Wednesday, September 26, 2012

സഹായം 670 പേര്‍ക്ക് മാത്രം; പഴയ ലിസ്റ്റിലുള്ളത് 4182 പേര്‍


എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് കേന്ദ്ര മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച ധനസഹായം നല്‍കുന്ന നടപടി അവസാനഘട്ടത്തിലേക്ക്. സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ ദുരന്തബാധിതരുടെ പട്ടികയിലുള്ള മഹാഭൂരിപക്ഷത്തിനും സഹായം ലഭിക്കില്ലെന്ന് ഉറപ്പായി. കിടപ്പിലായ രോഗികള്‍ക്ക് അഞ്ചുലക്ഷവും ശാരീരിക വൈകല്യമുള്ളവര്‍ക്ക് മൂന്നുലക്ഷവുംവീതം നല്‍കുന്നതിനുള്ള അന്തിമ ലിസ്റ്റാണ് തയ്യാറായത്. പരാതികള്‍ പരിശോധിച്ചശേഷമാണ് പട്ടികക്ക് അന്തിമരൂപം നല്‍കിയതെന്ന് അധികൃതര്‍ അവകാശപ്പെട്ടു. രണ്ട് വിഭാഗത്തിലുംകൂടി 670 പേര്‍ക്കാണ് സഹായം ലഭിക്കുക. 4182 പേരായിരുന്നു പഴയ ലിസ്റ്റില്‍. കിടപ്പിലായ രോഗികളുടെ എണ്ണം അവസാന ലിസ്റ്റില്‍ 160 ആയി ഉയര്‍ന്നിട്ടുണ്ട്. മുമ്പ് 103 പേര്‍ക്കാണ് സഹായത്തിന്റെ ആദ്യ ഗഡു നല്‍കിയത്. പിന്നീട് ഉയര്‍ന്നുവന്ന പരാതികള്‍ പരിശോധിച്ച് 57 പേരെക്കൂടി ഉള്‍പ്പെടുത്തി ഡിഎംഒ തിങ്കളാഴ്ച ലിസ്റ്റ് നല്‍കി. ശാരീരിക വൈകല്യമുള്ള 512 പേര്‍ക്കാണ് മൂന്നുലക്ഷംവീതം നല്‍കുന്നത്. 515 പേരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കിയത്. ഇതില്‍ രണ്ടുപേര്‍ മരിച്ചവരാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഒരാള്‍ അര്‍ഹനല്ലെന്നും വിലയിരുത്തി. മറ്റ് പരാതികള്‍ അടിയന്തരമായി പരിഗണിക്കേണ്ടവയല്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തിമ ലിസ്റ്റിന് രൂപം നല്‍കിയത്. ഇവര്‍ക്കുള്ള സഹായവിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല.

മന്ത്രിതല ഉപസമിതി കാസര്‍കോട്ടെത്തി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ബുധനാഴ്ച മന്ത്രിസഭ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കിയില്ലെങ്കില്‍ ചുരുക്കം പേര്‍ക്കേ ധനസഹായം ലഭിക്കൂ. ബുദ്ധിമാന്ദ്യം സംഭവിച്ചവരും ക്യാന്‍സര്‍, കിഡ്നി, ഹൃദയ സംബന്ധമായ രോഗമുള്ളവരുമാണ് പുറത്തുള്ളത്. ഇവര്‍ക്കെല്ലാം സഹായം ലഭിക്കുമെന്ന ഉറപ്പാണ് എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും സംഘടനകള്‍ക്കും മന്ത്രിമാര്‍ നല്‍കിയത്. കീടനാശിനി ലോബി ദുരന്തബാധിതരുടെ എണ്ണം കുറക്കുന്നതിന് സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും സ്വാധീനിക്കാന്‍ രംഗത്തുണ്ട്. എണ്ണം കുറഞ്ഞാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിധി കമ്പനികള്‍ക്കും അവരെ സഹായിക്കുന്ന കേന്ദ്രസര്‍ക്കാരിനും അനുകൂലമായേക്കും. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ സര്‍ക്കാര്‍ തയ്യാറാക്കിയ ദുരന്തബാധിതരുടെ ലിസ്റ്റ് പ്രകാരമായിരിക്കണം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതെന്നാണ് എംപിയും എംഎല്‍എമാരും സംഘടനാ പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്. മഹാഭൂരിപക്ഷത്തെയും ഒഴിവാക്കുന്ന നടപടി വലിയ പ്രതിഷേധത്തിനിടയാക്കും. സര്‍ക്കാര്‍ തീരുമാനംമാത്രമാണ് ഇനി ദുരന്തബാധിതര്‍ക്ക് ആശ്രയം. നിലവില്‍ ഇറക്കിയ രണ്ട് ലിസ്റ്റിനുപുറമെ ബുദ്ധിമാന്ദ്യമുള്ള തൊള്ളായിരത്തോളം പേരുടെ ലിസ്റ്റേ അധികൃതര്‍ തയ്യാറാക്കിയിട്ടുള്ളൂ. ഇവരെക്കൂടി ഉള്‍പ്പെടുത്തിയാലും 1500 പേര്‍ക്കാണ് ധനസഹായം ലഭിക്കുക. ബാക്കിയുള്ള 2500 പേരും പുറത്താകും.
(എം ഒ വര്‍ഗീസ്)

deshabhimani 260912

1 comment:

  1. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് കേന്ദ്ര മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച ധനസഹായം നല്‍കുന്ന നടപടി അവസാനഘട്ടത്തിലേക്ക്. സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ ദുരന്തബാധിതരുടെ പട്ടികയിലുള്ള മഹാഭൂരിപക്ഷത്തിനും സഹായം ലഭിക്കില്ലെന്ന് ഉറപ്പായി. കിടപ്പിലായ രോഗികള്‍ക്ക് അഞ്ചുലക്ഷവും ശാരീരിക വൈകല്യമുള്ളവര്‍ക്ക് മൂന്നുലക്ഷവുംവീതം നല്‍കുന്നതിനുള്ള അന്തിമ ലിസ്റ്റാണ് തയ്യാറായത്. പരാതികള്‍ പരിശോധിച്ചശേഷമാണ് പട്ടികക്ക് അന്തിമരൂപം നല്‍കിയതെന്ന് അധികൃതര്‍ അവകാശപ്പെട്ടു. രണ്ട് വിഭാഗത്തിലുംകൂടി 670 പേര്‍ക്കാണ് സഹായം ലഭിക്കുക. 4182 പേരായിരുന്നു പഴയ ലിസ്റ്റില്‍.

    ReplyDelete