Sunday, September 30, 2012

ഭക്ഷ്യസുരക്ഷ: ബാധ്യത കേന്ദ്രം ഏല്‍ക്കരുതെന്ന് കേല്‍ക്കര്‍ സമിതി


ഭക്ഷ്യസുരക്ഷയെന്ന വാഗ്ദാനത്തില്‍നിന്ന് പൂര്‍ണമായി പിന്മാറാന്‍ കേന്ദ്രസര്‍ക്കാരിനോട് കേല്‍ക്കര്‍ കമ്മിറ്റിയുടെ ഉപദേശം. ഭക്ഷ്യസബ്സിഡി വന്‍തോതില്‍ വെട്ടിക്കുറയ്ക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങളുടെ കരുതല്‍ശേഖരം സൂക്ഷിക്കേണ്ടെന്നും നിര്‍ദേശമുണ്ട്. കേന്ദ്രം വന്‍തോതില്‍ കരുതല്‍ ഭക്ഷ്യധാന്യം സൂക്ഷിക്കുന്നത് പാഴ്ച്ചെലവാണ്. ഈ പാഴ്ച്ചെലവ് ഒഴിവാക്കണം. അതിനായി ക്രമേണ ഈ ശേഖരം ഇല്ലാതാക്കണം- റിപ്പോര്‍ട്ട് നിര്‍ദേശിച്ചു.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കരുതല്‍ശേഖരം ഇല്ലാതാക്കുന്നത് ഭക്ഷ്യധാന്യവില പല മടങ്ങായി വര്‍ധിക്കാനും ഭക്ഷ്യക്ഷാമത്തിനും ഇടയാക്കുന്നതാണ് ഈ നിര്‍ദേശം. നടപ്പു സാമ്പത്തികവര്‍ഷത്തെ ഭക്ഷ്യ സബ്സിഡി ബജറ്റില്‍ കണക്കാക്കിയതിനേക്കാള്‍ 10,000 കോടി കൂടുതലായിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബജറ്റില്‍ 75,000 കോടി രൂപയാണ് ഭക്ഷ്യ സബ്സിഡിക്ക് നീക്കിവച്ചത്. കടുത്ത നടപടിയില്ലെങ്കില്‍ ഇത് 85,000 കോടിയാകും. ഇപ്പോള്‍ത്തന്നെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 2.6 ശതമാനം സബ്സിഡിക്ക് നീക്കിവയ്ക്കേണ്ടിവരുമെന്നാണ് കണക്ക്. കടുത്ത നടപടി അതേ വേഗത്തില്‍ തുടര്‍ന്നാലേ ഈ വര്‍ഷം 2.2 ശതമാനമായെങ്കിലും സബ്സിഡി പരിമിതപ്പെടുത്താനാകൂ. ഭക്ഷ്യസുരക്ഷാ ബില്‍കൂടി നടപ്പാക്കിയാല്‍ സബ്സിഡിഭാരം താങ്ങാനാകില്ല- കമ്മിറ്റി മുന്നറിയിപ്പ് നല്‍കുന്നു. കുറഞ്ഞ നിരക്കില്‍ പരിമിതമായ പൊതുവിതരണ സംവിധാനംവഴി (വളരെക്കുറച്ച് ആളുകള്‍ക്കുമാത്രം) ഇപ്പോള്‍ നല്‍കുന്ന ഭക്ഷ്യധാന്യത്തിന് സര്‍ക്കാര്‍ ഈടാക്കുന്ന വില വളരെ കുറവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഭക്ഷ്യധാന്യത്തിനുള്ള കുറഞ്ഞ താങ്ങുവില നിരന്തരം പുതുക്കുന്ന കേന്ദ്രം എന്തുകൊണ്ട് പൊതുവിതരണ സംവിധാനംവഴി നല്‍കുന്ന ഭക്ഷ്യധാന്യത്തിന് വില കൂട്ടുന്നില്ലെന്ന് റിപ്പോര്‍ട്ട് ചോദിക്കുന്നു.

ലെവി പഞ്ചസാര നിര്‍ത്തലാക്കണം. ഇപ്പോഴുള്ള മൊത്തം ഉപഭോഗത്തിന്റെ 10 ശതമാനം ലെവി പഞ്ചസാരയാണ്. ഇത് പൊതുവിതരണ സംവിധാനംവഴിയാണ് വിതരണംചെയ്യുന്നത്. ഇത് നിര്‍ത്തിയാല്‍ അതുകൂടി പൊതുവിപണിയിലെ വിലയ്ക്ക് വിറ്റ് പഞ്ചസാരമില്ലുകള്‍ക്ക് കോടികള്‍ കുന്നുകൂട്ടാം. സബ്സിഡി നിര്‍ത്താനുള്ള ലക്ഷ്യത്തോടെയുള്ള ഈ ശുപാര്‍ശകളെല്ലാം സര്‍ക്കാരിന്റെ അവശേഷിക്കുന്ന നിയന്ത്രണംകൂടി എടുത്തുകളഞ്ഞ് ഭക്ഷ്യവിപണിയെ സ്വകാര്യമേഖലയുടെ പൂര്‍ണമായ ചൂഷണത്തിന് വിട്ടുകൊടുക്കാനുള്ളതാണ്. രാസവളം സബ്സിഡിയെപ്പറ്റിയും തീര്‍ത്തും കര്‍ഷക വിരുദ്ധ നിലപാടാണ് റിപ്പോര്‍ട്ടിലുള്ളത്. 2002നു ശേഷം യൂറിയ വില വര്‍ധിപ്പിക്കാതിരുന്നത് വലിയ തെറ്റായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യൂറിയ വില ഇത്ര കുറഞ്ഞതിനും അതിന്റെ അമിതമായ ഉപയോഗത്തിനും ഇത് കാരണമായെന്ന് സമിതി വിലയിരുത്തുന്നു.
(വി ജയിന്‍)

deshabhimani 300912

1 comment:

  1. ഭക്ഷ്യസുരക്ഷയെന്ന വാഗ്ദാനത്തില്‍നിന്ന് പൂര്‍ണമായി പിന്മാറാന്‍ കേന്ദ്രസര്‍ക്കാരിനോട് കേല്‍ക്കര്‍ കമ്മിറ്റിയുടെ ഉപദേശം. ഭക്ഷ്യസബ്സിഡി വന്‍തോതില്‍ വെട്ടിക്കുറയ്ക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങളുടെ കരുതല്‍ശേഖരം സൂക്ഷിക്കേണ്ടെന്നും നിര്‍ദേശമുണ്ട്. കേന്ദ്രം വന്‍തോതില്‍ കരുതല്‍ ഭക്ഷ്യധാന്യം സൂക്ഷിക്കുന്നത് പാഴ്ച്ചെലവാണ്. ഈ പാഴ്ച്ചെലവ് ഒഴിവാക്കണം. അതിനായി ക്രമേണ ഈ ശേഖരം ഇല്ലാതാക്കണം- റിപ്പോര്‍ട്ട് നിര്‍ദേശിച്ചു.

    ReplyDelete