Tuesday, September 25, 2012

കര്‍ഷകര്‍ക്ക് സബ്സിഡി നിര്‍ത്തി


കൃഷിഭവനുകളും പഞ്ചായത്തുകളും വഴി കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കിവരുന്ന സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തി സര്‍ക്കാര്‍ ഉത്തരവായി. ഇതുമൂലം പാട്ടത്തിനെടുത്തും മറ്റും നെല്‍കൃഷി ചെയ്യുന്ന ആയിരക്കണക്കിന് കര്‍ഷകര്‍ ദുരിതത്തിലാകും. നെല്ലുല്‍പ്പാദനം ഗണ്യമായി കുറയാനും സര്‍ക്കാര്‍ നടപടി വഴിവയ്ക്കും. എന്നാല്‍, ബാങ്കുകള്‍ വഴി സബ്സിഡികള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഉത്തരവെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കേണ്ടെന്ന് നിര്‍ദേശിച്ച ഉത്തരവ് കഴിഞ്ഞ ജൂലൈ 11നാണ് പഞ്ചായത്തുകള്‍ക്കും കൃഷിഭവനുകള്‍ക്കും നല്‍കിയത്. കൃഷിഭവനുകളിലൂടെ നല്‍കിവന്ന വിവിധയിനം വിത്തുകളും ഇനിമുതല്‍ ലഭിക്കില്ല. ഇതനുസരിച്ച് ഈ സീസണ്‍മുതല്‍ വളത്തിന് ലഭിക്കുന്ന 50 ശതമാനം സബ്സിഡി കര്‍ഷകര്‍ക്ക് ലഭിക്കില്ല. രാസവളം ഉള്‍പ്പെടെ കൃഷിക്കാവശ്യമായ സാധനങ്ങള്‍ മുഴുവന്‍ സംഖ്യയും നല്‍കി കര്‍ഷകന്‍ വാങ്ങണം. സബ്സിഡി ബാങ്കില്‍ എത്തുമെന്നാണ് പറയുന്നത്. ഇത് എപ്പോള്‍ ലഭിക്കുമെന്ന് ഉറപ്പുമില്ല. വന്‍തുക മുടക്കി വളം വാങ്ങാന്‍ കഴിയാത്തതിനാല്‍ ചെറുകിട കര്‍ഷകര്‍ വളം കുറയ്ക്കും. ഇത് നെല്ലുല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കൃഷി ഓഫീസര്‍മാര്‍ പറഞ്ഞു.

ഭൂമി പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്യുന്നവരെയാണ് സര്‍ക്കാര്‍ തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീകള്‍ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും ആയിരക്കണക്കിന് ഏക്കറില്‍ പാട്ടത്തിന് നെല്‍കൃഷിയിറക്കുന്നുണ്ട്. എന്നാല്‍, സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് വഴിയാക്കുമ്പോള്‍ അത് ഭൂഉടമയുടെ അക്കൗണ്ടിലാണ് എത്തുക. ഈ തുക ഭൂമി പാട്ടത്തിനെടുത്ത കര്‍ഷകര്‍ക്ക് ലഭിക്കാന്‍ തടസ്സമേറെയാണ്. ഇതോടെ സര്‍ക്കാര്‍ സഹായം പ്രതീക്ഷിച്ച് പാട്ടകൃഷി നടത്തിയവര്‍ കടക്കെണിയിലാവും. കൂട്ടുകൃഷി സമ്പ്രദായം ഇല്ലാതാക്കാനും ഇടയാക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ നെല്ലിന്റെ സംഭരണവില ഉയര്‍ത്തിയും പലിശരഹിത വായ്പ നല്‍കിയും നെല്‍കൃഷി പ്രോത്സാഹിപ്പിച്ചിരുന്നു. ആയിരക്കണക്കിന് കര്‍ഷകരെ വീണ്ടും കൃഷിയിറക്കാന്‍ ഇതു സഹായിച്ചു. തരിശിട്ട നിലങ്ങളില്‍പോലും കൃഷിയിറക്കി. ഇതുവഴി ഉല്‍പ്പാദനവര്‍ധനയുമുണ്ടായി. തദ്ദേശസ്ഥാപനങ്ങള്‍ 40 ശതമാനം ഫണ്ട് കൃഷി ആവശ്യത്തിന് മാത്രം വിനിയോഗിക്കണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിബന്ധനയും വച്ചിരുന്നു. എന്നാല്‍, യുഡിഎഫ് അധികാരത്തില്‍ വന്നയുടന്‍ ഇത് എടുത്തുകളഞ്ഞു. ഇതോടെ കൂടുതല്‍ പഞ്ചായത്തുകളും ഈ ഫണ്ട് റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം നെല്‍വയല്‍ തരിശുഭൂമികളാക്കാനും ഭൂമാഫിയകള്‍ക്ക് കൈയടക്കാനും ഇടയാക്കും.
(ഇ എസ് സുഭാഷ്)

deshabhimani 250912

No comments:

Post a Comment