Thursday, September 27, 2012

കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചുകിട്ടാന്‍ കമ്പനികള്‍ നല്‍കിയത് വ്യാജരേഖ


കല്‍ക്കരി പാടങ്ങളില്‍ ഖനനാനുമതി ലഭിക്കാന്‍ സ്വകാര്യ കമ്പനികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചവയിലധികവും വ്യാജരേഖകളായിരുന്നെന്ന് സി ബി ഐ. കല്‍ക്കരി ഖനി അഴിമതിയുമായി ബന്ധപ്പെട്ട് സി ബി ഐ തയ്യാറാക്കിയ കുറ്റപത്രങ്ങളിലാണ് പരാമര്‍ശങ്ങള്‍ അടങ്ങിയിരിക്കുന്നത്.  കേസന്വേഷണത്തിന്റെ ഭാഗമായി 2006 മുതല്‍ 2009വരെ ഖനികള്‍ അനുവദിച്ചതിലെ മുഴുവന്‍ നടപടി ക്രമങ്ങളും സി ബി ഐ പരിശോധനക്ക് വിധേയമാക്കിയിരുന്നു.

  കമ്പനികള്‍ ലൈസന്‍സിനായി നല്‍കിയ രേഖകളില്‍ ഭൂരിപക്ഷവും വ്യാജമായിരുന്നെന്നാണ് സി ബി ഐ കണ്ടെത്തിയിരിക്കുന്നത്.   രേഖകളിന്‍ മേല്‍ കല്‍ക്കരി ഖനി മന്ത്രാലയം കാര്യമായ അന്വേഷണം നടത്തിയില്ല. രേഖകള്‍ പഠിക്കാതെയാണ് സര്‍ക്കാര്‍ കമ്പനികള്‍ക്ക് അംഗീകാരം നല്‍കിയത്. ലേലമില്ലാതെയും മാനദണ്ഡങ്ങള്‍ മറികടന്നും സ്വകര്യ കമ്പനികള്‍ക്ക്് ഖനികള്‍ വിട്ടുനല്‍കാന്‍ കല്‍ക്കരി ഖനി മന്ത്രാലയത്തിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ അമിത താല്‍പര്യം കാട്ടിയതായും സി ബി ഐ കുറ്റപത്രത്തില്‍ പറയുന്നു.
    ജാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ക്യാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, എ എം ആര്‍ അയണ്‍ ആന്റ് സ്റ്റീല്‍, വിനി അയണ്‍ ആന്റ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡ്, നവഭാരത് പവര്‍ പ്രൈവറ്റ് ലിമിറ്റഡ,് എന്നീ കമ്പനികളുടെ പേര് കുറ്റപത്രങ്ങളില്‍ എടുത്തുപറയുന്നുണ്ട്. നാല് കമ്പനികളുടെയും ഡയറക്ടര്‍മാര്‍, കല്‍ക്കരി മന്ത്രാലയം, ജാര്‍ഖണ്ട് സംസ്ഥാനം എന്നിവിടങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളും കുറ്റപത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

  അതേ സമയം കല്‍ക്കരി ഖനികള്‍ അനുവദിച്ചു നല്‍കിയ നടപടിക്രമങ്ങളെ കേന്ദ്ര ഖനി മന്ത്രാലയം പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുന്നില്‍ ന്യായീകരിച്ചു. ലേലമില്ലാതെ സ്വകാര്യ
കമ്പനികള്‍ക്ക് ഖനികള്‍ യഥേഷ്ടം അനുവദിച്ചുനല്‍കിയതുവഴി ഖജനാവിന് 1,85,591.34കോടിരൂപയുടെ നഷ്ടം സംഭവിച്ചതായാണ് സി എ ജി കണ്ടെത്തിയത്. എന്നാല്‍ സി എ ജിയുടെ കണക്കുകളും കണ്ടെത്തലുകളും ഖനനം സംബന്ധിച്ച ഭൗമ ശാസ്ത്രതത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് സര്‍ക്കാരിന്റെ വാദം. സി എ ജി ഓഡിറ്റര്‍മാര്‍ പിന്‍തുടരുന്ന പതിവ് കണക്കെടുപ്പ് രീതികള്‍ ഖനികളുടെ കാര്യത്തില്‍ പ്രായോഗികമല്ലെന്നും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലേക്ക് സ്വകാര്യ മേഖലയെ ആകര്‍ഷിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ഖനി മന്ത്രാലയം പാര്‍ലമെന്റിന് എഴുതി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

janayugom 270912

1 comment:

  1. കല്‍ക്കരി പാടങ്ങളില്‍ ഖനനാനുമതി ലഭിക്കാന്‍ സ്വകാര്യ കമ്പനികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചവയിലധികവും വ്യാജരേഖകളായിരുന്നെന്ന് സി ബി ഐ. കല്‍ക്കരി ഖനി അഴിമതിയുമായി ബന്ധപ്പെട്ട് സി ബി ഐ തയ്യാറാക്കിയ കുറ്റപത്രങ്ങളിലാണ് പരാമര്‍ശങ്ങള്‍ അടങ്ങിയിരിക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി 2006 മുതല്‍ 2009വരെ ഖനികള്‍ അനുവദിച്ചതിലെ മുഴുവന്‍ നടപടി ക്രമങ്ങളും സി ബി ഐ പരിശോധനക്ക് വിധേയമാക്കിയിരുന്നു.

    ReplyDelete