Sunday, September 30, 2012
ജനങ്ങള്‍ക്ക് ഇരുട്ടടി; മന്ത്രിമന്ദിരങ്ങളില്‍ വൈദ്യുതി ധൂര്‍ത്ത്
ലോഡ്ഷെഡിങ്ങും ഉയര്‍ന്ന നിരക്കും സര്‍ചാര്‍ജും അടിച്ചേല്‍പ്പിച്ച് ജനങ്ങളെ ഇരുട്ടില്‍ തള്ളുമ്പോള്‍ മന്ത്രിമന്ദിരങ്ങളില്‍ വന്‍ വൈദ്യുതിധൂര്‍ത്ത്. ഉല്‍പ്പാദനപ്രതിസന്ധിയുടെയും സാമ്പത്തികബാധ്യതയുടെയും പേരില്‍ വൈദ്യുതിനിയന്ത്രണം കൊണ്ടുവന്നശേഷം മുഖ്യമന്ത്രിയടക്കമുള്ളവരുടെ വസതികളില്‍ വൈദ്യുതിധൂര്‍ത്തിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്. ദിവസം ഒരുമണിക്കൂര്‍ പ്രഖ്യാപിത ലോഡ്ഷെഡിങ്ങും അതിലേറെ അപ്രഖ്യാപിത ലോഡ്ഷെഡിങ്ങും അടിച്ചേല്‍പ്പിച്ചവരാണ് വൈദ്യുതി ധൂര്‍ത്തടിക്കുന്നത്.
ജൂണില്‍ ഔദ്യോഗികവസതിയായ ക്ലിഫ്ഹൗസില്‍ താമസമാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാസംതോറും 4133 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇത് സര്‍വകാല റെക്കോഡാണ്. 29,346 രൂപമുതല്‍ 33,193 വരെയുള്ള തുകയാണ് നാലുമാസമായി മുഖ്യമന്ത്രിയുടെ വസതിയിലെ ബില്‍.വൈദ്യുതിക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയശേഷവും ഉപയോഗം വര്‍ധിക്കുകയായിരുന്നു. ആഗസ്ത് 10ലെ റീഡിങ്പ്രകാരം 29,139 രൂപയുടെ വൈദ്യുതി ഉപയോഗിച്ചു. സെപ്തംബര്‍ 14ലെ റീഡിങ് പ്രകാരം 33,193 രൂപയുടെ വൈദ്യുതി ഉപയോഗിച്ചു.
വൈദ്യുതിപ്രതിസന്ധിയെക്കുറിച്ച് പൊതുവേദികളില്‍ വാചാലനാകുകയും നിരക്കുവര്‍ധനയെയും നിയന്ത്രണത്തെയും ന്യായീകരിക്കുകയും ജനം വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ കേരളം ഇരുട്ടിലാകുമെന്നും പ്രഖ്യാപിച്ച വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദും സ്വന്തം വീട്ടിലെ ധൂര്‍ത്തിന് കുറവൊന്നും വരുത്തിയില്ല. ഓരോമാസവും അദ്ദേഹത്തിന്റെ വസതിയില്‍ ഉപയോഗിക്കുന്ന വൈദ്യുതി 4114 മുതല്‍ 4873 യൂണിറ്റുവരെയാണ്. 20,426 രൂപയായിരുന്ന ബില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയതിനുശേഷം 25,027 രൂപയായി.
ചെലവുചുരുക്കലിനായി നിയമനിരോധനം ഏര്‍പ്പെടുത്താനും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍സമ്പ്രദായം അട്ടിമറിക്കാനും നേതൃത്വം നല്‍കിയ ധനമന്ത്രി കെ എം മാണിയും വൈദ്യുതി ഉപയോഗത്തില്‍ മുമ്പന്‍തന്നെ. സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുംമുമ്പ് 17,597 രൂപയായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയായ പ്രശാന്തിലെ വൈദ്യുതിനിരക്കെങ്കില്‍ അടുത്ത ബില്ലില്‍ 22,341 രൂപയായി. ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയ ഏപ്രില്‍-മെയ് മാസങ്ങളിലും തുടര്‍ന്നും വൈദ്യുതിധൂര്‍ത്തില്‍ മറ്റെല്ലാവരെയും മാണി കടത്തിവെട്ടി. 22,292ല്‍ തുടങ്ങി 44,697 രൂപവരെയെത്തി ഓരോമാസത്തെയും ബില്‍ തുക. ഈ വീട്ടിലെ ഏറ്റവും കുറഞ്ഞ വൈദ്യുതിനിരക്ക് 1910 രൂപയായിരിക്കെയാണ് ബില്‍ തുക ഇത്രയും ഉയര്‍ന്നത്.
വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള മറ്റു മന്ത്രിമാരും വൈദ്യുതി, നിയന്ത്രണമില്ലാതെയാണ് ഉപയോഗിക്കുന്നത്. ജൂലൈയില്‍ 13,569 രൂപയുടെ ഉപയോഗത്തില്‍നിന്ന് സെപ്തംബറില്‍ 18,120 രൂപയായി. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് പ്രചാരണത്തിനുമാത്രം 2007 ഏപ്രില്‍ ഒന്നിനുശേഷം ഇതുവരെ 18,68,28,439 രൂപ (18.68 കോടി) ചെലവിട്ടതായും ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു.
deshabhimani 300912
Labels:
വലതു സര്‍ക്കാര്‍,
വൈദ്യുതി
Subscribe to:
Post Comments (Atom)

ReplyDelete