Saturday, September 29, 2012

തിളങ്ങുന്ന മോഡി ഞരങ്ങുന്ന ഗുജറാത്ത്


ആഗോളവല്‍ക്കരണം കാഴ്ചവച്ച 'വികസന' സംസ്‌ക്കാരത്തിന്റെ നെടുങ്കോട്ടയായാണ് ഗുജറാത്ത് കൊട്ടിഘോഷിക്കപ്പെട്ടത്. അവിടെയാണ് വികസനം കൊടിപാറിക്കുന്നതെന്ന് പലരും പറഞ്ഞുപരത്തുകയായിരുന്നു. നരേന്ദ്രമോഡി എന്ന മുഖ്യമന്ത്രിയുടെ കൈകളില്‍ പുരണ്ട ന്യൂനപക്ഷഹത്യയുടെ ചോരപ്പാടുകള്‍ മറച്ചുവച്ചത് ഈ വികസനനേട്ടത്തിന്റെ പട്ടുതൂവാലകള്‍ കൊണ്ടായിരുന്നു. രാഷ്ട്രീയ നിലപാടുകളൊന്നും ഇത്തരം പ്രകീര്‍ത്തനങ്ങള്‍ക്കു തടസമായില്ല. മോഡിയും ബി ജെ പി ഗവണ്‍മെന്റും ന്യൂനപക്ഷങ്ങളോട് അവലംബിക്കുന്ന നയങ്ങളോട് യോജിക്കാത്തവര്‍പോലും മോഡിയുടെ കീഴില്‍ ഗുജറാത്ത് വികസനരംഗത്ത് അത്ഭുതങ്ങള്‍ ഉണ്ടാക്കിയെന്ന് അടുത്ത ശ്വാസത്തില്‍ പറഞ്ഞു.

നരേന്ദ്രമോഡിയെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്നാണ് സംഘപരിവാറിലെ ഒരു ഭാഗം വിശേഷിപ്പിച്ചത്. ഗുജറാത്ത് മോഡല്‍ വികസനം ഇന്ത്യയിലാകെ പ്രാവര്‍ത്തികമാക്കാന്‍ മോഡിക്കല്ലാതെ ആര്‍ക്കും കഴിയില്ലെന്നാണ് അവര്‍ വാദിച്ചത്. ഗുജറാത്തിലെ വര്‍ഗീയ കലാപങ്ങളുടെ വേലിയേറ്റവും അതിലെല്ലാം നരേന്ദ്രമോഡി എന്ന മുഖ്യമന്ത്രി നേരിട്ടു വഹിച്ച പങ്കും അത്തരക്കാരെ അലട്ടിയില്ല. അവര്‍ക്കു 'വികസനം' മതിയായിരുന്നു. സമ്പന്നന്മാര്‍ സര്‍വ്വം മറന്ന് അര്‍മാദിക്കുന്ന വികസനം!

'എമര്‍ജിംഗ് കേരള'യ്ക്കു ന്യായവാദങ്ങള്‍ ചികഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയും താരതമ്യങ്ങള്‍ നടത്തിയത് ഗുജറാത്തിനോടായിരുന്നു. ആ ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ യഥാര്‍ഥചിത്രം ലോകത്തിന്റെ മുമ്പില്‍ അനാവൃതമാകാന്‍ കമ്പോള വ്യവസ്ഥയുടെ തമ്പുരാക്കന്മാര്‍ എപ്പോഴും തടസം നിന്നു. എങ്കിലും ആ യാഥാര്‍ഥ്യങ്ങള്‍ എക്കാലവും ഉറങ്ങിക്കിടക്കുന്നില്ല. അവ നാടിന്റെ കണ്ണില്‍ എത്തുക തന്നെ ചെയ്യും.

ഗുജറാത്തിലെ യാഥാര്‍ഥ്യം മോഡിയും സംഘപരിവാറും പ്രചരിപ്പിക്കുന്നതല്ല, അത് അവിടത്തെ മഹാഭൂരിപക്ഷം ജനങ്ങളേയും ജീവിത ദുരിതങ്ങളിലേക്കെറിയുന്നതാണ്. ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ ആ സത്യത്തിലേയ്ക്കു വിരല്‍ചൂണ്ടുന്നു. 'തിളങ്ങുന്ന ഗുജറാത്ത്' നഗരങ്ങളിലെ സമ്പന്നന്മാര്‍മാത്രം അനുഭവിക്കുന്നതാണ്. മഹാഭൂരിപക്ഷം ഗുജറാത്തുകാരും അനുഭവിക്കുന്നത് 'ഞരങ്ങുന്ന ഗുജറാത്തി'ലെ ജീവിതമാണ്. 2011  ലെ സെന്‍സസ് പ്രകാരം ഗുജറാത്ത് ഗ്രാമങ്ങളിലെ 67 ശതമാനം വീടുകള്‍ക്ക് ഇന്നും കക്കൂസില്ല. 65 ശതമാനം ഗ്രാമീണര്‍ ഇന്നും തുറസായ സ്ഥലങ്ങളിലാണ് വെളിക്കിറങ്ങുന്നത്. അങ്ങനെ വിസര്‍ജിക്കപ്പെടുന്ന മലം ആ പ്രദേശങ്ങളെ മുഴുവന്‍ മലിനപ്പെടുത്തുന്നു. മാലിന്യ നിര്‍മാര്‍ജനത്തിനോ മലിനജലം ഒഴുക്കിക്കളയുന്നതിനോ ഫലപ്രദമായ ഒരു സംവിധാനവും അവിടെയില്ല. തലസ്ഥാന നഗരമടക്കം ചില സമ്പന്ന കേന്ദ്രങ്ങള്‍ മാറ്റിവച്ചാല്‍ അവിടത്തെ ഗ്രാമങ്ങളും നഗരങ്ങളും ഇത്തരം ദുസഹമായ സാഹചര്യങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ്.

നരേന്ദ്രമോഡിയുടെ വികസന സ്വര്‍ഗത്തില്‍ നഗരങ്ങളിലെ സമ്പന്നന്മാര്‍ക്കു മാത്രമേ ആരോഗ്യപരിരക്ഷയ്ക്ക് അവസരങ്ങളുള്ളു. ഗ്രാമങ്ങളിലെ പാവങ്ങള്‍ മരിക്കാത്തതുകൊണ്ട് ജീവിക്കുന്നവരാണ്. ഗുജറാത്തിലെ 44 ശതമാനം ഗ്രാമങ്ങളില്‍ മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങള്‍ അടിക്കടി ഉണ്ടാകുന്നു. 30 ശതമാനം ഗ്രാമങ്ങളില്‍ മലമ്പനിയും 40 ശതമാനം ഗ്രാമങ്ങളില്‍ വയറിളക്കവും സര്‍വസാധാരണമാണ്. വൃക്കയിലെ കല്ല്, സന്ധിവേദന, ത്വക്ക് രോഗങ്ങള്‍, ദന്തരോഗങ്ങള്‍ എന്നിവ മൂലം വലയുന്നവരാണ് 25 ശതമാനം ഗ്രാമങ്ങളിലെ ജനങ്ങള്‍. ശുദ്ധമായ കുടിവെള്ളവും ശുചീകരണ സംവിധാനങ്ങളുമെല്ലാം ഗുജറാത്ത് ഗ്രാമങ്ങളില്‍ കേട്ടുകേള്‍വി മാത്രമാണ്. 43 ശതമാനം ഗ്രാമങ്ങള്‍ മാത്രമാണ് ജലവിതരണ സംവിധാനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 16.7 ശതമാനം ഗ്രാമങ്ങളിലേ ശുദ്ധീകരിച്ചതെന്നു പറയപ്പെടുന്ന പൈപ്പുവെള്ളമെത്തിയിട്ടുള്ളു. 20 ശതമാനം ഗ്രാമങ്ങളിലെയും പാവപ്പെട്ട സ്ത്രീകള്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് കുടിവെള്ളം വീട്ടിലെത്തിക്കുന്നത്.

ഗുജറാത്ത് നേടിയ മോഡി മോഡല്‍ വികസനത്തിന് പല പാര്‍ട്ടികളിലും സ്തുതിപാഠകരുണ്ടാകാം. അവര്‍ ഇത്രയുംകൂടി അറിയുക. ബി പി എല്‍ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട 35 കിലോ ഭക്ഷ്യധാന്യം അവിടെ കൊടുക്കുന്നില്ല. കേന്ദ്രം കണക്കുകൂട്ടിയതിനേക്കാള്‍ ബി പി എല്‍ കുടുംബങ്ങളുള്ളതിനാല്‍ ഉള്ളതുകൊണ്ട് എല്ലാവര്‍ക്കും പങ്കിടുന്നുവെന്നാണ് മോഡിയുടെ ന്യായീകരണം. അവര്‍ക്കായി 'സമ്പന്നവും വികസിതവുമായ' ഗുജറാത്തിലെ ഗവണ്‍മെന്റ് സ്വന്തം നിലയ്ക്ക് ഒന്നും മാറ്റിവയ്ക്കുന്നില്ല. പൊതുവിതരണസമ്പ്രദായം, ഉച്ചഭക്ഷണപദ്ധതി, സമഗ്ര ശിശുക്ഷേമ പദ്ധതി ഇവയെല്ലാം ഏറ്റവും മോശമായി നടത്തപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്.

ഇനി അവിടത്തെ പട്ടിണിപാവങ്ങളുടെ കൂലിയുടെ സ്ഥിതി നോക്കുക: അസംഘടിത മേഖലയിലെ സാധാരണ കൂലിപ്പണിചെയ്യുന്ന പുരുഷന് 69 രൂപയും സ്ത്രീക്ക് 56 രൂപയും! ഇവയെക്കുറിച്ച് കണക്കെടുത്ത 20 സംസ്ഥാനങ്ങളില്‍ ഗുജറാത്തിന്റെ സ്ഥാനം 14-ാമത്തേതാണ്. താഴെയുള്ള മറ്റു സംസ്ഥാനങ്ങളെല്ലാം ദരിദ്ര സംസ്ഥാനം എന്ന് പേരുകേട്ടവയാണ്. എന്നാല്‍ ഗുജറാത്ത് അങ്ങനെയല്ലല്ലോ. കുതികുതിച്ചു കയറുന്ന വികസനത്തിന്റെ സ്വര്‍ഗരാജ്യമാണല്ലോ അത്!

വലതുപക്ഷ നയങ്ങളും അതിന്റെ മുമ്പില്‍ കണ്ണഞ്ചി നില്‍ക്കുന്നവരും പറയാറ് ഗുജറാത്തിലെ വളര്‍ച്ചാനിരക്കിന്റെ കേമത്തമാണ്. അക്കങ്ങള്‍ കൊണ്ട് മായാജാലംകാണിക്കുന്ന ഇത്തരം വളര്‍ച്ചയുടെ അടിയില്‍ നരകതുല്യമായ മറ്റൊരുജീവിതമുണ്ടെന്നതാണ് സത്യം.

അടുത്തിടെ പുറത്തുവന്ന ഒരു പഠനം വ്യക്തമാക്കിയത് ഗുജറാത്തിലെ ജനങ്ങള്‍ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നാണ്. തന്ത്രശാലിയായ മുഖ്യമന്ത്രി മോഡി അതിനും ന്യായം കണ്ടെത്തി. അവിടത്തെ ജനങ്ങളില്‍ ഏറിയപങ്കും ശരീരം വണ്ണിക്കാതെ നോക്കുന്നവരും പച്ചക്കറി കഴിക്കുന്നവരുമാണത്രെ. മിസ്റ്റര്‍ മോഡി വിളമ്പുന്നത് മൂക്കുതാഴേയ്ക്കുള്ളവരാരും വിശ്വസിക്കാത്ത വിതണ്ഡവാദങ്ങളാണ്. കഴിക്കാന്‍ പോക്ഷകമൂല്യമുള്ള ആഹാരം കിട്ടാത്തതുകൊണ്ടാണ്, അതുവാങ്ങാന്‍ ന്യായമായ കൂലിയും ജോലിയും ഇല്ലാത്തതിനാലാണ് അവര്‍ക്ക് ഈ ദുഃസ്ഥിതിയുണ്ടാകുന്നത്. ഇല്ലായ്മകൊണ്ടും രോഗ പീഡയാലും വലയുന്ന ഈ പട്ടിണിപാവങ്ങളിലേറെയും ഹിന്ദുക്കളാണെന്നതും മോഡി അറിയുകതന്നെ വേണം. മുസ്‌ലിം വേട്ടയാണ് ഹിന്ദുധര്‍മ്മമെന്നു ധരിച്ചുവശായ അഭിനവ ഫാസിസത്തിന്റെ വികസന സങ്കല്‍പ്പങ്ങളുടെ തനിനിറം ഇന്ത്യന്‍ ജനതയും അറിയണം.

janayugom editorial 280912

1 comment:

  1. ഒരു പഠനം വ്യക്തമാക്കിയത് ഗുജറാത്തിലെ ജനങ്ങള്‍ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നാണ്. തന്ത്രശാലിയായ മുഖ്യമന്ത്രി മോഡി അതിനും ന്യായം കണ്ടെത്തി. അവിടത്തെ ജനങ്ങളില്‍ ഏറിയപങ്കും ശരീരം വണ്ണിക്കാതെ നോക്കുന്നവരും പച്ചക്കറി കഴിക്കുന്നവരുമാണത്രെ. മിസ്റ്റര്‍ മോഡി വിളമ്പുന്നത് മൂക്കുതാഴേയ്ക്കുള്ളവരാരും വിശ്വസിക്കാത്ത വിതണ്ഡവാദങ്ങളാണ്. കഴിക്കാന്‍ പോക്ഷകമൂല്യമുള്ള ആഹാരം കിട്ടാത്തതുകൊണ്ടാണ്, അതുവാങ്ങാന്‍ ന്യായമായ കൂലിയും ജോലിയും ഇല്ലാത്തതിനാലാണ് അവര്‍ക്ക് ഈ ദുഃസ്ഥിതിയുണ്ടാകുന്നത്. ഇല്ലായ്മകൊണ്ടും രോഗ പീഡയാലും വലയുന്ന ഈ പട്ടിണിപാവങ്ങളിലേറെയും ഹിന്ദുക്കളാണെന്നതും മോഡി അറിയുകതന്നെ വേണം. മുസ്‌ലിം വേട്ടയാണ് ഹിന്ദുധര്‍മ്മമെന്നു ധരിച്ചുവശായ അഭിനവ ഫാസിസത്തിന്റെ വികസന സങ്കല്‍പ്പങ്ങളുടെ തനിനിറം ഇന്ത്യന്‍ ജനതയും അറിയണം.

    ReplyDelete