Tuesday, September 25, 2012

പ്രവാസികള്‍ മനുഷ്യരല്ലേ?


ഗള്‍ഫ് സെക്ടറിലേക്കുള്ള ഒരു വിമാനം കൃത്യസമയത്ത് പറന്നുപൊങ്ങിയില്ലെങ്കില്‍ പോലും പ്രവാസികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പ്രവചനാതീതമാണ്. രാത്രി പന്ത്രണ്ടിനുമുമ്പ് യുഎഇയിലോ സൗദിഅറേബ്യയിലോ എത്തേണ്ട വിമാനം ഏതാനും മണിക്കൂര്‍ വൈകി അവിടെ ഇറങ്ങിയാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ മനസ്സിലാക്കാന്‍ പ്രവാസികളുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് പ്രാഥമികജ്ഞാനമെങ്കിലും ഉണ്ടാകണം. ഒന്നും രണ്ടും വര്‍ഷം ജോലിചെയ്ത് നിശ്ചിതദിവസത്തെ അവധിയെടുത്ത് നാട്ടിലെത്തിയശേഷം മടങ്ങുന്നവരാണ് ഗള്‍ഫ് മലയാളികളില്‍ മഹാഭൂരിപക്ഷവും. അവര്‍ക്ക് തിരിച്ചെത്താനും ജോലിയില്‍ പ്രവേശിക്കാനും സമയപരിധിയുണ്ട്. ആ സമയം കഴിഞ്ഞാല്‍ ആ രാജ്യങ്ങളിലേക്ക് പ്രവേശിക്കാനുള്ള അവസരംതന്നെ നിഷേധിക്കപ്പെടുന്ന അവസ്ഥവരും. വിസയുടെയും അവധിയുടെയും സമയപരിധി അവസാനിക്കുന്ന മണിക്കൂറുകളിലാകും പലരുടെയും മടക്കയാത്ര. ഒരുനിമിഷമെങ്കില്‍ അത്രയും, നാട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം കഴിയാനുള്ള താല്‍പ്പര്യമാണ് അവരെ നയിക്കുന്നത്. അതുകൊണ്ടാണ് യാത്ര അവസാന നിമിഷത്തേക്ക് നിശ്ചയിക്കുന്നത്. അങ്ങനെയുള്ളവര്‍ തിരികെച്ചെല്ലുന്നത് ഒരുദിവസം വൈകിയാല്‍ ജോലിതന്നെ നഷ്ടപ്പെട്ടെന്നുവരാം.

വിമാനസമയമാറ്റം തീരാദുരിതത്തിലേക്ക് തള്ളിവിട്ട എത്രയോപേരുടെ കണ്ണുനീര്‍ കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും വീണിട്ടുണ്ട്. അവരുടെ ജീവിതം പിന്നീട് എങ്ങനെ മുന്നോട്ടുപോകുന്നു എന്ന് ആരും തിരക്കാറില്ല. ഒരു സിറ്റി ബസ് സര്‍വീസ് മുടങ്ങിയാല്‍പോലും പകരം ബസ് ഏര്‍പ്പെടുത്തുന്ന നാടാണ് നമ്മുടേത്. കേരളത്തില്‍നിന്നുള്ള വിദേശ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ വെട്ടിക്കുറച്ചത് സാര്‍വത്രികമായ പ്രതിഷേധവും രോഷവുമാണുണ്ടാക്കിയത്. എയര്‍ ഇന്ത്യ എന്ന പൊതുമേഖലാ സ്ഥാപനമാണ് ഈ കൊടുംചതി ചെയ്തത് എന്ന വസ്തുത പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അതിന് നേതൃത്വം നല്‍കുന്നതാകട്ടെ, ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ ഭരണക്കസേരയിലേറിയവരും. കേന്ദ്ര വ്യോമയാനമന്ത്രിയുടെ നാട്ടുകാരെ ഹജ്ജിനുകൊണ്ടുപോകാനാണത്രെ കേരളത്തില്‍നിന്ന് പറക്കേണ്ട വിമാനങ്ങള്‍ പിന്‍വലിക്കുന്നത്. ഉത്തര്‍പ്രദേശുകാര്‍ ഹജ്ജിനുപോകേണ്ട എന്ന് ആര്‍ക്കും അഭിപ്രായമില്ല. അത് ഗള്‍ഫ് മലയാളിയുടെ നെഞ്ചത്ത് ചവിട്ടിത്തന്നെ വേണം എന്ന് യുപിഎ സര്‍ക്കാരിന് നിര്‍ബന്ധമെന്തിന്? നിലവില്‍ നിര്‍ത്തിയ ഗള്‍ഫ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നില്ല എന്ന് മാത്രമല്ല, ഡിസംബര്‍വരെ റദ്ദാക്കല്‍ ഇനിയുമുണ്ടാകുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്. പതിനാല് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനമായിട്ടുണ്ടെന്ന എയര്‍ ഇന്ത്യയുടെ ഏറ്റവുമൊടുവിലത്തെ പ്രസ്താവന മുഖവിലയ്ക്കെടുക്കാനാകില്ല. ഇങ്ങനെ പറഞ്ഞുപറ്റിച്ച ഒട്ടേറെ അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം ഇതുവരെയുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് ആര് സമാധാനംപറയും എന്ന ചോദ്യവും അവശേഷിക്കുന്നു. സര്‍വീസ് മുടക്കം മാത്രമല്ല എയര്‍ ഇന്ത്യയുടെ സംഭാവന. ഗള്‍ഫ് യാത്രക്കാരെ കണ്ണില്‍ചോരയില്ലാതെ പിഴിഞ്ഞെടുത്ത് പണമുണ്ടാക്കാന്‍ ഗവേഷണം നടത്തുകയാണ് ആ സ്ഥാപനം. ഗള്‍ഫില്‍ അവധിക്കാലം തുടങ്ങുമ്പോള്‍ എയര്‍ ഇന്ത്യയുടെ നിരക്ക് കുത്തനെ ഉയരും. രാജ്യത്തിനകത്തും പുറത്തുമുള്ള ഇതര വിമാനക്കമ്പനികള്‍ക്ക് ഒപ്പമല്ല, ഒരുചുവട് മുന്നിലാണ് ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യ. ജനങ്ങളെ സഹായിക്കാന്‍ ബാധ്യസ്ഥരായവര്‍തന്നെ നാലും അഞ്ചും മടങ്ങ് വര്‍ധന വിമാനക്കൂലിയില്‍ വരുത്തുമ്പോള്‍ ലാഭംനോക്കികളായ സ്വകാര്യ വിമാനക്കമ്പനികളെ കുറ്റപ്പെടുത്താന്‍ പോലുമാകില്ല.

എയര്‍ ഇന്ത്യ ഈ സമീപനം ഒരു പ്രത്യേക നിമിഷത്തില്‍ തുടങ്ങിയതല്ല. അന്യായമായ യാത്രക്കൂലി, സര്‍വീസിലെ കൃത്യതയില്ലായ്മ, മുന്നറിയിപ്പില്ലാത്ത മുടക്കങ്ങള്‍, വിമാനക്കമ്പനിയുടെ കുഴപ്പംകൊണ്ട് പാതിവഴിയില്‍പെട്ടുഴലുന്ന യാത്രക്കാരോടുള്ള അവഗണന, മാറിയ ഷെഡ്യൂളിനെക്കുറിച്ച് വിവരം നല്‍കാതിരിക്കല്‍- ഇങ്ങനെ ഒട്ടേറെ അരുതായ്മകള്‍ എയര്‍ ഇന്ത്യക്ക് സഹജമാണ്. ഇതിനെതിരെ ഗള്‍ഫ് മലയാളികള്‍ പലപ്പോഴായി സമരം നടത്തിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യില്ല എന്നുപോലും പ്രഖ്യാപിച്ചു. തെറ്റ് തിരുത്തിക്കാന്‍ ഇതുകൊണ്ടൊന്നും കഴിഞ്ഞില്ല. ഇന്ന് മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ തെരഞ്ഞെടുക്കുന്ന സര്‍വീസായി മാത്രമേ എയര്‍ ഇന്ത്യയെ മലയാളികള്‍ കാണുന്നുള്ളൂ. ഗള്‍ഫ് സെക്ടറില്‍ വലിയ നിരക്ക് ഈടാക്കുന്ന കമ്പനികള്‍ക്കുപിന്നാലെ മലയാളികള്‍ പോകേണ്ടിവരുന്നത് അത്തരം സര്‍വീസുകളുടെ മേന്മകൊണ്ടുമാത്രമല്ല, എയര്‍ ഇന്ത്യയുടെ പിടിപ്പുകേടും നിഷേധസമീപനവും കൊണ്ടുകൂടിയാണ്. സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരുടെയും വ്യോമയാന വകുപ്പിന്റെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചുപറയുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും പ്രവാസികളുടെ ക്ഷേമത്തിനായി വകുപ്പും മന്ത്രിമാരുമുണ്ട്. പല മന്ത്രിമാരും അടിക്കടി ഗള്‍ഫ് രാജ്യങ്ങളിലെത്തി മടങ്ങാറുമുണ്ട്. അവരൊന്നും ഈ പ്രശ്നം പരിഹരിക്കാന്‍ ഇടപെടുന്നില്ല എന്നത് ആശ്ചര്യകരമാണ്. ഗള്‍ഫ് മലയാളികളുടെ പണവും ആതിഥ്യവും മതിയോ അവര്‍ക്ക്? ഇന്നുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാതെ എയര്‍ കേരള എന്നും മറ്റുമുള്ള മോഹനവാഗ്ദാനങ്ങളുടെ ചിറകില്‍കയറി പറന്നതുകൊണ്ടെന്ത് കാര്യം? കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്ന് അരഡസന്‍ മന്ത്രിമാരുണ്ടല്ലോ. അവര്‍ക്ക് എന്തുകൊണ്ട് ഈ പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയുന്നില്ല? പ്രസ്താവനയിലൂടെയുള്ള ആശ്വാസമല്ല, നടപടികളിലൂടെയുള്ള പരിഹാരമാണ് ഗള്‍ഫ് മലയാളിക്കുവേണ്ടത്. പ്രവാസികളെ പുകഴ്ത്തിയതുകൊണ്ടും അടുപ്പം നടിച്ചതുകൊണ്ടും കാര്യമില്ല. അവര്‍ക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയുന്നു എന്നതാണ് പ്രശ്നം.

ചെയ്യേണ്ടവര്‍ അത് ചെയ്യാത്തതുകൊണ്ടാണ് ജനങ്ങള്‍ക്ക് സമരത്തിന്റെ മാര്‍ഗം തെരഞ്ഞെടുക്കേണ്ടിവരുന്നത്. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലേക്കും ബഹുജനമാര്‍ച്ച് നയിക്കുമെന്ന് സിപിഐ എം പ്രഖ്യാപിച്ചത് ഈ പശ്ചാത്തലത്തിലാണ്. സെപ്തംബര്‍ ഇരുപത്തെട്ടിന്റെ ആ സമരം പ്രവാസികളുടേതുമാത്രമല്ല, കേരളത്തിന്റെ നിലനില്‍പ്പ് കാംക്ഷിക്കുന്ന എല്ലാവരുടേതുമാണ്. ഇന്നുവരെ നിര്‍ത്തിയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുക എന്നതിനപ്പുറം, ആവശ്യാനുസരണം കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്നും വിമാന നിരക്കില്‍ ന്യായമായ കുറവുവരുത്തി സ്വകാര്യകമ്പനികള്‍ക്ക് എയര്‍ഇന്ത്യ മാതൃക കാണിക്കണമെന്നുമുള്ള ആവശ്യങ്ങള്‍കൂടി മുഴങ്ങുന്നതാകും ആ സമരം.

deshabhimani editorial 260912

1 comment:

  1. ചെയ്യേണ്ടവര്‍ അത് ചെയ്യാത്തതുകൊണ്ടാണ് ജനങ്ങള്‍ക്ക് സമരത്തിന്റെ മാര്‍ഗം തെരഞ്ഞെടുക്കേണ്ടിവരുന്നത്. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലേക്കും ബഹുജനമാര്‍ച്ച് നയിക്കുമെന്ന് സിപിഐ എം പ്രഖ്യാപിച്ചത് ഈ പശ്ചാത്തലത്തിലാണ്. സെപ്തംബര്‍ ഇരുപത്തെട്ടിന്റെ ആ സമരം പ്രവാസികളുടേതുമാത്രമല്ല, കേരളത്തിന്റെ നിലനില്‍പ്പ് കാംക്ഷിക്കുന്ന എല്ലാവരുടേതുമാണ്. ഇന്നുവരെ നിര്‍ത്തിയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുക എന്നതിനപ്പുറം, ആവശ്യാനുസരണം കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്നും വിമാന നിരക്കില്‍ ന്യായമായ കുറവുവരുത്തി സ്വകാര്യകമ്പനികള്‍ക്ക് എയര്‍ഇന്ത്യ മാതൃക കാണിക്കണമെന്നുമുള്ള ആവശ്യങ്ങള്‍കൂടി മുഴങ്ങുന്നതാകും ആ സമരം.

    ReplyDelete