്. ശേഷിക്കുന്ന നാലു ശതമാനത്തിലെ രണ്ടര ലക്ഷത്തോളം വീടുകളിലാണ് കക്കൂസ് വേണ്ടത്. തീരദേശങ്ങളിലെ വീടുകളാണിത്. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ 35 ശതമാനത്തിലും ഇപ്പോഴും ആവശ്യമായ ടോയ്ലറ്റ് സൗകര്യമില്ലെന്ന് ശുചിത്വമിഷന്‍ വെളിപ്പെടുത്തുന്നു. 96 ശതമാനം പഞ്ചായത്തുകളും നിര്‍മല്‍ പുരസ്കാരം നേടിക്കഴിഞ്ഞെങ്കിലും സമ്പൂര്‍ണ ശുചിത്വപദവി നേടാനുള്ള ശ്രമത്തിന് മറുനാടന്‍ തൊഴിലാളികളുടെ കുടിയേറ്റം വെല്ലുവിളിയാവുകയാണ്. വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും കീഴില്‍ ഏകോപനമില്ലാതെയാണ് ശുചിത്വപദ്ധതികള്‍ നിലവില്‍ നടപ്പാക്കുന്നത്.
deshabhimani 300912
No comments:
Post a Comment