Wednesday, September 26, 2012

കെട്ടിടം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് പിരിവ് തുടങ്ങി


തലയില്‍ മുണ്ടിടേണ്ട അവസ്ഥ വന്നപ്പോള്‍ ഡിസിസി ഓഫീസ് കെട്ടിടം നില്‍ക്കുന്ന സ്ഥലം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് പണപ്പിരിവ് തുടങ്ങി. സംസ്ഥാനത്തെ വിവിധ കോടതികളില്‍ ആറ് തവണ തോറ്റ കേസുമായി സുപ്രീംകോടതിയില്‍ എത്തിയപ്പോഴും അവിടെയും എട്ടുനിലയില്‍ തോറ്റു. നാല് പതിറ്റാണ്ടുകള്‍ കോടതികള്‍ കയറിയിറങ്ങിയ കേസില്‍ പല തവണ ഡിസിസിക്ക് വേണ്ടി ആരും ഹാജരായിരുന്നില്ല. കേസ് വലിച്ചുനീട്ടാതെ ഒത്തുതീര്‍പ്പ് നേരത്തെ ആകാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഒടുവില്‍ കെട്ടിടം ഒഴിഞ്ഞ് തെരുവിലിറങ്ങേണ്ട അവസ്ഥയെത്തിയപ്പോഴാണ് പണപ്പിരിവ്. സ്ഥലത്തിന്റെ യഥാര്‍ഥ ഉടമകളുമായി ചര്‍ച്ച നടത്തി ആ സ്ഥലം കൈവശമാക്കാനാണ് ഡിസിസിയുടെ തീരുമാനം. ഇതിന് 50 ലക്ഷം രൂപ അഡ്വാന്‍സ് കൊടുത്ത് എഗ്രിമെന്റുണ്ടാക്കുകയും ചെയ്തു.

അറ്റകൈ എന്ന നിലക്കാണ് ഈ തീരുമാനമെന്ന് ഡിസിസി ഓഫീസില്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സ്പെഷല്‍ കണ്‍വന്‍ഷനില്‍ ഡിസിസി പ്രസിഡന്റ് കെ സി അബു വ്യക്തമാക്കി. ഓരോ മണ്ഡലം കമ്മിറ്റിയില്‍നിന്ന് ഒരു ലക്ഷം രൂപ വീതം പിരിക്കും. 103 മണ്ഡലം കമ്മിറ്റികളാണുള്ളത്. ഒക്ടോബര്‍ പത്തിനകം തുക ഡിസിസി ഓഫീസില്‍ എത്തിക്കണമെന്നാണ് പ്രസിഡന്റിന്റെ അപേക്ഷ. പറഞ്ഞ തുക കൃത്യമായി എത്തിക്കുന്ന മണ്ഡലം പ്രസിഡന്റുമാര്‍ക്ക് ഡിസിസിയുടെ വക പ്രത്യേക പരിഗണനയുണ്ട്. ഓഫീസിന്റെ ഭിത്തിയില്‍ കറുത്ത ഗ്രാനൈറ്റില്‍ അവരുടെ പേര് കൊത്തിവെക്കുമെന്നും ഡിസിസി പ്രസിഡന്റ് കണ്‍വന്‍ഷനില്‍ പറഞ്ഞു. "ആജ്ഞ" പാലിക്കാത്തവരുടെ കാര്യത്തില്‍ കോര്‍ കമ്മിറ്റി ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കി. ജില്ലയിലെ പണച്ചാക്കുകളായ കോണ്‍ഗ്രസ് നേതാക്കളുടെയും വ്യാപാര പ്രമുഖരുടെയും മുഖസ്തുതി പറഞ്ഞും പണം അഭ്യര്‍ഥിച്ചു. "ആല്‍വൃക്ഷത്തിന്റെ തണലില്‍ മുളച്ച മറ്റൊരു ആല്‍വൃക്ഷ"മായ എഐസിസി അംഗത്തില്‍നിന്ന് അഞ്ച് ലക്ഷം രൂപ ലഭിച്ചുവെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ജില്ലയിലെ ഒരു മുന്‍ മന്ത്രി ഒരു ലക്ഷം രൂപ നല്‍കുമെന്നറിയിച്ചിട്ടുണ്ടെന്നും അബു വ്യക്തമാക്കി. മുന്‍മന്ത്രി പി ശങ്കരനെ വേദിയിലിരുത്തിയായിരുന്നു ഈ പ്രഖ്യാപനം.ഇത്തരത്തില്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത നിരവധിയാളുകളുടെ പേരുകളും കണ്‍വന്‍ഷനില്‍ പറഞ്ഞു.

സര്‍വീസില്‍നിന്ന് പിരിഞ്ഞവര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക "സംഭാവ" നല്‍കണം. ഡിസിസി അംഗങ്ങള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, നഗരസഭാംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ 10,000 രൂപ വീതവും ജില്ലയിലെ കെപിസിസി അംഗങ്ങള്‍ 20,000 രൂപയും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ 5,000 രൂപയും നല്‍കണം. നവംബര്‍ 14നകം സ്ഥലം രജിസ്റ്റര്‍ ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. എന്നാല്‍ എത്ര തുകക്കാണ് സ്ഥലം വാങ്ങുന്നതെന്നോ പ്രസിഡന്റ് എന്ന നിലയില്‍ താന്‍ എത്ര തുകയെടുക്കുമെന്നോ കെ സി അബു പറഞ്ഞില്ല.

deshabhimani 260912

1 comment:

  1. തലയില്‍ മുണ്ടിടേണ്ട അവസ്ഥ വന്നപ്പോള്‍ ഡിസിസി ഓഫീസ് കെട്ടിടം നില്‍ക്കുന്ന സ്ഥലം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് പണപ്പിരിവ് തുടങ്ങി.

    ReplyDelete