Wednesday, September 26, 2012

പാഠ്യപദ്ധതി പരിഷ്കാരം ധൃതിപിടിച്ച്; കരിക്കുലം കമ്മിറ്റിയില്‍ എതിര്‍പ്പ്


ഒന്നുമുതല്‍ 12 വരെയുള്ള പാഠ്യപദ്ധതി ധൃതി പിടിച്ച് പരിഷ്കരിക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ സ്കൂള്‍ കരിക്കുലം കമ്മിറ്റിയില്‍ എതിര്‍പ്പ്. അധ്യാപകസംഘടനാ പ്രതിനിധി വിയോജനക്കുറിപ്പ് അവതരിപ്പിച്ചതോടെ പരിഷ്കരണത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധസമിതി നിയോഗിക്കുന്നതിന് കരിക്കുലം കമ്മിറ്റി ശുപാര്‍ശ ചെയ്തു. സമിതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കും. പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ കരിക്കുലം കമ്മിറ്റി ആലോചനയില്ലാതെ തീരുമാനം എടുക്കുന്നതിനെതിരെ എം ഷാജഹാന്‍ (കെഎസ്ടിഎ) ആണ് വിയോജനക്കുറിപ്പ് അവതരിപ്പിച്ചത്.

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ (എന്‍സിഎഫ്-2005) ചുവടുപിടിച്ചുള്ള കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ (കെസിഎഫ്-2007) അടിസ്ഥാനത്തിലാണ് പത്താം ക്ലാസ് വരെയുള്ള സിലബസ്, പാഠപുസ്തകങ്ങള്‍ എന്നിവ മുമ്പ് പരിഷ്കരിച്ചത്. കെസിഎഫ്-2007 ലെ നിര്‍ദേശങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. പരിഷ്കരണത്തിന്റെ തുടര്‍ച്ചയായുള്ള 11, 12 ക്ലാസുകളിലെ പരിഷ്കരണം പൂര്‍ത്തിയാക്കിയുമില്ല. എന്‍സിഎഫ്-2005നെ അടിസ്ഥാനമാക്കി പാഠ്യപദ്ധതി പരിഷ്കരിച്ചത് കേരളം മാത്രമാണ്. രാജസ്ഥാന്‍, ആന്ധ്ര എന്നിവിടങ്ങളില്‍ പരിഷ്കരണം ആരംഭിച്ചിട്ടുണ്ട്. മറ്റിടങ്ങളില്‍ പരിഷ്കാരത്തിന് എംഎച്ച്ആര്‍ഡി നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് കേരളത്തില്‍ നടപ്പാക്കിയ പരിഷ്കരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് വിയോജനക്കുറിപ്പില്‍ ഷാജഹാന്‍ വ്യക്തമാക്കി. ഹയര്‍ സെക്കന്‍ഡറിയിലെ ശനിയാഴ്ച ക്ലാസുകള്‍ ഒഴിവാക്കി പ്രവൃത്തിദിനം അഞ്ചാക്കണമെന്ന നിര്‍ദേശം കരിക്കുലം കമ്മിറ്റി തത്വത്തില്‍ അംഗീകരിച്ചു. നയപരമായ കാര്യമായതിനാല്‍ തീരുമാനം സര്‍ക്കാരാണ് എടുക്കേണ്ടത്. അധ്യയനവര്‍ഷം പാതി പിന്നിടുമ്പോള്‍ ശനിയാഴ്ച ക്ലാസുകള്‍ ഒഴിവാക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ തരണം ചെയ്ത് ക്ലാസുകള്‍ ഫലപ്രദമാക്കുന്നതിന് മാര്‍ഗരേഖ സമര്‍പ്പിക്കുന്നതിനും സമിതിയെ നിയോഗിക്കും. ഏറെ നാള്‍ കൂടി വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബും കമ്മിറ്റിക്കെത്തിയിരുന്നു.

deshabhimani 260912

1 comment:

  1. ഒന്നുമുതല്‍ 12 വരെയുള്ള പാഠ്യപദ്ധതി ധൃതി പിടിച്ച് പരിഷ്കരിക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ സ്കൂള്‍ കരിക്കുലം കമ്മിറ്റിയില്‍ എതിര്‍പ്പ്. അധ്യാപകസംഘടനാ പ്രതിനിധി വിയോജനക്കുറിപ്പ് അവതരിപ്പിച്ചതോടെ പരിഷ്കരണത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധസമിതി നിയോഗിക്കുന്നതിന് കരിക്കുലം കമ്മിറ്റി ശുപാര്‍ശ ചെയ്തു. സമിതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കും. പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ കരിക്കുലം കമ്മിറ്റി ആലോചനയില്ലാതെ തീരുമാനം എടുക്കുന്നതിനെതിരെ എം ഷാജഹാന്‍ (കെഎസ്ടിഎ) ആണ് വിയോജനക്കുറിപ്പ് അവതരിപ്പിച്ചത്.

    ReplyDelete