Saturday, September 29, 2012

എഫ്സിഐ ഗോഡൗണില്‍ 42,000 ടണ്‍ അരി പുഴുവരിക്കുന്നു


പൊതുവിപണിയില്‍ അരിവില കുതിക്കുമ്പോള്‍ പൊതുവിതരണ ശൃംഖല വഴി വിതരണംചെയ്യേണ്ട ടണ്‍കണക്കിന് അരി എഫ്സിഐ ഗോഡൗണുകളില്‍ പുഴുവരിച്ച് നശിക്കുന്നു. കഴക്കൂട്ടം എഫ്സിഐ ഗോഡൗണില്‍മാത്രം 42,000 ടണ്ണിലേറെ അരി കെട്ടിക്കിടന്ന് പുഴുവരിച്ചു. സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും രണ്ടു മാസം വിതരണംചെയ്യേണ്ട അരിയാണ് സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണം ഉപയോഗശൂന്യമായത്. മതിയായ ഭക്ഷ്യധാന്യം ഇല്ലെന്ന പേരില്‍ മാവേലി, നന്മ, ത്രിവേണി സ്റ്റോറുകള്‍ പൂട്ടുമ്പോഴാണ് ഈ വിരോധാഭാസം.

പൊതുവിതരണ ശൃംഖലകള്‍ നോക്കുകുത്തിയായതിനെത്തുടര്‍ന്ന് വിലക്കയറ്റം രൂക്ഷമാകുമ്പോഴും കെട്ടിക്കിടക്കുന്ന അരി വിതരണംചെയ്യാന്‍ ഭക്ഷ്യവകുപ്പ് ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. സംസ്ഥാനത്ത് 21 ലക്ഷത്തിലേറെ വരുന്ന ബിപിഎല്‍, അന്ത്യോദയ, അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്കും വിതരണംചെയ്യേണ്ട അരിയാണിത്. 30,000 ടണ്‍ സംഭരണശേഷിയുള്ള കഴക്കൂട്ടത്തെ എഫ്സിഐ ഗോഡൗണില്‍ സ്ഥലമില്ലാത്തതിനെത്തുടര്‍ന്ന് വരാന്തയിലും പുറത്തും അരിച്ചാക്കുകള്‍ കൂട്ടിയിട്ട നിലയിലാണ്. മഴയും വെയിലുമേറ്റ് ഇത് പൂര്‍ണമായും ഉപയോഗശൂന്യമായി. ഗോഡൗണിനകത്തുള്ള അരിച്ചാക്കുകളാകട്ടെ പുഴുവരിച്ച നിലയിലാണ്. ഓണം, റമദാന്‍വേളയില്‍ കേരളത്തിന് അനുവദിച്ച റേഷനരിയാണ് വിതരണം ചെയ്യാത്തത്. പലയിടങ്ങളിലും മതിയായ ഭക്ഷ്യധാന്യമില്ലാതെ റേഷന്‍കടകള്‍ കാലിയായി കിടക്കുകയാണ്. മാര്‍ക്കറ്റിലെ പൊള്ളുന്ന വില നിയന്ത്രിക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും നിരന്തരം അവകാശവാദം ഉന്നയിക്കുമ്പോഴാണ് അരി കെട്ടിക്കിടന്ന് പുഴുവരിക്കുന്നത്.

എട്ടുമാസം മുമ്പും കഴക്കൂട്ടത്ത് സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് ഇരുപതിനായിരത്തോളം ടണ്‍ അരി പുഴുവരിച്ച് നശിച്ചു. ഇത് പിന്നീട് കോഴിക്കോട് ആസ്ഥാനമായുള്ള വന്‍കിട കോഴിത്തീറ്റ നിര്‍മാണക്കമ്പനിക്ക് ചുളുവിലയ്ക്ക് വിറ്റു. കോഴിത്തീറ്റ നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് നിസ്സാരവിലയ്ക്ക് അരി ലഭ്യമാക്കാന്‍ ഭക്ഷ്യവകുപ്പ് മനഃപൂര്‍വം അരി വിതരണംചെയ്യാതിരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. പൊതുവിപണിയില്‍ ദിനംപ്രതി അരിവില കുതിച്ചുയരുന്നത് സാധാരണക്കാരെയും ഇടത്തരം കുടുംബങ്ങളെയും ഏറെ പ്രതികൂലമായി ബാധിച്ചു. പലയിടങ്ങളിലും റേഷന്‍കടകള്‍ വഴി വിതരണംചെയ്യേണ്ട അരി അന്യസംസ്ഥാനത്തെ അരിലോബികള്‍ക്ക് മറിച്ചുവില്‍ക്കുന്നതും സജീവമാണ്. അരിക്ഷാമം ഉണ്ടാക്കി സ്വകാര്യകമ്പനികള്‍ക്ക് വന്‍ലാഭം കൊയ്യാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.
(പി വി മനോജ്കുമാര്‍)

deshabhimani 290912

1 comment:

  1. പൊതുവിപണിയില്‍ അരിവില കുതിക്കുമ്പോള്‍ പൊതുവിതരണ ശൃംഖല വഴി വിതരണംചെയ്യേണ്ട ടണ്‍കണക്കിന് അരി എഫ്സിഐ ഗോഡൗണുകളില്‍ പുഴുവരിച്ച് നശിക്കുന്നു. കഴക്കൂട്ടം എഫ്സിഐ ഗോഡൗണില്‍മാത്രം 42,000 ടണ്ണിലേറെ അരി കെട്ടിക്കിടന്ന് പുഴുവരിച്ചു. സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും രണ്ടു മാസം വിതരണംചെയ്യേണ്ട അരിയാണ് സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണം ഉപയോഗശൂന്യമായത്. മതിയായ ഭക്ഷ്യധാന്യം ഇല്ലെന്ന പേരില്‍ മാവേലി, നന്മ, ത്രിവേണി സ്റ്റോറുകള്‍ പൂട്ടുമ്പോഴാണ് ഈ വിരോധാഭാസം.

    ReplyDelete