Saturday, September 29, 2012

കുട്ടികളും പാവപ്പെട്ടവരും ആരോഗ്യ ഇന്‍ഷുറന്‍സിന് പുറത്ത്


ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ പുതിയ നിര്‍ദേശം സംസ്ഥാനത്തെ ലക്ഷക്കണക്കിനു പാവപ്പെട്ടവരെയും കുട്ടികളെയും പദ്ധതിക്ക് പുറത്താക്കും. ഇന്‍ഷുറന്‍സിനു പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ റേഷന്‍ കാര്‍ഡില്‍ പേരുള്ളവര്‍ക്ക് മാത്രം രജിസ്ട്രേഷന്‍ നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ നിലവില്‍ ഇന്‍ഷുറന്‍സ് കാര്‍ഡുള്ള നിരവധിയാളുകള്‍ക്കും കുട്ടികള്‍ക്കും പദ്ധതിയുടെ ആനുകൂല്യം നഷ്ടമാവും. സംവരണ വിഭാഗങ്ങളൊഴികെയുള്ളവര്‍ക്ക് മാസവരുമാനം 600 രൂപയില്‍ താഴെയാണെങ്കില്‍ മാത്രം രജിസ്ട്രേഷന്‍ നല്‍കിയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. രജിസ്ട്രേഷന്‍ നടത്തുന്ന "അക്ഷയ" കേന്ദ്രങ്ങള്‍ക്ക് പുതിയ വ്യവസ്ഥകളടങ്ങുന്ന ഉത്തരവ് ലഭിച്ചു. വര്‍ഷാവര്‍ഷം ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് പകരം എല്ലാവരും ഒന്നുകൂടി രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവിനു പിന്നാലെയാണ് പുതിയ നിബന്ധനകള്‍.

2009ല്‍ രജിസ്റ്റര്‍ ചെയ്ത് ആനുകൂല്യം ലഭിച്ചവര്‍ വര്‍ഷംതോറും പുതുക്കുക മാത്രം ചെയ്താല്‍ മതിയായിരുന്നു ഇതുവരെ. എന്നാല്‍, അനര്‍ഹര്‍ കടന്നുകൂടിയെന്നും ചില കുടുംബങ്ങള്‍ ഒന്നിലധികം കാര്‍ഡുകള്‍ നേടിയെന്നും പറഞ്ഞാണ് യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും രജിസ്ട്രേഷന്‍ ആരംഭിച്ചത്. 2008 ജനുവരി ഒന്നിന് രണ്ടുവയസ് തികഞ്ഞവര്‍ മാത്രമാണ് ഇപ്പോള്‍ റേഷന്‍ കാര്‍ഡിലുള്ളത്. അതായത് 2006 ജനുവരി ഒന്നിനുശേഷം ജനിച്ച ഒരുകുട്ടിക്കും ഇനി ആരോഗ്യ ഇന്‍ഷുറന്‍സിന് അര്‍ഹതയില്ല. നിലവില്‍ ആറുവയസും അതില്‍ താഴെയുമുള്ള ലക്ഷക്കണക്കിനു കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം കിട്ടുന്നുണ്ട്. ഇവരെല്ലാം ഇനി പദ്ധതിക്ക് പുറത്താവും.

2009ല്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കീഴില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചപ്പോള്‍ റേഷന്‍ കാര്‍ഡ് മാനദണ്ഡമായിരുന്നില്ല. കുടുംബശ്രീയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കി നല്‍കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന്‍ 2012 ഏപ്രില്‍ ഒന്നുമുതലേ പ്രാബല്യത്തില്‍ വരൂ. ഇത് 2014ല്‍ പുതുക്കുമ്പോഴേ ഇപ്പോള്‍ ആനുകൂല്യം നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് പേരുചേര്‍ക്കാന്‍ കഴിയൂ. അതും 2013ല്‍ സംസ്ഥാനതലത്തില്‍ റേഷന്‍ കാര്‍ഡ് പുതുക്കുമ്പോള്‍ പേര് ചേര്‍ത്തെങ്കില്‍ മാത്രം. ഫലത്തില്‍ ആറുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാര്‍ഡ് നഷ്ടപ്പെടുകയും സൗജന്യചികിത്സക്ക് രണ്ടുവര്‍ഷം കാത്തിരിക്കുകയും വേണ്ടിവരും.

മാസവരുമാനം 600 ല്‍ താഴെയായിരിക്കണമെന്ന നിബന്ധനമൂലം സംവരണേതര വിഭാഗങ്ങളിലെ പതിനായിരക്കണക്കിനു കുടുംബങ്ങളാണ് പദ്ധതിക്ക് പുറത്താവുക. പഴക്കമേറിയ റേഷന്‍ കാര്‍ഡുകളില്‍ മാത്രമാണ് പാവപ്പെട്ടവര്‍ക്ക് മാസവരുമാനം 600ല്‍ താഴെയായി കാണുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കാര്‍ഡ് ലഭിച്ചവരില്‍ ഭൂരിഭാഗം ദരിദ്രരുടെയും മാസവരുമാനം ഇതിലധികമുണ്ട്. അതിനാല്‍ അര്‍ഹരായവരില്‍ വലിയൊരു വിഭാഗത്തിന് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യം നഷ്ടമാവും.
(പി സി പ്രശോഭ്)

deshabhimani 290912

1 comment:

  1. ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ പുതിയ നിര്‍ദേശം സംസ്ഥാനത്തെ ലക്ഷക്കണക്കിനു പാവപ്പെട്ടവരെയും കുട്ടികളെയും പദ്ധതിക്ക് പുറത്താക്കും. ഇന്‍ഷുറന്‍സിനു പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ റേഷന്‍ കാര്‍ഡില്‍ പേരുള്ളവര്‍ക്ക് മാത്രം രജിസ്ട്രേഷന്‍ നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ നിലവില്‍ ഇന്‍ഷുറന്‍സ് കാര്‍ഡുള്ള നിരവധിയാളുകള്‍ക്കും കുട്ടികള്‍ക്കും പദ്ധതിയുടെ ആനുകൂല്യം നഷ്ടമാവും. സംവരണ വിഭാഗങ്ങളൊഴികെയുള്ളവര്‍ക്ക് മാസവരുമാനം 600 രൂപയില്‍ താഴെയാണെങ്കില്‍ മാത്രം രജിസ്ട്രേഷന്‍ നല്‍കിയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. രജിസ്ട്രേഷന്‍ നടത്തുന്ന "അക്ഷയ" കേന്ദ്രങ്ങള്‍ക്ക് പുതിയ വ്യവസ്ഥകളടങ്ങുന്ന ഉത്തരവ് ലഭിച്ചു. വര്‍ഷാവര്‍ഷം ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് പകരം എല്ലാവരും ഒന്നുകൂടി രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവിനു പിന്നാലെയാണ് പുതിയ നിബന്ധനകള്‍.

    ReplyDelete