Sunday, September 30, 2012

സുപ്രീംകോടതി വിധി സര്‍ക്കാരിനെ കുറ്റവിമുക്തമാക്കുന്നില്ല: പിബി


 പ്രകൃതിവിഭവങ്ങളുടെ വിതരണവിഷയത്തില്‍ രാഷ്ട്രപതിയുടെ പരാമര്‍ശം സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി കേന്ദ്രസര്‍ക്കാരിനെ ഒരുതരത്തിലും കുറ്റവിമുക്തമാക്കുന്നില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

2ജി സ്പെക്ട്രം, കല്‍ക്കരിപ്പാടങ്ങള്‍ തുടങ്ങിയ പ്രകൃതിവിഭവങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ കഴിയുംവിധം കൃത്രിമമാര്‍ഗത്തിലൂടെ നല്‍കിയ കേന്ദ്രസര്‍ക്കാരിനെ ന്യായീകരിക്കുന്നതല്ല വിധിന്യായമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു. പ്രകൃതിവിഭവങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്ന നയത്തെക്കുറിച്ചുള്ള ചില കാര്യങ്ങളിലാണ് സുപ്രീംകോടതി ഇപ്പോള്‍ വ്യക്തത നല്‍കിയത്. എല്ലാ മേഖലയിലും ലേലം മാത്രമല്ല മാര്‍ഗമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. പ്രകൃതിവിഭവങ്ങള്‍ നല്‍കുന്നതു സംബന്ധിച്ച നയതീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് എക്സിക്യൂട്ടീവാണെങ്കിലും അത് പൊതുതാല്‍പ്പര്യം കണക്കിലെടുത്തായിരിക്കണമെന്നാണ് കോടതി പറഞ്ഞത്. 2ജി സ്പെക്ട്രത്തില്‍ ആദ്യം വന്നവര്‍ക്ക് ആദ്യം അനുവദിച്ച 122 ലൈസന്‍സും റദ്ദാക്കിയ മുന്‍ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തയ്യാറാകാത്തതുകൊണ്ടു തന്നെ തങ്ങളുടെ നയത്തെ സുപ്രീംകോടതി ശരിവച്ചെന്ന് കേന്ദ്രസര്‍ക്കാരിന് അവകാശപ്പെടാനാകില്ല.

കല്‍ക്കരി ദേശസാല്‍ക്കരിച്ച വ്യവസായമാണ്. കല്‍ക്കരിപ്പാടങ്ങള്‍ വ്യവസായങ്ങള്‍ക്കും മറ്റും നല്‍കാനാരംഭിച്ചത് പിന്‍വാതിലിലൂടെ സ്വകാര്യവല്‍ക്കരണം നടപ്പാക്കാനാണ്. ദേശീയ നിയമത്തെ അവഗണിച്ച് കല്‍ക്കരിപ്പാടങ്ങള്‍ ലേലത്തിലൂടെ നല്‍കുന്നത് വര്‍ധിച്ച സ്വകാര്യവല്‍ക്കരണത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നിവയുടെ ഉല്‍പ്പാദനത്തിന് ആവശ്യമായ കല്‍ക്കരിയുടെ ഖനവും വിതരണവും പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് വഴി നടത്തണമെന്ന ബദല്‍ പദ്ധതിയാണ് സിപിഐ എമ്മിന് മുന്നോട്ടു വയ്ക്കാനുള്ളത്. സ്വകാര്യ കമ്പനികള്‍ക്കും ബഹുരാഷ്ട്രകുത്തകകള്‍ക്കും പ്രകൃതിവിഭവങ്ങള്‍ നല്‍കണമോ എന്നതാണ് യഥാര്‍ഥ പ്രശ്നം. പ്രകൃതിവിഭവങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. അവ ദേശസാല്‍ക്കൃത മേഖലയില്‍ തന്നെ തുടരണം. ജലസ്രോതസ്സുകളുടെ കാര്യത്തിലും ഇതു തന്നെയായിരിക്കണം നയം-പിബി പറഞ്ഞു.

deshabhimani 290912

No comments:

Post a Comment