Wednesday, September 26, 2012

വൈദ്യുതി വിതരണം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കണം


വൈദ്യുതിവിതരണം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. നഷ്ടത്തിലായ വൈദ്യുതിവിതരണ കമ്പനികളെ സഹായിക്കാന്‍ കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ച സാമ്പത്തിക പുനഃസംഘടനാ പാക്കേജിന്റെ മുഖ്യ ഉപാധിയാണ് സ്വകാര്യവല്‍ക്കരണം. 2003 ലെ വൈദ്യുതി നിയമപ്രകാരം ബോര്‍ഡുകള്‍ വിഭജിച്ച എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് ബാധകമാകും. വൈദ്യുതിവിതരണം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള പദ്ധതി സംസ്ഥാനങ്ങള്‍ ഒരു വര്‍ഷത്തിനകം തയ്യാറാക്കണമെന്നാണ് കേന്ദ്രനിര്‍ദേശം. പദ്ധതി തയ്യാറാക്കി സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്കു മാത്രമേ മന്ത്രിസഭ അംഗീകരിച്ച പുനഃസംഘടനാ പാക്കേജ് പ്രകാരം സഹായം ലഭിക്കൂ. ഇതോടൊപ്പം എല്ലാ സാമ്പത്തികവര്‍ഷവും ഏപ്രില്‍ 30ന് വൈദ്യുതി നിരക്കുകള്‍ കാലോചിതമായി വര്‍ധിപ്പിക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. കാര്‍ഷിക മേഖലയ്ക്കും മറ്റുമായി സബ്സിഡി നിരക്കില്‍ നല്‍കുന്ന വൈദ്യുതിയുടെ ബാധ്യത സംസ്ഥാനങ്ങള്‍ ഏറ്റെടുക്കണമെന്ന ഉപാധിയുമുണ്ട്.

സാമ്പത്തിക പുനഃസംഘടനാ പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി പത്ത് ഉപാധികളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ വായ്പകള്‍ പൂര്‍ണമായും ഓഹരിയാക്കി മാറ്റണമെന്നും 2012 മാര്‍ച്ച് വരെ സംസ്ഥാന വകുപ്പുകളും ഏജന്‍സികളും കുടിശ്ശിക വരുത്തിയിട്ടുള്ള ബില്ലുകള്‍ ഈ വര്‍ഷം നവംബറോടെ അടക്കണമെന്നും കേന്ദ്രം പറയുന്നു.

വൈദ്യുതി വിതരണരംഗത്ത് സാമ്പത്തിക അച്ചടക്കം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉപാധികളെന്ന് കേന്ദ്ര ഊര്‍ജമന്ത്രി വീരപ്പ മൊയ്ലി പറഞ്ഞു. വിതരണക്കമ്പനികളുടെ പ്രവര്‍ത്തനത്തിന് വാണിജ്യ സ്വഭാവം കൊണ്ടുവരുമെന്നും മൊയ്ലി പറഞ്ഞു.

വൈദ്യുതിമേഖലയെ സ്വകാര്യവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ 2003ല്‍ പുതിയ വൈദ്യുതിനിയമം വന്നശേഷവും പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ നീങ്ങാത്ത സാഹചര്യത്തിലാണ് കേന്ദ്രം പുതിയ സമ്മര്‍ദതന്ത്രങ്ങള്‍ക്ക് ഒരുങ്ങുന്നത്. വിതരണരംഗത്ത് സ്വകാര്യകമ്പനികളെ അനുവദിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നേരത്തെ അനുമതിയുണ്ടെങ്കിലും ആകെ ഏഴ് സംസ്ഥാനങ്ങള്‍മാത്രമാണ് സ്വകാര്യവല്‍ക്കരണത്തിന് തയ്യാറായത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇപ്പോഴും വൈദ്യുതി വിതരണം പൊതുമേഖലയില്‍തന്നെയാണ്. ഡല്‍ഹിപോലെ വൈദ്യുതി വിതരണം സ്വകാര്യമേഖലയെ ഏല്‍പ്പിച്ച സംസ്ഥാനങ്ങളില്‍നിന്ന് ഏറെ പരാതി ഉയരുന്ന ഘട്ടത്തിലാണ് മറ്റ് സംസ്ഥാനങ്ങളെയും സ്വകാര്യവല്‍ക്കരണ പാതയിലേക്ക് കൊണ്ടുവരാനുള്ള കേന്ദ്രനീക്കം. റിലയന്‍സും ടാറ്റയുമാണ് ഡല്‍ഹിയില്‍ വൈദ്യുതിവിതരണം കൈകാര്യംചെയ്യുന്നത്. നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ഡല്‍ഹി നിവാസികള്‍ സ്വകാര്യകമ്പനികള്‍ക്കെതിരെ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.
(എം പ്രശാന്ത്)

deshabhimani 260912

1 comment:

  1. വൈദ്യുതിവിതരണം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. നഷ്ടത്തിലായ വൈദ്യുതിവിതരണ കമ്പനികളെ സഹായിക്കാന്‍ കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ച സാമ്പത്തിക പുനഃസംഘടനാ പാക്കേജിന്റെ മുഖ്യ ഉപാധിയാണ് സ്വകാര്യവല്‍ക്കരണം. 2003 ലെ വൈദ്യുതി നിയമപ്രകാരം ബോര്‍ഡുകള്‍ വിഭജിച്ച എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് ബാധകമാകും. വൈദ്യുതിവിതരണം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള പദ്ധതി സംസ്ഥാനങ്ങള്‍ ഒരു വര്‍ഷത്തിനകം തയ്യാറാക്കണമെന്നാണ് കേന്ദ്രനിര്‍ദേശം. പദ്ധതി തയ്യാറാക്കി സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്കു മാത്രമേ മന്ത്രിസഭ അംഗീകരിച്ച പുനഃസംഘടനാ പാക്കേജ് പ്രകാരം സഹായം ലഭിക്കൂ. ഇതോടൊപ്പം എല്ലാ സാമ്പത്തികവര്‍ഷവും ഏപ്രില്‍ 30ന് വൈദ്യുതി നിരക്കുകള്‍ കാലോചിതമായി വര്‍ധിപ്പിക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. കാര്‍ഷിക മേഖലയ്ക്കും മറ്റുമായി സബ്സിഡി നിരക്കില്‍ നല്‍കുന്ന വൈദ്യുതിയുടെ ബാധ്യത സംസ്ഥാനങ്ങള്‍ ഏറ്റെടുക്കണമെന്ന ഉപാധിയുമുണ്ട്.

    ReplyDelete