Wednesday, September 26, 2012

എഫ്ഡിഐ: ഇന്ത്യയുടെ തീരുമാനം ധീരമെന്ന് യുഎസ്


ന്യൂയോര്‍ക്ക്: ചില്ലറ വ്യാപാരമേഖലയിലും വ്യോമയാന- ഊര്‍ജ മേഖലകളിലും കൂടുതല്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനം സുധീരവും നിര്‍ണായകവുമെന്ന് അമേരിക്ക. ആഗോള നിക്ഷേപകര്‍ക്ക് ഇത്തരം പരിഷ്കരണങ്ങള്‍ ശരിയായ സന്ദേശം നല്‍കും. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തവും സമഗ്രവുമാക്കുന്നതാണ് മന്‍മോഹന്‍ സര്‍ക്കാരിന്റെ തീരുമാനമെന്നും സാമ്പത്തിക- ഊര്‍ജ- പരിസ്ഥിതി അണ്ടര്‍ സെക്രട്ടറി റോബര്‍ട്ട് ഹോര്‍മറ്റ്സ് പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിന്റെ ഒമ്പതാമത് വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ആധുനിക സാമ്പത്തികവളര്‍ച്ചയുടെ ചരിത്രമെഴുതുമ്പോള്‍ ഈ സുപ്രധാന തീരുമാനമെടുത്ത ദിവസം രേഖപ്പെടുത്തുമെന്ന് ഹോര്‍മറ്റ്സ് പറഞ്ഞു. അമേരിക്കയില്‍നിന്നടക്കമുള്ള കമ്പനികള്‍ക്ക് കൂടുതല്‍ സൗഹാര്‍ദപരമായ അന്തരീക്ഷം ഇന്ത്യ ഒരുക്കണം. എഫ്ഡിഐ അനുവദിക്കുമ്പോള്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന ചില നിബന്ധനകള്‍കൂടി എടുത്തുമാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 30 ശതമാനം വിഭവം ആഭ്യന്തരമായി കണ്ടെത്തണമെന്ന വ്യവസ്ഥയും സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നുള്ള ഉപാധിയും മറ്റും മറികടക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഹോര്‍മറ്റ്സ് പറഞ്ഞു.

ആഗോള സമ്പദ്വ്യവസ്ഥ സുരക്ഷിതമല്ലെന്ന് ഐഎംഎഫ്

വാഷിങ്ടണ്‍: ലോക സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ വക്കില്‍ത്തന്നെയാണെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). ആരോഗ്യകരമായ നിലയിലേക്ക് തിരിച്ചുവന്നിട്ടില്ലാത്ത സമ്പദ്വ്യവസ്ഥയെ നിലയ്ക്കുനിര്‍ത്താന്‍ സാമ്പത്തിക ഇടപാടുസ്ഥാപനങ്ങളും നിരീക്ഷകരും സ്വകാര്യമേഖലയും ഏറെ നടപടികള്‍ സ്വീകരിക്കണമെന്നും ഐഎംഎഫ് ആഗോള സാമ്പത്തികസ്ഥിരതാ റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തികപരിഷ്കരണങ്ങള്‍ ശരിയായ ദിശയില്‍ നീങ്ങുന്നുണ്ട്. എന്നാല്‍, സുരക്ഷിതമായ ഇടത്തിലേക്ക് സമ്പദ്വ്യവസ്ഥയെ കൊണ്ടെത്തിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഏറെ ഗൗരവതരമായ പ്രശ്നങ്ങള്‍ ഇനിയും പരിഹരിക്കേണ്ടതുണ്ട്. ചില മേഖലകളില്‍ കൂടുതല്‍ കാര്യക്ഷമവും സുദീര്‍ഘവുമായ ഇടപെടല്‍ ആവശ്യമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

deshabhimani 260912

No comments:

Post a Comment