Wednesday, September 26, 2012

തെറ്റിദ്ധാരണ പരത്തുന്നത് പ്രധാനമന്ത്രി: യെച്ചൂരി


രാജ്യത്തെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പരത്തി ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് പ്രധാനമന്ത്രിയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. തെറ്റായ വിവരങ്ങളും ഭയവും പരത്തി ആശയക്കുഴപ്പം സൃഷ്ടിക്കുന്നവരുടെ പ്രചാരണത്തില്‍ തെറ്റിദ്ധരിക്കപ്പെടരുതെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തോട് "ഹിന്ദുസ്ഥാന്‍ ടൈംസി"ല്‍ എഴുതിയ പംക്തിയില്‍ പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

1991 ലെ സ്ഥിതിഗതികളാണ് ഇപ്പോഴത്തേതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിക്കുമ്പോള്‍, രണ്ട് ദശാബ്ദമായി തുടരുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍കൊണ്ടുള്ള മുന്നേറ്റം ഇതാണോ എന്ന് യെച്ചൂരി ചോദിച്ചു. നിലവിലുള്ള പെട്രോള്‍ സബ്സിഡി 1,40,000 കോടി രൂപയുടേതാണെന്ന് പ്രധാനമന്ത്രി പറയുന്നു. ഡീസല്‍വില വര്‍ധിപ്പിക്കാത്തപക്ഷം ഇത് രണ്ട് ലക്ഷം കോടി രൂപയായി ഉയരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ കണക്ക് എണ്ണക്കമ്പനികളുടെ "നഷ്ടവും" കൂടി കണക്കിലെടുത്തിട്ടുള്ളതാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചില്ലറവിലയും ഇറക്കുമതിവിലയും തമ്മിലുള്ള അന്തരമാണ് ഈ നഷ്ടമെന്നാണ് വാദം. എന്നാല്‍, ഈ "നഷ്ടം" സാങ്കല്‍പ്പികമാണ്. അസംസ്കൃത എണ്ണയുടെ ഇറക്കുമതിവിലയും ശുദ്ധീകരിക്കാനുള്ള ചെലവും ചേര്‍ത്ത് വില നിശ്ചയിക്കുന്നതിന് പകരം അന്താരാഷ്ട്ര വില അതേപടി ഇവിടെ ഈടാക്കുകയാണ്. ഇതാണ് ഏറ്റവും വലിയ തട്ടിപ്പ്. ഇതുകൊണ്ടാണ് നഷ്ടക്കണക്ക് പറയുമ്പോഴും എണ്ണക്കമ്പനികള്‍ ലാഭം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍തന്നെ പാര്‍ലമെന്റില്‍ നല്‍കിയ ഉത്തരമനുസരിച്ച് 2010 ന് ശേഷം എല്ലാവര്‍ഷവും ഏകദേശം 1,30,000 കോടി രൂപയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിയിനത്തില്‍ കേന്ദ്രത്തിന് ലഭിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതുവഴി കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭ്യമാകുമെന്നും ഉപയോക്താക്കള്‍ക്ക് വിലക്കുറവില്‍ സാധനം ലഭ്യമാകുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍, മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 11 ശതമാനവും ഈ മേഖലയില്‍നിന്നാണെന്ന കാര്യം മറക്കരുത്. നാലുകോടി ജനങ്ങള്‍ ഈ മേഖലയില്‍ ഉപജീവനം കണ്ടെത്തുന്ന കാര്യവും പ്രധാനമന്ത്രി മറക്കരുത്. വാള്‍മാര്‍ട്ടിന്റെ വിജയമെന്നാല്‍, തൊഴിലാളികളുടെ കൂലിയും ആനുകൂല്യവും കുറയുമെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുമെന്നും ചുറ്റുമുള്ളവരുടെ ജീവിതനിലവാരം കുറയുമെന്നും അമേരിക്കന്‍ ജനപ്രതിനിധിസഭഭ2004 ഫെബ്രുവരിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും യെച്ചൂരി ഓര്‍മിപ്പിച്ചു.

deshabhimani 260912

No comments:

Post a Comment