Wednesday, September 26, 2012

സഹമന്ത്രിയുടെ പ്രഖ്യാപനം അപഹാസ്യം: ജി സുധാകരന്‍


ഫണ്ട് നല്‍കിയെന്ന കലക്ടറുടെ പ്രസ്താവന പച്ചക്കള്ളം

ആലപ്പുഴ: ദേശീയപാതയുടെ അറ്റകുറ്റപ്പണിക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ച് നല്‍കിയെന്ന കലക്ടറുടെ പ്രസ്താവന പച്ചക്കള്ളം. തകര്‍ന്നടിഞ്ഞ ദേശീയപാതയോട് മുഖംതിരിച്ചു നില്‍ക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നടപടിക്കെതിരെ ജില്ലയിലെ എല്‍ഡിഎഫ് എംഎല്‍എമാര്‍ സമരം പ്രഖ്യാപിച്ചതോടെയാണ് ജില്ലാ ഭരണകേന്ദ്രത്തെ ഉപയോഗിച്ച് കോണ്‍ഗ്രസിന്റെ കള്ളപ്രചാരണം. റോഡിലെ കുഴിയടയ്ക്കാന്‍ 206 ലക്ഷം രൂപ നല്‍കിയെന്ന് പ്രചാരണം പൊളിഞ്ഞത് എംഎല്‍എമാരായ ഡോ. ടി എം തോമസ് ഐസക്, ജി സുധാകരന്‍, എ എം ആരിഫ്, ആര്‍ രാജേഷ് എന്നിവര്‍ ഇതുസംബന്ധിച്ച് ദേശീയപാത എക്സിക്യൂട്ടീവ് എന്‍ജിനിയറുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ്.

ദേശീയപാത 47ന്റെ കായംകുളം മുതല്‍ അരൂര്‍ വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികള്‍ 10 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഇല്ലെങ്കില്‍ പൊതുമരാമത്ത് (ദേശീയപാത) ചീഫ് എന്‍ജിനിയര്‍ മുതല്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍ വരെയുള്ളവര്‍ ഒക്ടോബര്‍ നാലിന് പകല്‍ 10.30ന് ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്നുമുള്ള കലക്ടറുടെ ഉത്തരവ് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ നിജസ്ഥിതി തുറന്നു പറഞ്ഞത്. ഫണ്ട് സംബന്ധിച്ച് പ്രഖ്യാപനമുണ്ടെന്നുള്ളത് ശരിയാണെന്നും ഇത് ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടക്കുകയാണെന്നും രേഖകള്‍ കാട്ടി അവര്‍ എംഎല്‍എമാരെയും മറ്റു ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തി. ദേശീയപാതയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഒത്തുകളിയുടെ ഭാഗമായി ജില്ലാ ഭരണകേന്ദ്രത്തെയും ദുരുപയോഗം ചെയ്യുകയാണെന്ന് എംഎല്‍എമാര്‍ പറഞ്ഞു.

സഹമന്ത്രിയുടെ പ്രഖ്യാപനം അപഹാസ്യം: ജി സുധാകരന്‍

ആലപ്പുഴ: ദേശീയപാതയ്ക്ക് കേന്ദ്രം രണ്ടു കോടി അനുവദിച്ചെന്നും എംഎല്‍മാരെ കൊണ്ട് കൊള്ളാത്തതു കൊണ്ടാണ് നിര്‍മാണം മുടങ്ങുന്നതെന്നുമുള്ള കേന്ദ്ര സഹമന്ത്രിയുടെ പ്രഖ്യാപനം അപഹാസ്യമാണെന്ന് ജി സുധാകരന്‍ പറഞ്ഞു. കാബിനറ്റ് പദവിയില്ലാത്ത കേവലം പ്രസ്താവനകളിറക്കാന്‍ മാത്രം "അധികാരമുള്ള" സഹമന്ത്രിയുടെ ജല്‍പ്പനമായി ഇതിനെ കണ്ടാല്‍ മതി. ദേശീയപാത സര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ പോകുകയാണ്. സ്വകാര്യ കമ്പനിക്ക് കൊടുത്ത ശേഷമേ പുനര്‍നിര്‍മാണം ഉള്ളൂവെന്ന് പറയുന്നതിന്റെ ധ്വനി ഇതാണ്. നടുവൊടിയുമെന്നതിനാല്‍ ദേശീയപാത മന്ത്രിമാര്‍ക്ക് പോലും വേണ്ടതായി. കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആലപ്പുഴയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവയ്ക്കുകയാണ്. ഇത് കെപിസിസി പ്രസിഡന്റടക്കം ഇടപെട്ട് നിയന്ത്രിച്ചില്ലെങ്കില്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

നടുവൊടിഞ്ഞ് കിടക്കുന്ന കേരളത്തെ രക്ഷിക്കാന്‍ കഴിയാത്തവരാണ് കേരളത്തെ എമര്‍ജ് ചെയ്യാനിറങ്ങിയിരിക്കുന്നതെന്ന് എ എം ആരിഫ് എംഎല്‍എ പറഞ്ഞു. ദേശീയപാതയുടെ കാര്യത്തിലടക്കം ഉത്തരവാദിത്വത്തില്‍നിന്നൊഴിഞ്ഞ് നടക്കുന്ന കേന്ദ്രസഹമന്ത്രി കെ സി വേണുഗോപാല്‍ ഉദ്ഘാടന വകുപ്പ് മന്ത്രിയായി അധഃപതിച്ചെന്നും ആരിഫ് പറഞ്ഞു. ജില്ലയില്‍നിന്ന് കേന്ദ്രത്തിലേക്ക് ഒരു മന്ത്രിയെയും കൂടി ഉണ്ടാക്കാനാണ് ഡിസിസിയില്‍ ചര്‍ച്ച നടക്കുന്നതെന്ന് ആര്‍ രാജേഷ് എംഎല്‍എ പറഞ്ഞു. നാടിന്റെ പ്രശ്നമല്ല, മറിച്ച് ഗ്രൂപ്പിന്റെ താല്‍പ്പര്യമാണ് ഇവര്‍ക്ക് മുഖ്യവിഷയം. ജില്ലയുടെ വികസന പ്രശ്നങ്ങളില്‍നിന്ന് കേന്ദ്ര സഹമന്ത്രി ഓടിയൊളിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി പറഞ്ഞു. ദേശീയപാത സഞ്ചാരയോഗ്യമാക്കുന്ന കാര്യത്തില്‍ വസ്തുതാവിരുദ്ധമായി ഉദ്യോഗസ്ഥര്‍ കള്ളക്കളി നടത്തുകയാണെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാനാ മാസിഡോ പറഞ്ഞു.

deshabhimani 260912

1 comment:

  1. ദേശീയപാതയുടെ അറ്റകുറ്റപ്പണിക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ച് നല്‍കിയെന്ന കലക്ടറുടെ പ്രസ്താവന പച്ചക്കള്ളം. തകര്‍ന്നടിഞ്ഞ ദേശീയപാതയോട് മുഖംതിരിച്ചു നില്‍ക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നടപടിക്കെതിരെ ജില്ലയിലെ എല്‍ഡിഎഫ് എംഎല്‍എമാര്‍ സമരം പ്രഖ്യാപിച്ചതോടെയാണ് ജില്ലാ ഭരണകേന്ദ്രത്തെ ഉപയോഗിച്ച് കോണ്‍ഗ്രസിന്റെ കള്ളപ്രചാരണം. റോഡിലെ കുഴിയടയ്ക്കാന്‍ 206 ലക്ഷം രൂപ നല്‍കിയെന്ന് പ്രചാരണം പൊളിഞ്ഞത് എംഎല്‍എമാരായ ഡോ. ടി എം തോമസ് ഐസക്, ജി സുധാകരന്‍, എ എം ആരിഫ്, ആര്‍ രാജേഷ് എന്നിവര്‍ ഇതുസംബന്ധിച്ച് ദേശീയപാത എക്സിക്യൂട്ടീവ് എന്‍ജിനിയറുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ്.

    ReplyDelete