Tuesday, September 25, 2012

വിദേശനിക്ഷേപം വന്ന രാജ്യങ്ങളില്‍ നാടന്‍കടകള്‍ പൂട്ടി


ചില്ലറവില്‍പ്പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം രാജ്യത്തിന് ഗുണകരമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും മറ്റ് രാജ്യങ്ങളുടെ അനുഭവം കയ്പേറിയതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിദേശനിക്ഷേപം അനുവദിച്ച രാജ്യങ്ങളില്‍ നാടന്‍ ചില്ലറവില്‍പ്പനശാലകളുടെ പകുതിയിലധികവും പൂട്ടേണ്ടിവന്നുവെന്ന് വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളുടെ ആഗോള കൂട്ടായ്മയായ "യുഎന്‍ഐ ഗ്ലോബല്‍" യൂണിയന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. വാള്‍മാര്‍ട്ടിന്റേതു മാത്രമായ വന്‍കിട വില്‍പ്പനശാല ഒരെണ്ണം തുറന്നാല്‍ 14000 നാടന്‍ കട പൂട്ടുകയും 5000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയുംചെയ്യുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞയായ ജയതി ഘോഷ് ചൂണ്ടിക്കാട്ടുന്നു.

തായ്ലന്‍ഡില്‍ 2000നും 2010നുമിടയില്‍ ചില്ലറവില്‍പ്പന മേഖലയിലെ ആഗോള ഭീമന്‍മാരുടെ സാന്നിധ്യംമൂലം 67 ശതമാനം നാടന്‍ കച്ചവടക്കാര്‍ക്ക് കട പൂട്ടേണ്ടിവന്നു. 1997ല്‍ പരമ്പരാഗത ചെറുകിട കച്ചവടക്കാര്‍ ചില്ലറവില്‍പ്പനമേഖലയില്‍ 74 ശതമാനമായിരുന്നു. നാലുവര്‍ഷം കൊണ്ടുതന്നെ ആഗോള ഭീമന്‍മാര്‍ ചില്ലറവില്‍പ്പനമേഖലയുടെ 80 ശതമാനം കൈയടക്കി. ചിലിയില്‍ 1991ല്‍ കടന്നുകയറിയ ആഗോള ചില്ലറവില്‍പ്പന ഭീമന്‍മാര്‍ നാല് വര്‍ഷംകൊണ്ട് 15,777 കടകളാണ് പൂട്ടിച്ചത്. ചിലിയില്‍ ഇപ്പോള്‍ വാള്‍മാര്‍ട്ടിന്റെ പങ്ക് 33.4 ശതമാനമാണ്. വാള്‍മാര്‍ട്, സെന്‍കോസസ്, റിപ്ലേ എന്നീ ആഗോള ഭീമന്‍മാത്രം മൊത്തം ചില്ലറവില്‍പ്പനയുടെ 60 ശതമാനം കൈയടക്കിയിരിക്കുന്നു. അര്‍ജന്റീനയില്‍ ചില്ലറവില്‍പ്പന മേഖലയില്‍ ആഗോള കുത്തകകള്‍ കടന്നുകയറിയതിനെത്തുടര്‍ന്ന് 1984നും 1991നുമിടയില്‍ നാടന്‍ കടകളുടെ എണ്ണം 2,09000ല്‍ നിന്ന് 1,45000 ആയി കുറഞ്ഞു. ജപ്പാനില്‍ വാള്‍മാര്‍ട്ടിന്റെ വന്‍ വില്‍പ്പനശാലകളിലേക്കുള്ള ചരക്കുകളില്‍ അധികവും എത്തുന്നത് മറ്റ് രാജ്യങ്ങളില്‍നിന്നാണ്. 1991ല്‍ മെക്സിക്കോയിലെത്തിയ വാള്‍മാര്‍ട്ട് തദ്ദേശീയരായ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ നല്ല വില നല്‍കി വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ കമ്പനി ചൈനയില്‍നിന്ന് വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ ഇറക്കുകയാണ്.

മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നിക്കരാഗ്വയിലെ ചില്ലറവില്‍പ്പന മേഖലയെക്കുറിച്ച് നടത്തിയ പഠനത്തില്‍ പറയുന്നത് കര്‍ഷകര്‍ക്കുണ്ടായ വന്‍ നഷ്ടത്തെക്കുറിച്ചാണ്. വാള്‍മാര്‍ട്ട് വരുന്നതിനു മുമ്പ് പരമ്പരാഗത വിപണിയില്‍നിന്ന് കിട്ടിയിരുന്ന വിലയേക്കാള്‍ കുറവാണ് ഇപ്പോള്‍ വാള്‍മാര്‍ട്ട് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്നതെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യന്‍കമ്പനിയായ ഭാരതിയുമായി ചേര്‍ന്ന് വാള്‍മാര്‍ട്ട് ഇതിനകം രാജ്യത്ത് ആരംഭിച്ച വന്‍കിട വില്‍പ്പനശാലകളില്‍നിന്നുള്ള അനുഭവം കയ്പേറിയതാണെന്ന് പഞ്ചാബിലെ കര്‍ഷകരും സാക്ഷ്യപ്പെടുത്തുന്നു. ഭാരതി വാള്‍മാര്‍ട്ടിന്റെ 17 വന്‍കിട വില്‍പ്പനശാലകളില്‍ അഞ്ചെണ്ണം പഞ്ചാബിലാണ്. സിറക്പുരില്‍ ഭാരതി വാള്‍മാര്‍ട്ട് വില്‍പ്പനശാല വന്നതോടെ സമീപപ്രദേശങ്ങളിലെ നൂറിലധികം ഇടത്തരം വില്‍പ്പനശാലകള്‍ പൂട്ടി.
(വി ജയിന്‍)

deshabhimani 250912

No comments:

Post a Comment